Image

വ്യാജ സിഡി കേസില്‍ യു.കെ. മലയാളിയെ പോലീസ്‌ അന്വേഷിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 08 June, 2012
വ്യാജ സിഡി കേസില്‍ യു.കെ. മലയാളിയെ പോലീസ്‌ അന്വേഷിക്കുന്നു
വ്യാജ ഡിവിഡി, സിഡി റാക്കറ്റിനെതിരേയുള്ള കേരളാ പോലീസിന്റെ അന്വേഷണത്തിന്റെ ഫലമായി യു.കെയിലുള്ള മലയാളിക്കെതിരേ കേരളാ പോലീസിന്റെ അറസ്റ്റ്‌ വാറന്റ്‌. ഈ മലയാളിയെ കണ്ടുപിടിക്കുന്നതിനായി ഇന്റര്‍പോളിന്റെ സഹായം കേരളാ പോലീസ്‌ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌. ഇതോടുകൂടി വ്യാജ സിഡി, ഡിവിഡി മേഖലയ്‌ക്കെതിരേയുള്ള അന്വേഷണം കൂടുതല്‍ സജീവമായി. കേരളാ പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന ഒരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ യു.കെ. മലയാളിയായ പ്രേംകുമാറിലേക്ക്‌ അന്വേഷണം വ്യാപിപ്പിച്ചത്‌. ഈ വ്യാജ ഡിവിഡി നിര്‍മ്മാണത്തിന്റെ പുറകിലുള്ള മുഖ്യ സാമ്പത്തിക സ്രോതസ്‌ പ്രേംകുമാര്‍ ആണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌.

പ്രേംകുമാര്‍ നല്‍കുന്ന പണം കൊണ്ട്‌ ബാംഗ്ലൂരിലുള്ള സുധാകര്‍, അശോക്‌ എന്നിവര്‍ തീയേറ്ററുകളില്‍ സ്‌ക്രീനിംഗിന്‌ എത്തുന്ന മലയാള സിനിമയുടെ പ്രിന്റുകള്‍ ഡിജിറ്റല്‍ കാര്‍ഡുകളിലേക്ക്‌ മാറ്റുന്നു. തീയേറ്റര്‍ ജീവനക്കാരെ പണംകൊടുത്ത്‌ പ്രലോഭിപ്പിച്ചാണ്‌ ഇക്കാര്യം നടത്തുന്നത്‌. വ്യാജ സിഡി റാക്കറ്റിനെതിരേയുള്ള അന്വേഷണത്തിന്റെ ചുമതലയുള്ള ഡിവൈഎസ്‌പി റഫീഖ്‌ ആണ്‌ ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്‌. ചെന്നൈയിലുള്ള മറ്റൊരു വ്യാജ സിഡി റാക്കറ്റും സജീവമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ അവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. വിവരങ്ങള്‍ ശേഖരിച്ചുവരുന്നതേയുള്ളുവെന്നും ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു പറയുന്നത്‌ അന്വേഷണത്തെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇങ്ങനെ നിര്‍മ്മിക്കുന്ന എസ്‌ഡി കാര്‍ഡുകള്‍ ചെന്നൈയിലേക്കും യു.കെയിലേക്കും കയറ്റി അയയ്‌ക്കുകയും പിന്നീട്‌ വ്യാജ സിഡികളും ഡിവിഡികളും ആക്കി മാറ്റുകയും ഷോപ്പുകള്‍ക്ക്‌ വില്‍ക്കുകയുമാണ്‌ ചെയ്യുന്നത്‌. ഇപ്പോള്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന പ്രേംകുമാര്‍ ആണ്‌ ഈ വ്യാജ സിഡികള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്യുന്നത്‌ എന്നും തെളിഞ്ഞിട്ടുണ്ട്‌.

അമേരിക്കയിലെ പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ വിതരണ കമ്പനിയായ ഒമേഗ ഇന്റര്‍നാഷണല്‍ ആണ്‌ വ്യാജ സിഡി നിര്‍മ്മാണത്തിനെതിരേയുള്ള ഏറ്റവും ഒടുവിലത്തെ നിയമ നടപടികള്‍ ആരംഭിച്ചത്‌. മോഹന്‍ ലാല്‍ നായകനായ `അറബീം ഒട്ടകോം മാധവന്‍നായരും'എന്ന സിനിമ അമേരിക്കയില്‍ റിലീസിംഗിന്‌ എത്തിയപ്പോള്‍ ഈ സിനിമ നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സിനിമയുടെ അമേരിക്കയിലെ വിതരണാവകാശം ഉണ്ടായിരുന്ന ഒമേഗ ഇന്റര്‍നാഷണല്‍ നിയമപരമായി കേസ്‌ ഫയല്‍ ചെയ്‌ത്‌ വ്യാജ സിഡി നിര്‍മ്മാണത്തിനെതിരേയുള്ള പോരാട്ടം ആരംഭിച്ചു.

യു.കെയിലെ പ്രശസ്‌ത ചലച്ചിത്ര വിതരണ കമ്പനിയായ പി.ജെ എന്റര്‍ടൈന്‍മെന്റ്‌ എന്ന സ്ഥാപനവുമായി സഹകരിച്ചാണ്‌ ഇപ്പോള്‍ വ്യാജ സിഡി നിര്‍മ്മാണത്തിനെതിരേയുള്ള നിയമയുദ്ധം നടത്തുന്നത്‌. ഒമേഗ ഇന്റര്‍നാഷണലിന്‌ ഇപ്പോള്‍ `ഗൂഗിളില്‍' നിന്നും വീഡിയോ ഫയലുകള്‍ നീക്കം ചെയ്യാനുള്ള പ്രത്യേക അവകാശം അധികൃതര്‍ നല്‍കിയിട്ടുണ്ട്‌. ഇന്ത്യയില്‍ ഈ അവകാശം മൂന്ന്‌ കമ്പനികള്‍ക്ക്‌ (ഇറോസ്‌ ഇന്റര്‍നാഷണല്‍, യുടിവി, യാഷ്‌രാജ്‌ ഫിലിംസ്‌) മാത്രമേ ഉണ്ടായിരുന്നുള്ളൂ.

വ്യാജ സിഡിയ്‌ക്കെതിരായ അന്വേഷണം പ്രേംകുമാറിലേക്കും ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാക്കറ്റിനും എതിരേ എത്തിയതോടെ ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ പരിഭ്രാന്തിയിലാണ്‌.

ആയിരക്കണക്കിന്‌ മലയാളികള്‍ക്ക്‌ ഒരു ജീവിതമാര്‍ഗ്ഗമായ മലയാള സിനിമാ വ്യവസായത്തെ രക്ഷിക്കുവാന്‍ ഇപ്രകാരമുള്ള നടപടികള്‍ സഹായമാകുമെന്നതില്‍ സിനിമാ വ്യവസായവും അതോടൊപ്പം ഈ മേഖലയിലെ തൊഴിലാളികളും രക്ഷപെടും എന്ന്‌ നമുക്കാശിക്കാം. ജെ.എ അറിയിച്ചതാണിത്‌.
വ്യാജ സിഡി കേസില്‍ യു.കെ. മലയാളിയെ പോലീസ്‌ അന്വേഷിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക