Image

ശരൽക്കാല ദിനങ്ങൾ (സുധീർ പണിക്കവീട്ടിൽ)

Published on 27 October, 2020
ശരൽക്കാല ദിനങ്ങൾ (സുധീർ പണിക്കവീട്ടിൽ)
പ്രകൃതിയെ ദേവതയായി കരുതുന്നു കവികൾ. ദേവതമാരെ വർണ്ണിക്കുമ്പോൾ കാലുമുതൽ മേലോട്ടാണത്രെ വർണ്ണിക്കുക. അവരുടെ മുഖത്ത് നോക്കാൻ ആർക്കും ധൈര്യമുണ്ടാകാറില്ല. അടിമുടി വർണ്ണന എന്ന പ്രയോഗം ഒരു പക്ഷെ അങ്ങനെ വന്നതായിരിക്കും. അതായത് പാദം മുതൽ മുടി വരെ. എന്നാൽ മനുഷ്യസ്ത്രീകളെ മുഖം മുതൽ കാലു വരെ വർണ്ണിക്കുന്നു. വാസ്‌തവത്തിൽ നന്മ നിറഞ്ഞ വാക്കുകൾ എല്ലാം സ്ത്രീനാമങ്ങളാണെന്നുള്ളതാണ് സത്യം. കരുണ, ശാന്തി, സത്യ, ആനന്ദി, സൗമ്യ, സൗഭാഗ്യ, ജ്യോതി, അങ്ങനെ അനേകം വാക്കുകൾ. നമുക്ക് പ്രകൃതിയിലേക്ക് നോക്കാം. പാദം മുതൽ മേലോട്ട് അതായത് ആകാശത്തിന്റെ ഭംഗി കാണുന്നതിന് മുമ്പ് ഭൂമിയെ കാണുക. എഴുത്തുകാരെ  ഹരം കൊള്ളിച്ച ഋതുവാണ്‌ ശരത്.ശരത്കാലം രണ്ടാം വസന്തകാലമാണ്; അപ്പോൾ ഓരോ ഇലകളും പുഷ്പങ്ങൾ പോലെയാകുന്നു. (Albert Camus). ശരത്കാലം വർഷത്തിന്റെ അവസാനത്തെ മനോഹരമായ മന്ദഹാസം. (William Cullen Bryant)

മഹാകവി കാളിദാസന്റെ ഋതുസംഹാരം എന്ന കാവ്യത്തിൽ ആറു ഋതുക്കളെക്കുറിച്ച് വർണ്ണിച്ചിട്ടുണ്ട്. അതിൽ ശരത്കാലത്തെ കുറിച്ച് എഴുതിയ ആദ്യശ്ലോകത്തിന്റെ സംക്ഷിപ്ത സാരത്തോടെ ആരംഭിക്കാം. വിരിഞ്ഞ വെള്ളത്താമരപോലെയുള്ള മുഖാകൃതിയോടെ, വെള്ളികാശപുഷ്പങ്ങളിൽ പൊതിഞ്ഞ്,  മദിക്കുന്ന അരയന്നങ്ങളുടെ ഇമ്പമാർന്ന ശബ്ദത്തിനൊപ്പം നൂപുരമണികൾ കിലുക്കി , വിളഞ്ഞ നെൽക്കതിരുകൾ ഇളംകാറ്റിൽ കുനിയുന്ന പോലെ, വഴക്കമുള്ള ആകർഷകമായ മേനിയോടെ, ശുഭ്രവേഷധാരിയായ നവോഢയെപോലെ ശരത്കാലം എന്ന സുന്ദരി വരുന്നു. (സ്വതന്ത്ര പരിഭാഷ -ലേഖകൻ)

ഭാരതത്തിലെ കാലാവസ്ഥ അനുസരിച്ച് അവിടെ ആറു ഋതുക്കൾ ഉണ്ട്. അമേരിക്കയിൽ പ്രത്യേകമായി കണക്കാക്കാത്ത വർഷവും ഹേമന്തവും അവിടെയുണ്ട്. വാസ്തവത്തിൽ ഇവിടെ ഹേമന്തമുണ്ടെങ്കിലും അത് ശരത്തുമായി  (Autumun/fall)ചേർന്ന്  വരുന്നു. ഇന്ത്യയിൽ ശരത്കാലം വരുന്നത് ആശ്വനീ-കാർത്തിക (കന്നി -തുലാം) മാസങ്ങളിൽ ആണ്. പ്രശാന്ത സുന്ദരമാണ് ഈ കാലം.  സൂര്യന്റെ ചൂട് കുറഞ്ഞുവരുന്നതിനൊപ്പം ആകാശവും നദികളുമെല്ലാം സ്ഫടികം പോലെ നിർമ്മലമാകുന്നു.  ഈ മാസത്തിലാണ് നവരാത്രിയും വിജയദശമിയുമൊക്കെ വരുന്നത്.  

പ്രകൃതിയിലെ ഓരോ ഋതുക്കളും മനുഷ്യമനസ്സുകൾക്ക് ആനന്ദം പകരുന്നവയാണ്.  ജീവിതായോധനത്തിനിടയിൽ മനുഷ്യർ അത്  ശ്രദ്ധിക്കുന്നില്ല, കാണുന്നില്ല.  ശരത് -ഹേമന്ത്  കാലത്ത്   ന്യുയോർക്ക് അതീവ സുന്ദരിയാണ്.  വൃക്ഷങ്ങളിലെ ഇലകൾ കുറേശ്ശേയായി  പച്ച നിറം ഉപേക്ഷിച്ച് വർണ്ണസങ്കര ഭംഗിയിൽ മുഴുകി നിൽക്കുന്നു. ദിവസങ്ങളുടെ ദൈർഘ്യം കുറയുകയും രാത്രി ഏറുകയും ചെയ്യുന്നു. സൂര്യപ്രകാശം കുറയുന്നതുകൊണ്ട് ഇലകളുടെ ക്ളോറോഫിൽ ഉൽപ്പാദനം കുറയുന്നു. ഇലകൾ നിറം മാറി പൊഴിഞ്ഞ്  ശിശിരകാലത്തിനായി ഒരുങ്ങുന്നു.  മഞ്ഞ വെയിൽ പുതച്ച് പ്രണയ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് ചുറ്റിയടിക്കുന്ന കാറ്റിൽ പൊഴിഞ്ഞുവീഴുന്ന ഇലകൾ  മരച്ചുവട്ടിൽ പൂക്കളം വരച്ച് വയ്ക്കുന്നു.  വാസ്തവത്തിൽ ഇലകൾ പൊഴിയുകയല്ല അവ പറന്നു പറന്നു മെല്ലെ ഭൂമിയെ ചുംബിച്ച് അവളോട് പറ്റികിടക്കയാണ്. ശരത്കാലം പ്രകൃതിയുടെ രംഗസംവിധാനസമയമാണ്.   ഒരു കാർണിവൽ നമുക്ക് ചുറ്റും അതു  അരങ്ങേറുന്നു.  അതേസമയം നേരിയ വിഷാദത്തിന്റെ ഒരു നിഴൽ വിരിയിച്ചുകൊണ്ട് നേരത്തെ സൂര്യൻ അപ്രത്യക്ഷമാകുന്നു. ഒരു പക്ഷെ പെൺകുട്ടികളുടെ വളകിലുക്കം പോലെ കിലുങ്ങിയും ചിലച്ചും, ചിലപ്പോൾ കൂകിയും കൊക്കുരുമ്മിയും പാറി നടന്ന പക്ഷിക്കൂട്ടങ്ങൾ കൂട്ടത്തോടെ ദേശാന്തരാഗമനത്തിനൊരുങ്ങി വിരഹഗാനം പാടി മറയുന്ന കാഴ്ച്ച നമ്മെ ദുഖാർത്ഥരാക്കുന്നതുകൊണ്ടായിരിക്കാം പ്രകൃതിയും മൗനയാകുന്നത്.   ചിലപ്പോൾ വീണുകിടക്കുന്ന ഇലകൾ കാറ്റിൽ പറന്നുപൊന്തി ഒരു കാലിഡോസ്കോപ്പിന്റെ പ്രതീതിയുളവാക്കുന്നു.  

ശരത്കാലം ആനന്ദദായകമായ നിമിഷങ്ങളെ സമ്മാനിക്കുന്നു. സിന്ദൂരമണിഞ്ഞ നവവധുവിനെപോലെ നേരത്തെ സന്ധ്യ വരുന്നു; രാത്രിയുടെ വാതായനങ്ങൾ തുറന്നു വയ്ക്കുന്നു.  അത്യുന്നതങ്ങളിൽ നക്ഷത്രദീപങ്ങൾ തെളിയുന്നു. മോഹങ്ങൾ ഉല്ലാസപൂത്തിരികൾ കത്തിച്ച് അനഘ മന്ത്രോച്ചാരണം നടത്തി ആഘോഷങ്ങൾക്ക് ആനന്ദം പകരുന്നു. ചേതോഹരങ്ങളായ വാതിലപ്പുറകാഴ്ചകൾ സമ്മാനിച്ച് ശരത്കാല സുന്ദരി ഒരുങ്ങിനിൽക്കുന്നു, കുണുങ്ങി നിൽക്കുന്നു.  അവളെ ഒന്ന് തൊടാൻ കൈത്തരിക്കുമ്പോൾ എഴുത്തുകാർ അവരുടെ പേന  എടുക്കുന്നു. ആംഗല  കവി കീറ്റ്സ് നാല് ഋതുക്കളെ മനുഷ്യജീവിതത്തിലെ ഓരോ ഘട്ടമായി താരതമ്യം ചെയ്തിട്ടുണ്ട്.  ഹാലോവീൻ ദിനങ്ങളിൽ അമേരിക്കയിലെ മലയാളി എഴുത്തുകാർക്ക് പ്രേതസുന്ദരിമാരെയും സുന്ദരന്മാരെയും തേടിപ്പോകുന്ന സാഹസത്തിൽ ഏർപ്പെടാവുന്നതാണ്. മാർക്ക് ട്വൈനിന്റെ "ഒരു പ്രേതകഥ" നർമരസത്തോടെ എഴുതിയ  കഥയാണ്. ചില പ്രേതങ്ങളെ മറ്റുള്ളവയിൽ നിന്നും പ്രീതിപ്പെടുത്താൻ എളുപ്പമാണെന്ന് അദ്ദേഹം എഴുതുന്നു. വൈക്കം മുഹമ്മദ് ബഷീർ വാടകവീട്ടിൽ ഹൃസ്വകാലതാമസത്തിനുള്ളിൽ അവിടെയുണ്ടായിരുന്ന ഒരു പ്രേതസുന്ദരിയെ പ്രണയിച്ച കഥയെഴുതിയിരുന്നു.  

അമേരിക്കയിൽ ഹാലോവീൻ എന്ന ആഘോഷം ശരത്-ഹേമന്ത് ഋതുവിലാണ്. ഐറിഷ് കുടിയേറ്റക്കാർ കൊണ്ടുവന്ന ആചാരപ്രകാരം ഇക്കാലത്ത്  ധാരാളമായി വിളഞ്ഞുകിടക്കുന്ന മത്തങ്ങക്ക് പിശാച്ചിന്റെ മുഖം വരഞ്ഞുണ്ടാക്കി വീടിന്റെ പരിസരത്ത് കെട്ടിത്തൂക്കുന്നുണ്ട്.  പരേതാത്മാക്കൾ പുറത്തിറങ്ങുന്ന ദിവസമായി ഇതിനെ കരുതുന്നു.  പലർക്കും പ്രേതങ്ങളുടെ ഏറു കൊള്ളുകയോ അല്ലെങ്കിൽ അവരുടെ പുറകെ ആരോ നടക്കുന്ന ശബ്ദവും തിരിഞ്ഞുനോക്കുമ്പോൾ ആരേയും കാണാതിരിക്കുകയും ചെയ്യുന്ന അനുഭവങ്ങൾ ഉണ്ടായതായി നമ്മൾ കേൾക്കാറുണ്ട്. അതും ചില പ്രത്യേക പ്രദേശങ്ങളിൽ.  പകൽ സമയങ്ങളിലില്ല. സന്ധ്യമയങ്ങുമ്പോഴാണ് പ്രേതങ്ങൾ  കളിയാടാൻ വരുന്നത്.    അങ്ങനെയൊരു സ്ഥലം ഈ ലേഖകന്റെ അടുത്താണെന്നു കേട്ടതിനാലും ഇതറിയാൻ നാട്ടിലെ പോലെ പാതിരാവരെ കാത്തിരിക്കേണ്ട ആവശ്യമില്ലാത്തതിനാലും ഒരു പരീക്ഷണമെന്നോണം അവിടെ പോയി അതേക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിച്ചു. വാസ്തവത്തിൽ ആ നിരത്തിലൂടെ നടക്കുമ്പോൾ ചിലപ്പോൾ ഏറു കൊള്ളും അത് പക്ഷെ അരികിൽ വളർന്നു നിൽക്കുന്ന മരങ്ങളിൽ നിന്ന് കാറ്റിന്റെ നേരിയ ചലനം ഉണ്ടാകുമ്പോൾ ഉണങ്ങിയ  കായ്കൾ വന്നു പതിക്കുന്നതാണ്. മരം കായ്കൾ എറിഞ്ഞു ഒന്നുമറിയാത്തപോലെ നിൽക്കുന്നതുകൊണ്ടും ഇരുണ്ട സായാഹ്നങ്ങളിലും ഹാലോവീനോട് അടുത്ത ദിവസങ്ങളിലും ഉൾഭയം കൂടുന്നതുകൊണ്ട് അത് പ്രേതത്തിന്റെ വികൃതിയായി ജനം കരുതുന്നു. പുറകിൽ കേൾക്കുന്ന കാൽപ്പെരുമാറ്റം ഉണങ്ങിയ ഇലകൾ കോൺക്രീറ്റ് പ്രതലത്തിൽ കാറ്റിന്റെ ഗതിയനുസരിച്ച് ഉരയുന്നതാണ്.  കാട്ടിൽ അകപ്പെട്ട ഒരാൾക്ക് ഭയം മൂലം അനങ്ങുന്നതെല്ലാം പുലിയെന്നു തോന്നുമത്രെ.  ഓരോ ഋതുക്കളുംമനോജ്ഞമായ അനുഭൂതികൾ മനുഷ്യർക്ക് പകർന്നുകൊടുക്കുന്നു. പ്രകൃതിയെ സ്നേഹിക്കുക അവൾ ചതിക്കുകയില്ലെന്നു വേഡ്സ്വർത്ത് പറഞ്ഞത് ഓർക്കുക.

പ്രകൃതി കുളിരണിഞ്ഞുനിൽക്കുന്നു.  ഒരു പക്ഷെ വരാൻ പോകുന്ന ശിശിരകാലത്ത് നഗ്നരായി നിൽക്കേണ്ടിവരുന്ന വൃക്ഷങ്ങളുടെ  ഹൃദയമിടിപ്പുകൾ   കാതോർക്കുമ്പോൾ  ലജ്ജനമ്രമുഖികൾ ആകുന്നതായിരിക്കാം.  ഓരോ കാഴ്ച്ചകളും നയനാഭിരാമങ്ങൾ. ഇയ്യിടെ അന്തരിച്ച മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി ഒരിക്കൽ മഹാകവി പി കുഞ്ഞിരാമൻ നായരോട് ചോദിച്ചു "കവിതയെഴുതുന്നത് സന്തോഷപ്രദമായ കാര്യമാണോയെന്നു. പി യുടെ മറുപടി "ഞാൻ പലപ്പോഴും പനിനീർപൂമൊട്ടിനോട് ചോദിച്ചിട്ടുണ്ട് ,വസന്തത്തിൽ  പാടുന്ന പൂങ്കുയിലിനോട് ചോദിച്ചിട്ടുണ്ട്, പൗർണ്ണമി നിലാവിൽ വെട്ടിത്തിളങ്ങുന്ന തിരമാലകളോട് ചോദിച്ചിട്ടുണ്ട് ഇങ്ങനെ വിടരുന്നത്, സംഗീതത്തിന്റെ ലഹരിയിൽ മുഴുകുന്നത്, സ്നേഹത്തിന്റെ അലമാലകളിൽ തുള്ളിക്കളിക്കുന്നത് സന്തോഷകരമായ കാര്യമാണോ? അവരുടെ മറുപടി ഞാൻ പറയാം. " സന്തോഷകരമാണ്, ഇത് മാത്രമാണ് സന്തോഷം, ഈ സന്തോഷം നേടാനുള്ള വേദനപോലും  ഒരു സന്തോഷമാണ്".

ഭാരതീയരെ സംബന്ധിച്ച് ശരത്കാലം വരുന്നത് ദക്ഷിണായന കാലത്താണ്.  സൂര്യനെക്കാൾ ചന്ദ്രന് ശക്തിയും പ്രകാശവും അപ്പോൾ ഏറുന്നു. ചന്ദ്രികാ ചർച്ചിതമായ രാത്രികൾ മനോഹരമാണീക്കാലത്ത്.  "ശരത്കാല യാമിനി സുമംഗലിയായി, ശരറാന്തൽ വിളിക്കിലെ തിരി താഴ്ത്തി" എന്ന് വയലാർ എഴുതുന്നു. പെരുമ്പറ മുഴക്കി കോരിച്ചൊരിയുന്ന മഴയോടെ  ആരംഭിക്കുന്ന ഈ ദക്ഷിണായന കാലം ഫലസമൃദ്ധിയുടെയാണ്. എല്ലാ ജീവജാലങ്ങൾക്കും നവചൈതന്യം വരുന്നു. ഭൂമിയുടെ അച്ചുതണ്ട് ചെരിഞ്ഞിരിക്കുന്നത്കൊണ്ടാണ് ഋതുക്കൾ മാറി വരുന്നത്. തൈത്തരീയ ബ്രാഹ്മണത്തിൽ ഋതുക്കളെ ഒരു പക്ഷിയോട് ഉപമിച്ചിട്ടുണ്ട്. വസന്തം അതിന്റെ തലയും, ഗ്രീഷ്മവും ശരത്തും  അതിന്റെ ഇടത്തും വലത്തുമുള്ള ചിറകുകളും, ഹേമന്തം അതിന്റെ മധ്യഭാഗവും.

ഭാരതീയ കവികളെയും  എഴുത്തുകാരെയും ഋതുക്കൾ പ്രചോദിപ്പിച്ചിട്ടുണ്ട്. തന്മൂലം മനോഹരമായ കാവ്യങ്ങൾ അവരിൽ നിന്നും പിറന്നു വീണു.   ഭാരതത്തിൽ ഓരോ ഋതുവിനും ഓരോ രാഗങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ശരത് ഋതുവിനായി കരുതുന്നത് രാഗ മൽകോൺസ് ആണ്. കോപിഷ്ടനായ ശിവൻ താണ്ഡവം ആടിക്കൊണ്ടിരുന്നപ്പോൾ അദ്ദേഹത്തെ തണുപ്പിക്കാൻ സരസ്വതി ദേവി സൃഷ്ടിച്ച രാഗമാണത്രെ ഇത്. രാഗാസ്വാദനത്തിൽ മുഴുകി പ്രകൃതി പ്രസന്നയും പ്രസാദമതിയുമാകുമ്പോൾ ശാന്തിയും സമാധാനവും മനുഷ്യർക്ക് അനുഭവപ്പെടുന്നു.  ശാരദ (സരസ്വതി) ദേവിയിൽ നിന്നാണ് ഈ ഋതുവിന്‌ ശരത് എന്ന പേര് വന്നത്. ശാരദേന്ദു സുന്ദരവദന, ശരത്ചന്ദ്ര വദന എന്നൊക്കെ സരസ്വതി ദേവിയെ വിശേഷിപ്പിക്കുന്നുണ്ട്. പ്രണയാദ്രകാവ്യങ്ങളിൽ കമിതാക്കൾ അനുഭൂതിപൂണ്ടിരിക്കുന്ന ശാരദ പൗർണ്ണമിയെ മനോഹരമായി വർണ്ണിക്കുന്നു. അങ്ങനെയൊരു ശാരദരജനിയിൽ,  പൗർണ്ണമിപാൽ ഒഴുകുന്ന യമുനതീരത്തെ മാന്തോപ്പുകളിൽ വച്ചാണ്  കാർമേഘവർണ്ണൻ ഗോപികമാരോടൊത്ത് രാസലീലയാടിയത്. അവിടെവച്ചാണ് വേണുഗോപാലിന്റെ ഓടക്കുഴൽ  നാദം ഗോപികളെ പരവശരാക്കിയത്.  

പുരാതനകാലത്ത് നവദമ്പതിമാരെ അനുഗ്രഹിച്ചിരുന്നത് നൂറു ശരത്കാലം നിങ്ങൾ സന്തോഷത്തോടെ ജീവിക്കുക എ ന്നായിരുന്നു. ശരത്കാലം മനോഹരവും അനുഗ്രഹിക്കപ്പെട്ടതുമാണെന്ന് അതിൽ നിന്നും മനസ്സിലാക്കാം.  എല്ലാ വായനക്കാരും നൂറു ശരത്കാലം സന്തോഷത്തോടെ ജീവിക്കുക എന്നാശംസിക്കുന്നു.

ശുഭം

Join WhatsApp News
രാജു തോമസ് 2020-10-27 20:33:30
ഹാവൂ , സുഖപ്രദമായ എഴുത്ത്! സുധീറിനെപ്പോലെ പ്രകൃതിയെ ആരാധിക്കുകയും ആവിഷ്കരിക്കയും ചെയ്യുന്ന ആരെയും ഞാനിവിടെ കണ്ടിട്ടില്ല --ഇനി കാണുമായിരിക്കും (അതല്ലേ ഇവിടുത്തെ ഒരു രീതി!). അദ്ദേഹം എഴുതുന്നതിൽ മൗലികതയുണ്ട് , വിശ്വസാഹിത്യപരാമര്ശങ്ങളുണ്ട് , ചാരുതയുണ്ട്.
Sudhir Panikkaveetil 2020-10-29 15:39:45
എന്റെ ലേഖനത്തിനു അഭിപ്രായങ്ങൾ എഴുതിയ എല്ലാവര്ക്കും ഹൃദയംഗമമായ നന്ദി. പ്രകൃതിയേക്കുറിച്ച് ആർക്കും എഴുതാം. അത് plagiarism ആകുന്നില്ല. ശരത്കാലത്ത് ഇലയുടെ പച്ചനിറം മഞ്ഞയാകുന്നതും ഇലകൾ പൊഴിയുന്നതും പ്രകൃതിയുടെ പ്രതിഭാസം. അത് ഒരാൾ മുമ്പ് എഴുതിയെങ്കിൽ പിന്നെ ആർക്കും എഴുതിക്കൂട അത് പകർപ്പാണെന്നു പറയുന്നത് ദയനീയം. ആശയങ്ങളും ആവിഷ്കാര രീതിയും പകർത്തുമ്പോളാണ് അതിനെ മോഷണം എന്ന് പറയുന്നത്. അനുമോദനം അറിയിച്ച എല്ലാ വായനക്കാർക്കും വീണ്ടും നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക