Image

പാപ്പര്‍ ഹര്‍ജി പിന്‍വലിക്കണമെന്ന് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍; കേസ് നവംബര്‍ 9-ന് പരിഗണിക്കും

Published on 29 October, 2020
പാപ്പര്‍ ഹര്‍ജി പിന്‍വലിക്കണമെന്ന് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍; കേസ് നവംബര്‍ 9-ന് പരിഗണിക്കും
തിരുവല്ല: പാപ്പര്‍ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പോപ്പുലര്‍ ഫിനാന്‍സ് പത്തനംതിട്ട സബ് കോടതിയില്‍ അപേക്ഷ നല്‍കി. നിക്ഷേപകരുടെ പണം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ടു ഹൈക്കോടതി നിര്‍ദേശ പ്രകാരം പദ്ധതി തയാറാക്കിയതിനാലാണിതെന്നും കോടതിയെ ബോധിപ്പിച്ചു. എന്നാല്‍, പണം തിരികെ നല്‍കുന്നതിനുള്ള പദ്ധതി എന്തെന്നു വ്യക്തമാക്കാതെ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കരുതെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ നിലപാട് എടുത്തതോടെ കേസ് നവംബര്‍ ഒന്‍പതിലേക്ക് മാറ്റി. അന്വേഷണത്തിന്റെ ഭാഗമായി പാപ്പര്‍ ഹര്‍ജിയുടെ അനുബന്ധമായ 50,000 പേജുള്ള രേഖകളുടെ പകര്‍പ്പ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്കു നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

അതേസമയം, പാപ്പര്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന വാദവുമായി കൊച്ചിയില്‍ നിന്നുള്ള അഭിഭാഷകര്‍ കോടതിയില്‍ എത്തി. നിക്ഷേപകര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷക സംഘം പാപ്പര്‍ ഹര്‍ജി തള്ളണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ഇതിനെയും പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ത്തു. ഹര്‍ജി നിലനിര്‍ത്തണമെന്നും രേഖകളുടെ പകര്‍പ്പുകള്‍ മുഴുവന്‍ ഹര്‍ജിക്കാര്‍ക്കും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

പോപ്പുലറിനു 2000 കോടിയുടെ ബാധ്യതയുണ്ടെന്നും ഇതുവരെ 120 കോടിയുടെ ആസ്തി മാത്രമേ പൊലീസ് കണ്ടെത്തിയിട്ടുള്ളെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ഇത്രയും ആസ്തിവച്ച് എങ്ങനെ ബാധ്യത തീര്‍ക്കുമെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസ് നവംബറില്‍ പരിഗണിക്കുമ്പോള്‍ മുഴുവന്‍ എതിര്‍ കക്ഷികള്‍ക്കും നോട്ടിസ് അയയ്ക്കുകയോ പത്രപ്പരസ്യം നല്‍കുകയോ ചെയ്യും. പാപ്പര്‍ ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതിന്റെ കാരണം ഇനിയും വ്യക്തമല്ല.

ഹൈക്കോടതിയില്‍ ഉറപ്പു നല്‍കിയ ഒത്തുതീര്‍പ്പിനെക്കുറിച്ചും പോപ്പുലര്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം, പ്രതികള്‍ക്കെതിരെ പുതിയ കേസെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. കേസെടുത്ത ശേഷം 5 പേരെയും കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനം. പോപ്പുലറുമായി ബന്ധപ്പെട്ട ഓഡിറ്റര്‍മാര്‍, മാനേജര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ മൊഴികള്‍ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഈ മൊഴികളുടെ നിജസ്ഥിതി ഉറപ്പു വരുത്താന്‍ 5 പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക