Image

സ്വര്‍ണക്കടത്ത് സംഘത്തെ സഹായിച്ച കണ്ണികള്‍ കസ്റ്റംസിലും, വിവരങ്ങള്‍ അപ്പപ്പോള്‍ ചോര്‍ന്നു

Published on 31 October, 2020
സ്വര്‍ണക്കടത്ത് സംഘത്തെ സഹായിച്ച കണ്ണികള്‍ കസ്റ്റംസിലും, വിവരങ്ങള്‍ അപ്പപ്പോള്‍ ചോര്‍ന്നു
കൊച്ചി: സ്വര്‍ണക്കടത്ത് സംഘത്തെ സഹായിച്ച കണ്ണികള്‍ കസ്റ്റംസിലുമുണ്ടെന്ന സൂചനനല്‍കി കേന്ദ്രസര്‍ക്കാരിന്റെ രഹസ്യറിപ്പോര്‍ട്ട്. കേന്ദ്ര ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയുടെ കോഫെപൊസ റിപ്പോര്‍ട്ടിലെ 41ാം പേജിലാണ് പരാമര്‍ശങ്ങള്‍. സ്വര്‍ണംകടത്താനുപയോഗിച്ച നയതന്ത്രബാഗേജ് തടഞ്ഞുവെച്ച നാള്‍മുതല്‍ സ്വപ്നയ്ക്കും സംഘത്തിനും ‘ലൈവ് അപ്‌ഡേറ്റുകള്‍’ ലഭിച്ചിരുന്നു. ഈ വിവരങ്ങള്‍ മുഖ്യപ്രതി റമീസിനും കൈമാറിയിരുന്നു. സ്വര്‍ണക്കടത്തുകേസ് പ്രതി സരിത്തിനെ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാള്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വപ്നാ സുരേഷിന്റെ മൊഴിയാണ് റിപ്പോര്‍ട്ടിന് അടിസ്ഥാനമാക്കിയിരിക്കുന്നത്.

ഇതിനുസമാനമായി മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ കസ്റ്റംസിന് വീഴ്ച സംഭവിച്ചിരുന്നു എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) സൂചന നല്‍കുന്നുണ്ട്. ബുധനാഴ്ച ശിവശങ്കറിനെ അറസ്റ്റുചെയ്യാനുള്ള കസ്റ്റംസ് ശ്രമം ഇ.ഡി. തടയുകയും ചെയ്തു. കേന്ദ്രത്തില്‍നിന്ന് ഇ.ഡി.ക്കാണ് അറസ്റ്റ് രേഖപ്പെടുത്താന്‍ അനുമതി നല്‍കിയതെന്നതും ശ്രദ്ധേയമാണ്.

ജൂണ്‍ 30നാണ് യു.എ.ഇ. കോണ്‍സുലേറ്റിന്റെ പേരിലുള്ള നയതന്ത്രബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. ജൂലായ് ഒന്നിന് കാര്‍ഗോ കോംപ്ലക്‌സിലേക്ക് ബാഗേജ് എത്തിച്ചു. ഇതിനിടയില്‍ത്തന്നെ ബാഗേജില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ സംശയമുന്നയിച്ചിരുന്നു. സംഭവിക്കുന്ന കാര്യങ്ങളെല്ലാം സ്വര്‍ണക്കടത്തുകേസ് പ്രതികളായ സരിത്തിനും സന്ദീപിനും യഥാസമയം ലഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എയര്‍കാര്‍ഗോ കോംപ്ലക്‌സിലുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരെ സരിത്തിന് നേരിട്ടറിയാമായിരുന്നു.

ജൂലായ് രണ്ടിന് കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥന്‍ സരിത്തിനെ ഫോണില്‍ വിളിച്ചിട്ടുണ്ട്. നയതന്ത്രബാഗേജ് പരിശോധനകൂടാതെ കടത്തിവിടുന്നതിലുള്ള പ്രതിബന്ധങ്ങള്‍ ഈ ഉദ്യോഗസ്ഥനും സരിത്തും ചര്‍ച്ചചെയ്തിരുന്നു. ഈ സമയത്ത് സ്വപ്നയുടെ വീട്ടിലായിരുന്നു സരിത്ത്. ഈ ഉദ്യോഗസ്ഥന്‍ വീണ്ടും വിളിച്ച് കസ്റ്റംസ് ചീഫ് കമ്മിഷണറുടെ ഇമെയില്‍ വിലാസവും ഫോണ്‍ നമ്പറും സരിത്തിന് കൈമാറി. കോണ്‍സുലേറ്റിന്റെ പി.ആര്‍.ഒ. പദവിയില്‍നിന്ന് സരിത്തിനെ നീക്കിക്കൊണ്ടുള്ള കത്ത് 2020 ഏപ്രിലില്‍ത്തന്നെ കോണ്‍സല്‍ ജനറല്‍ കസ്റ്റംസിന് ഉള്‍പ്പെടെ നല്‍കിയിരുന്നതാണ്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കസ്റ്റംസിനെതിരേ പരാമര്‍ശമുണ്ട്. 2019 ഏപ്രിലില്‍ നയതന്ത്രബാഗേജ് വിട്ടുകിട്ടാന്‍ എം. ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ ബന്ധപ്പെടുകയും ബാഗേജ് പരിശോധനകൂടാതെ കടന്നുപോവുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക