Image

കഥകൾ പറഞ്ഞത് (ദിനസരി-22: ഡോ. സ്വപ്ന സി.കോമ്പാത്ത്‌)

Published on 26 October, 2020
കഥകൾ പറഞ്ഞത് (ദിനസരി-22: ഡോ. സ്വപ്ന സി.കോമ്പാത്ത്‌)
“The great thing about a short story is that it doesn’t have to trawl through someone’s whole life; it can come in glancingly from the side.”

 Emma Donoghue

 വലിയ മുത്തുചിപ്പികളെപോലെയാണ് പലപ്പോഴും കഥകളെന്നു തോന്നിയിട്ടുണ്ട്. വാക്കുകളുടെ ബാഹ്യമായ ആവരണത്തിനുള്ളിൽ അവ ജീവിതത്തിന്റെ ഉൺമയെ ശ്രദ്ധാപൂർവ്വം ചേർത്തുവെക്കുന്നു. സൈകതം ബുക്സ് 2019 സെപ്തംബറിൽ പുറത്തിറക്കിയ കഥകൾ എന്ന സമാഹാരവും ഇത്തരത്തിൽ ജീവിതത്തെ ഉള്ളിൽ പേറുന്ന വാക്കുകളുടെ വ്യവഹാരമാണ്.' 2000 മുതൽ 2018 വരെയുള്ള കാലയളവിൽ റോഷ്നിസ്വപ്ന രചിച്ച 13 കഥകളുടെ സമാഹാരമാണ് കഥകൾ.

പ്രണയം കടലൊപ്പുകളാകുന്ന പെൺകാഴ്ചകൾ എന്ന പേരിൽ സാറാ ജോസഫ് ഈ സമാഹാരത്തിനെഴുതിയ അവതാരികയിൽ ഭാഷയുടെ സവിശേഷമായ പ്രയോഗസാധ്യതകൾ തേടുന്ന കഥകളാണ് രോഷ്നിയുടേതെന്ന് അഭിപ്രായപ്പെടുന്നുണ്ട്.ഒരു കവയിത്രിയും കൂടാതെ ചിത്രകാരിയുമായതിനാലാവാം കാവ്യാത്മകമായ ശൈലിയും നിറങ്ങളുടെയും ദൃശ്യങ്ങളുടെയും ബാഹുല്യവും ഈ കഥകളിൽ പ്രകടമാണ്.

13 കഥകളുടെയും  പ്രമേയങ്ങൾ  നിഗൂഢതയെ അതിഗൂഢമായി പുണരുന്നുണ്ട്. "ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടാർത്ത -
നാദം പോലെ പായുന്നു ജീവിതം " എന്ന കാവ്യശകലം  സൂചനകൾ നൽകുന്ന ആമിറിന്റെ അഭയം തേടിയുള്ള യാത്രയാണ് ഹിംസാത്മകൻ എന്ന കഥയ്ക്കടിസ്ഥാനം.കവിതയും കഥയും ചിത്രങ്ങളും നാടകവുംകൂടി സൃഷ്ടിക്കുന്ന ഒരു ജുഗൽബന്ദിയാണ് ഈ സമാഹാരമെന്ന് പറയാം.

മലയാളത്തിലെ സ്ത്രീ രചനകളിൽ പ്രത്യേകിച്ച്  ചെറുകഥകൾക്കു വേണ്ടി ഫാന്റസി  ഏറ്റവും ഫലപ്രദമായി  ഉപയോഗിക്കപ്പെട്ടിട്ടുള്ളത് രോഷ്നി സ്വപ്നയുടെ കഥകളിലാണെന്നു കാണാം. ഗന്ധർവ്വന്റെ
പ്രണയം,
ആലീസ് കണ്ട ലോക, ഫിദാസിസ്റ്ററോടുള്ള വെളിപ്പെടുത്തലുകൾ, ഫിർസാന അഹമ്മദിന്റെയും ഉമൈർകൃഷ്ണ ന്റെയും നാടകം,, ചിന്തുവിന്റെ സിൻഡ്രല്ലാകഥ, ചിലന്തിവലകളുടെ .പകൽസ്വപ്നം, കാലിഡോസ്കോപിലെ ലോകം തുടങ്ങി നിരവധി സന്ദർഭങ്ങളിലെല്ലാം ഫാൻറസി സമാനതകളില്ലാത്ത വിധം അതിശയത്തിന്റെ  അതിരുകളെ       കഥയുടെ ഭൂപടത്തിനുള്ളിലേക്ക് ആകർഷിക്കുന്നു.


ആലീസിന്റെ  അത്ഭുതലോകം എന്ന കഥ തിരിച്ചറിവുകളുടെ സൂക്ഷ്ദൃഷ്ടിയാണ്. അലിഞ്ഞുപോയ മിഠായികളെ നോക്കിക്കരയുന്ന ആലീസിനെ ഹൃദയത്തിലേറ്റാതെ ഒരു വായനക്കാരനും മുന്നോട്ടൊരുയാത്ര സാധ്യമല്ല തന്നെ.ഈ കഥയാണ് ഈ സമാഹാരത്തിലെ ഏറ്റവും ശക്തമായ രചന. കാലം മുന്നോട്ടു കുതിച്ചാലും ,പിന്നോട്ട് ഊളിയിട്ടിറങ്ങിയാലും ഒരു മാറ്റവുമില്ലാതെ കാണുന്ന കാഴ്ചയാണ് സ്ത്രീകൾക്കു നേരെയുള്ള ലൈംഗികാക്രമണം.എന്നും ബലിയാടുകളായി മുദ്രകുത്തപ്പെടുകയും, ഒന്നല്ലെങ്കിൽ മറ്റൊന്ന് എന്ന രീതിയിൽ പരിഹാസവും പീഡനങ്ങളും  ചേർത്ത് നിഷ്പ്രഭമാക്കിക്കളയുകയും ചെയ്യുന്ന പെൺമയ്ക്ക് നേരെയുള്ള തുറന്നു നോട്ടം.

പുസ്തകത്തിന്റെ ആധികാരികയെ കവിത തുളുമ്പുന്ന ശൈലി എന്നത്  പോസറ്റീവായും നെഗറ്റീവായും കഥകളിൽ കാണാം  " ഉടമ്പടിക്ക് മേൽ പ്രണയം കടലൊപ്പുകളാവുന്ന കാഴ്ചകൾ " പോലുള്ള തലക്കെട്ടുകളും കാവ്യാത്മകം. ഗയ, ഫിർസാന, ചന്ദ്രമുഖി, ജസിയ പോലുള്ള കഥാപാത്രങ്ങളുടെ പേരുകളുടെ പുതുമയും പ്രത്യേകം പറയേണ്ടതില്ലല്ലോ .. ബിംബങ്ങളുടെ ആധിക്യവും ,പുതിയവാക്കുകളുടെ പ്രയോഗവും, പുതിയതരം കല്പനകളുടെ ഭ്രമാത്മകതയും ചേർന്ന് വായനയെന്നാൽ ബൗദ്ധികവ്യാപാരമാണെന്ന് റോഷ്നിയുടെ കഥകൾ ഊട്ടിയുറപ്പിക്കുന്നു.

കഥകൾ പറഞ്ഞത് (ദിനസരി-22: ഡോ. സ്വപ്ന സി.കോമ്പാത്ത്‌)കഥകൾ പറഞ്ഞത് (ദിനസരി-22: ഡോ. സ്വപ്ന സി.കോമ്പാത്ത്‌)കഥകൾ പറഞ്ഞത് (ദിനസരി-22: ഡോ. സ്വപ്ന സി.കോമ്പാത്ത്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക