Image

അലാവുദ്ദീന്റെ അത്ഭുത വിളക്ക് തരാമെന്നു പറഞ്ഞ് ഡോക്ടറെ പറ്റിച്ച രണ്ടു പേര്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍; തട്ടിയത് 2.5 കോടി രൂപ

Published on 30 October, 2020
അലാവുദ്ദീന്റെ അത്ഭുത വിളക്ക് തരാമെന്നു പറഞ്ഞ് ഡോക്ടറെ പറ്റിച്ച രണ്ടു പേര്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍; തട്ടിയത് 2.5 കോടി രൂപ
ലഖ്നൗ: ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ ഡോക്ടറെ തട്ടിപ്പില്‍ വീഴ്ത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു.  ഡോക്ടര്‍ക്ക് ഇവര്‍ വിറ്റത് അലാവുദ്ദീന്റെ അത്ഭുതവിളക്ക്, അതും 2.5 കോടി രൂപയ്ക്ക്. 

 ഉത്തര്‍പ്രദേശിലെ ഖൈര്‍നഗര്‍ പ്രദേശത്താണ് ഈ വന്‍ തട്ടിപ്പ് നടന്നത്. താന്‍ ചതിക്കപ്പെട്ടതാണെന്ന് മനസിലായതിനെ തുടര്‍ന്ന് തട്ടിപ്പുക്കാര്‍ക്കെതിരെ ഡോക്ടര്‍ ലയീക് ഖാന്‍ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

2018ല്‍ തന്റെ രോഗിയായി എത്തിയ ഒരു സ്ത്രീയുമായി ഡോക്ടര്‍ സൗഹൃദത്തിലായി. സര്‍ജറിക്കു ശേഷം ഡോക്ടര്‍ രോഗിയുടെയും രോഗി ഡോക്ടറുടെയും വീടുകളില്‍ സ്ഥിരം സന്ദര്‍ശകരായി. 

ഒരു ദിവസം സ്ത്രീയുടെ വീട്ടില്‍ വച്ച്‌ ഇസ്ലാമുദ്ദീന്‍ എന്ന് പേരായ ആളെ ഡോക്ടര്‍ പരിചയപ്പെട്ടു. തനിക്ക് മാന്ത്രിക ശക്തിയുണ്ടെന്നും ഡോ ഖാനെ ഒരു കോടീശ്വരനാക്കുമെന്നും ഇയാള്‍ അവകാശപ്പെട്ടു.

ഇസ്ലാമുദ്ദീനും സുഹൃത്തും ഡോക്ടര്‍ക്ക് അലാവുദ്ദീന്റെ അത്ഭുതവിളക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു. മാത്രമല്ല വിളക്കില്‍ നിന്നു വരുന്ന ജിന്നിനെ കാണിച്ചു കൊടുക്കുകയും ചെയ്തു.

 തനിക്ക് ഒരു ദിവസം വീട്ടിലേക്ക് കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് അയാള്‍ക്ക് നിര്‍ഭാഗ്യം കൊണ്ടു വരുമെന്നും ചതിയന്‍മാര്‍ ഡോക്ടറിനോട് പറഞ്ഞു. എന്നാല്‍, അത്ഭുതവിളക്ക് വാങ്ങിയാല്‍ ഡോക്ടര്‍ക്ക് അളവറ്റ് സമ്ബത്ത് കൈവരുമെന്ന് ഇവര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് ഡോക്ടര്‍ അത് വാങ്ങുകയായിരുന്നു.

അത്ഭുതവിളക്കിന്റെ മുകളില്‍ മൂന്നുവട്ടം ഉഴിഞ്ഞാല്‍ അതിനുള്ളില്‍ നിന്നും ഒരു ജിന്ന് പുറത്തുവരുമെന്നും ആ ജിന്നിനോട് എന്ത് ആഗ്രഹം പ്രകടിപ്പിച്ചാലും അത് അപ്പോള്‍ തന്നെ സാധിച്ചു തരുമെന്നും അവര്‍ ഡോക്ടറിനോട് പറഞ്ഞിരുന്നു. 

എന്നാല്‍, കാലം കുറേ കഴിഞ്ഞപ്പോഴാണ് താന്‍ ചതിക്കപ്പെട്ട കാര്യം ഡോക്ടര്‍ തിരിച്ചറിഞ്ഞത്. അപ്പോഴേക്കും തവണകളായി 2.5 കോടി രൂപ അദ്ദേഹം തട്ടിപ്പുക്കാര്‍ക്ക് കൈമാറിയിരുന്നു.

കഴിഞ്ഞദിവസമാണ് മീററ്റ് പൊലീസ് സൂപ്രണ്ടിന് ഡോക്ടര്‍ പരാതി നല്‍കിയത്. രണ്ടു പേര്‍ തന്നെ 2.5 കോടി രൂപ വഞ്ചിച്ചുവെന്ന് കാണിച്ചാണ് പരാതി നല്‍കിയത്. 

ഇസ്ലാമുദീനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തതായി ബ്രഹംപുരി സര്‍ക്കിള്‍ ഓഫീസര്‍ അമിത് റായ് പറഞ്ഞു. ഇവര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. സ്ത്രീക്കായുള്ള തിരച്ചില്‍ നടന്നു കൊണ്ടിരിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക