Image

മഹാമാരിയോടുള്ള വൈറ്റ് ഹൗസിന്റെ പ്രതികരണത്തെ ന്യൂയോർക്ക് ഗവർണർ ചോദ്യം ചെയ്തു

Published on 26 October, 2020
മഹാമാരിയോടുള്ള വൈറ്റ് ഹൗസിന്റെ  പ്രതികരണത്തെ ന്യൂയോർക്ക് ഗവർണർ ചോദ്യം ചെയ്തു
ന്യൂയോർക്ക്: പകർച്ചവ്യാധി നിയന്ത്രണ വിധേയമാകാൻ  പോകുന്നില്ലെന്ന ചീഫ് ഓഫ് സ്റ്റാഫ് മാർക്ക് മെഡോസിന്റെ പ്രസ്താവന  ന്യൂയോർക് ഗവർണർ ആൻഡ്രൂ കോമോ ചോദ്യം ചെയ്തു .  കോവിഡ് പ്രതിസന്ധിയെ തരണം ചെയ്യുമെന്ന് തറപ്പിച്ച് പറഞ്ഞ  ഗവർണർ , വൈറ്റ് ഹൗസിന്റെ നിഷ്ക്രിയത്വത്തെ വിമർശിച്ചു.

" വൈറസിനെ നിയന്ത്രണ വിധേയമാക്കാമെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ന്യൂയോർക്"  കോമോ ട്വീറ്റ് ചെയ്തു. 

"അമേരിക്കക്കാർ കീഴടങ്ങുന്നവരല്ല. പോരാടിയാൽ വിജയം നേടിയെടുക്കുന്നവരാണ്.  ന്യൂയോർക്കിലും മറ്റു സംസ്ഥാനങ്ങളിലും വൈറസിനോട് പൊരുതി തന്നെയാണ് നമ്മൾ  വിജയിച്ചത്." ഞായറാഴ്ച ഗവർണർ പ്രസ്താവിച്ചു.

"മഹാമാരിയെ നമുക്ക് നിയന്ത്രിക്കാൻ കഴിയില്ല. വാക്സിൻ ലഭിക്കും, ചികിത്സകൾ ലഭിക്കും, ലഘൂകരിക്കാനുള്ള മാർഗങ്ങളും ഉണ്ടാകും"  സി എൻ എന്നിനോട് മെഡോസ് പറഞ്ഞു. 
എന്തുകൊണ്ടാണ് മഹാമാരിയെ നിയന്ത്രിക്കാൻ രാജ്യത്തിന്  സാധിക്കാത്തത് എന്ന ചോദ്യത്തിന് "എന്തുകൊണ്ടെന്നാൽ ഫ്ലൂ പോലെ ഒരു പകർച്ചവ്യാധിയാണ് ഇത് " എന്നായിരുന്നു മെഡോസിന്റെ മറുപടി.

തങ്ങളെക്കൊണ്ടിത് സാധ്യമല്ലെന്ന് വൈറ്റ് ഹൗസിന് തുടക്കത്തിലേ അറിയാമായിരുന്നിരിക്കും എന്നാണ് മെഡോസിന്റെ വാക്കുകളെ വിമർശിച്ചുകൊണ്ട് കോമോ പറഞ്ഞത്. 

" നിയന്ത്രിക്കണമെന്ന നിങ്ങൾ വിശ്വസിച്ചിരുന്നെങ്കിൽ, നിങ്ങൾ അതിനായി ശ്രമിക്കുമായിരുന്നു. നിങ്ങളെക്കൊണ്ട് നിയന്ത്രണം സാധ്യമല്ലെന്ന് വിശ്വസിക്കുന്ന  പക്ഷം, നിങ്ങൾ കള്ളം പറയുകയും ,നിഷേധിക്കാനും ലാഘവപ്പെടുത്താനും  ശ്രമിക്കും.

" തടുക്കാൻ ശ്രമിക്കാതെ അവർ കീഴടങ്ങിയപ്പോൾ അത് അമേരിക്കയുടെ തന്നെ ഏറ്റവും വലിയ കീഴടങ്ങലായി. വൈറസിനെ നിയന്ത്രിക്കാൻ ന്യൂയോർക്  ശ്രമിച്ചിരുന്നില്ലെങ്കിൽ ഇവിടെയും ആശുപത്രികളിൽ രോഗികൾ കുമിഞ്ഞു കൂടിയേനെ. 2,17,000 ആളുകളുടെ ജീവൻ പൊലിഞ്ഞത്  വൈറ്റ് ഹൗസ് അടിയറവ് പറഞ്ഞതുകൊണ്ടാണ്."കോമോ കുറ്റപ്പെടുത്തി.

തിങ്കളാഴ്ചത്തെ കണക്കുകൾ പ്രകാരം യു എസിലെ കോവിഡ്  കേസുകൾ 86,33,194 എന്ന ഏറ്റവും ഉയർന്ന എണ്ണത്തിലാണ് . മരണത്തിന്റെ കാര്യത്തിലും 2,25,215 എന്ന എണ്ണവുമായി മുന്നിൽ തന്നെയാണ്. 

ലോകത്തെ തന്നെ ഏറ്റവും മോശം രീതിയിൽ കോവിഡ് ബാധ ഉണ്ടായ രാജ്യമാണ് അമേരിക്ക. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക