Image

കുവൈറ്റില്‍ തടവ് പുള്ളികളുടെ ശിക്ഷാകാലാവധി ഇനി വീട്ടിലും പൂര്‍ത്തിയാക്കാം

Published on 29 October, 2020
 കുവൈറ്റില്‍ തടവ് പുള്ളികളുടെ ശിക്ഷാകാലാവധി ഇനി വീട്ടിലും പൂര്‍ത്തിയാക്കാം


കുവൈറ്റ് സിറ്റി : വിവിധ കുറ്റകൃത്യങ്ങളിലായി കുവൈറ്റ് ജയിലില്‍ കഴിയുന്ന സ്വദേശികളായ തടവുകാര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ശിക്ഷയില്‍ ഇളവ് നല്‍കുവാന്‍ നീക്കം. കഴിഞ്ഞ ദിവസം ചേര്‍ന്ന സുപ്രീം കമ്മിറ്റിയുടേതാണ് തീരുമാനം.

ഇതനുസരിച്ച് മൂന്നു വര്‍ഷം വരെ തടവ് അനുഭവിക്കുന്ന കുവൈത്തി തടവുകാര്‍ക്ക് ഇലക്ട്രോണിക് ട്രാക്കിംഗ് ബ്രേസ് ലെറ്റുകള്‍ ധരിച്ച് ബാക്കിയുള്ള തടവുകാലം വീടുകളില്‍ കഴിയാമെന്നതാണ് സുപ്രധാന തീരുമാനം. ഇതിന്റെ ആനുകൂല്യം സ്വദേശികള്‍ക്കും ബിഡൂനുകള്‍ക്കും മാത്രമേ ലഭിക്കുകയുള്ളൂവെന്ന് സുപ്രീം കമ്മിറ്റി തലവന്‍ മുഹമ്മദ് അല്‍ ദുവാജ് പറഞ്ഞു.

പുതിയ ആനുകൂല്യം ലഭിക്കണമെങ്കില്‍ തടവുകാരന് സ്ഥിരമായ താമസസ്ഥലം ഉണ്ടായിരിക്കണം. അതോടപ്പം തടവ് ശിക്ഷയുടെ കാലാവധി പൂര്‍ത്തിയാകുന്നതുവരെ കുറ്റവാളി തന്റെ വീട്ടില്‍ തന്നെ കഴിയേണ്ടിവരും. അധികൃതരുടെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ പുറത്തേക്ക് പോകുവാന്‍ സാധിക്കുകയുള്ളൂവെന്നും നിയമങ്ങള്‍ ലംഘിക്കുന്നവരെ ജയിലിലേക്ക് തിരിച്ചയക്കുമെന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ തടവുകാരുടെ എണ്ണവും ചെലവും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് കരുതുന്നു. ട്രാഫിക് ലംഘനത്തെ തുടര്‍ന്നും മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന തടവുകാര്‍ക്കും സര്‍ക്കാരിന്റെ പുതിയ തീരുമാനം ഗുണകരമാകും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക