Image

സദാചാര പോലീസ്: ഗുണ്ടാ ആക്ട് പ്രയോഗിച്ചേക്കും

Published on 08 June, 2012
സദാചാര പോലീസ്:  ഗുണ്ടാ ആക്ട് പ്രയോഗിച്ചേക്കും
കാഞ്ഞങ്ങാട്: സദാചാര പോലീസ് ചമഞ്ഞ് അക്രമം നടത്തുന്നവരെ ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റുചെയ്തു ജയിലിലടക്കാന്‍ പോലീസ് നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സമാന്തര നിയമ വാഴ്ച നടത്തുന്ന സംഘങ്ങളുടെ വിവരങ്ങള്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ശേഖരിച്ചു തുടങ്ങി. ഇത്തരം സംഘങ്ങള്‍ക്ക് ചില രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുള്ളതായി വ്യക്തമായ സാഹചര്യത്തില്‍ സര്‍വകക്ഷി യോഗങ്ങളില്‍ ഇത് ഉയര്‍ത്തി കൊണ്ടുവരാന്‍ പോലീസിന് നിര്‍ദേശം ലഭിച്ചതായും അറിയുന്നു.

നിരവധി കേസുകളില്‍ പ്രതികളായവരെയാണ് നിലവില്‍ ഗുണ്ടാ ലിസിറ്റില്‍പ്പെടുത്തി അറസ്റ്റുചെയ്യുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ പ്രതികളായവരെയും ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.
ജില്ലയില്‍ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി കഴിഞ്ഞ മൂന്നു മാസത്തിനകം കൊലപാതകം ഉള്‍പ്പെടെ അമ്പതോളം അക്രമങ്ങള്‍ സദാചാര പോലീസ് ചമഞ്ഞ് അക്രമിസംഘങ്ങള്‍ നടത്തിയിട്ടുണ്ട്. കാസര്‍ഗോഡ്, ബേക്കല്‍, വിദ്യാനഗര്‍, നീലേശ്വരം, ചന്തേര പോലീസ് സ്‌റ്റേഷനുകളിലാണ് സദാചാര പോലീസ് അക്രമങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഇതില്‍ മിക്ക കേസുകളിലെയും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
ചന്തേര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തൃക്കരിപ്പൂരില്‍ രജിലേഷ് എന്ന യുവാവ് തീവണ്ടിക്ക് ചാടി ജീവനൊടുക്കാന്‍ കാരണം സദാചാര പോലീസിന്റെ മര്‍ദനവും പരസ്യവിചാരണയുമാണ്.

തൃക്കരിപ്പൂരില്‍ തന്നെ പത്തോളം അക്രമങ്ങള്‍ ഇത്തരം സംഘങ്ങള്‍ നടത്തിയിട്ടുണ്ട്.
നീലേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മടിക്കൈ അടുക്കത്ത് പറമ്പില്‍ മോഷ്ടാവെന്ന് ആരോപിച്ച് വേണു എന്ന യുവാവിനെ സദാചാര പോലീസ് സംഘം അടിച്ച് കൊല്ലുകയുണ്ടായി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനകം മടിക്കൈയില്‍ നടക്കുന്ന അഞ്ചാമത്തെ കൊലപാതകമാണ് വേണുവിന്റേത്. കൊല നടത്തിയ സംഘങ്ങള്‍ക്ക് രാഷ്ട്രീയ ബന്ധം കൂടിയുള്ളതിനാല്‍ മടിക്കൈയിലെ സദാചാര പോലീസുകാരെ അമര്‍ച്ച ചെയ്യാന്‍ പോലീസിനും സാധിച്ചില്ല. ബേക്കല്‍ സ്‌റ്റേഷന്‍ പരിധിയിലെ ഉദുമ നാലാംവാതുക്കലില്‍നിന്നും ബന്തടുക്ക മാണിമൂലയിലേക്ക് ഓട്ടോയില്‍ പോവുകയായിരുന്ന യുവാവിനെയും സഹോദരിയെയും ഒരു സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും ഇവരുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

കാസര്‍ഗോഡ് ടൗണ്‍, വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ സദാചാര പോലീസ് അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇരുപതോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞദിവസങ്ങളില്‍ മാത്രം കാസര്‍ഗോഡ്, വിദ്യാനഗര്‍,ബേഡകം പോലീസ് സ്‌റ്റേഷനുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ പത്തോളം പേര്‍ക്ക് സദാചാരപോലീസുകാരുടെ പീഡനമേല്‍ക്കേണ്ടി വന്നു. കാറില്‍ പോവുകയായിരുന്ന യുവാവിനെയും പെണ്‍കുട്ടിയേയും ജ്വല്ലറി ജീവനക്കാരനെയും വഴിയില്‍ തടഞ്ഞ് ക്രൂരമായി മര്‍ദ്ദിച്ചതിന് കാസര്‍ഗോഡ് പോലീസ് കേസെടുത്തത് കഴിഞ്ഞ ദിവസമാണ്.

വര്‍ഗീയ സംഘര്‍ഷവും ക്വട്ടേഷന്‍ അക്രമവും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരം അക്രമിസംഘങ്ങളെ അടിച്ചമര്‍ത്താന്‍ നിലവില്‍ ഗുണ്ടാആക്ട് പ്രയോഗിക്കുന്നതാണ് നല്ലതെന്നാണ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് അക്രമികളുടെ വിവരങ്ങള്‍ ലഭിച്ചാലുടന്‍ നടപടി ഉണ്ടാകുമെന്ന സൂചനകളാണ് പോലീസ് അധികാരികള്‍ നല്‍കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക