Image

പെണ്ണുകെട്ടിന് പണപ്പിരിവ് - ജെ.മാത്യൂസ്

ജെ.മാത്യൂസ് Published on 08 June, 2012
പെണ്ണുകെട്ടിന് പണപ്പിരിവ് - ജെ.മാത്യൂസ്
(പുതിയ ലക്കം ജനനിയിലെ മുഖപ്രസംഗം)

അമേരിക്കയിലെ ചില മലയാളിസംഘടനകള്‍, കേരളത്തിലെ പാവപ്പെട്ട സ്ത്രീകളുടെ വിവാഹനടത്തിപ്പിനു വേണ്ടി പണപ്പിരിവ് നടത്താറുണ്ട്. ഈ വാര്‍ത്ത ഫോട്ടോ സഹിതം പ്രസിദ്ധീകരിക്കുന്നതില്‍ അതീവതല്‍പരരാണ് മാധ്യമങ്ങള്‍. പ്രഥമദൃഷ്ട്യാ ആദരണീയമായി തോന്നുന്ന ഈ ജീവകാരുണ്യപ്രവര്‍ത്തനം, ഫലത്തില്‍ വരുത്തിവയ്ക്കുന്ന അനര്‍ത്ഥങ്ങള്‍ ദൂരവ്യാപകമാണ്. പിരിച്ചെടുക്കുന്ന പണംകൊണ്ട് ഏതാനും സ്ത്രീകളെ വിവാഹിതരാക്കാന്‍ കഴിയുമെന്നുള്ളതു ശരിതന്നെ. പക്ഷേ, അതുകൊണ്ടു പരിഹരിക്കപ്പെടുന്നതല്ല സത്രീധന(ഗിഫ്റ്റ്)സമ്പ്രദായം വരുത്തിവയ്ക്കുന്ന ദുരന്തങ്ങള്‍.

ത്രീധന(ഗിഫ്റ്റ്)സമ്പ്രദായം സമൂഹത്തിന്റെ സാംസ്‌കാരിക ജീര്‍ണ്ണതയാണ്. അത് സ്ത്രീ സ്വാതന്ത്ര്യത്തെ അവഗണിക്കുന്നു. ഭാര്യാപദവിക്ക് നിയന്ത്രണം കല്‍പിക്കുന്നു. മാതൃത്വത്തെ തന്നെ അവഹേളിക്കുന്നു. കുടുംബങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്നു. ബന്ധങ്ങളെ പിടിച്ചുലയ്ക്കുന്നു. അനേകായിരം ആത്മഹത്യകള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണമായിട്ടുണ്ട് ഈ ദുരാചാരം. ഈ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍, 1961-ല്‍ സ്ത്രീധനം കൊടുക്കല്‍-വാങ്ങള്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, എല്ലാ ദുര്‍ഗുണങ്ങളോടുംകൂടി ഗിഫ്റ്റ് എന്ന ഓമനപേരില്‍ ഇന്നും സ്ത്രീധന സമ്പ്രദായം നിലനില്‍ക്കുന്നു.
ഗിഫ്റ്റ് ആഭരണങ്ങള്‍, ആഘോഷങ്ങള്‍ എന്നിങ്ങനെ ആചാരങ്ങള്‍ പലതാണ. വസ്തുക്കള്‍ വിറ്റും ഈടുവച്ച് കടംവാങ്ങിയും ബ്ലെയ്ഡ് കമ്പനികള്‍ക്ക് അടിമപ്പെട്ടും പണം സംഘടിപ്പിക്കുന്ന പെണ്‍വീട്ടുകാര്‍ കടച്ചുഴിയിലേക്കു താഴുന്നു. അതിന്റെ ദുഃഖഭാരവും പേറിക്കൊണ്ടാണ് നവവധു ഭതൃഗൃഹത്തിലേക്ക് പുറപ്പെടുന്നത്.

ഇത്തരം പല കുടുംബങ്ങളെയും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളുംകൂടി കഴിവുപോലെ സഹായിക്കാറുണ്ട്. വ്യക്തപരമായ ആ കാരുണ്യപ്രവര്‍ത്തനം പ്രശംസനീയമാണ്. പക്ഷേ, സാമൂഹ്യ-സാംസ്‌കാരിക സംഘടനകള്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ-സാംസ്‌കാരിക പുരോഗതിക്കും ക്ഷേമത്തിനും പ്രേരകശക്തിയാകണം. പെണ്ണുകെട്ടിനു പണം പിരിച്ചുകൊടുക്കുന്ന സംഘടനകള്‍ ദുരന്തം പതിയിരിക്കുന്ന സ്ത്രീധനസമ്പ്രദായത്തെ പരോക്ഷമായി അംഗീകരിക്കുകയും നിലനിര്‍ത്തുകയുമാണ്. ഇന്‍ഡ്യാഗവണ്‍മെന്റ് നിരോധിച്ചിട്ടുള്ള അപരിഷ്‌കൃതമായ ഒരാചാരമാണിതെന്നോര്‍ക്കണം.

പാരമ്പര്യത്തിന്റെയും അനുകരണഭ്രമത്തിന്റെയും ദുരഭിമാനത്തിന്റെയും സ്വാധീനവലയത്തില്‍ നിന്ന് കേരളീയര്‍ വിമുക്തരാകണം. അല്ലെങ്കില്‍ ചെന്നുവീഴുന്നത് കടക്കെണിയിലാണ്. അത് അവരെ മദ്യപാനത്തിനും, അമിതഭക്തിക്കും ആത്മഹത്യക്കുപോലും പ്രേരിപ്പിക്കും. ഇതില്‍നിന്ന് വിമുക്തമാകാന്‍ ചിന്താഗതിയില്‍ പരിവര്‍ത്തനമുണ്ടാകണം. അതിനുള്ള പ്രചോദനമാണ്. അമേരിക്കയിലെ സാംസ്‌കാരിക സംഘടനകളില്‍ നിന്നും കേരളത്തിലെ യുവതീയുവാക്കള്‍ക്കു ലഭിക്കേണ്ടത്. അമേരിക്കന്‍ ജീവിതത്തിലെ ചില നല്ല ഘടകങ്ങള്‍(ഗുണകരമായവ മാത്രം) കേരളീയര്‍ക്കും സ്വീകാര്യമാണ്. അതിലൊന്നാണ് സ്ത്രീധന സമ്പ്രദായത്തോടുല്‌ള അമേരിക്കന്‍ യുവജനങ്ങളുടെ നിസ്സംഗത.

“കെട്ടണമെങ്കില്‍ കെട്ടുകാണം കിട്ടണം” എന്നു വ്യവസ്ഥ പറയുന്ന പുരുഷനോട്, “അതിന് വേറെ ആളെ നോക്കണം” എന്നുറപ്പിച്ചു പറയാനുള്ള നെഞ്ചുറപ്പ് കേരളത്തിലെ യുവതികള്‍ക്കുണ്ടാകണം. സ്വന്തം കുടുംബത്തെ സാമ്പത്തിക ബാധ്യതയുടെ ചുഴിയില്‍ താഴ്ത്തിയ സ്ത്രീയെ അല്ല, കുടുംബാംഗങ്ങള്‍ സന്തോഷത്തോടെ അനുഗ്രഹിച്ചയക്കുന്ന സ്വതന്ത്രയായ സ്ത്രീയെയാണ് തനിക്ക് വധുവായി വേണ്ടതെന്ന് നട്ടെല്ലു നിവര്‍ത്തി പറയാനുള്ള പാരുഷം യുവാക്കള്‍ക്കുണ്ടാകണം. ഇത്തരം നവീന വീക്ഷണങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന സന്ദേശങ്ങളാണ് അമേരിക്കയിലെ സാംസ്‌കാരിക സംഘടനകളില്‍ നിന്നും ലഭിക്കേണ്ടത്; സാമൂഹ്യജീര്‍ണ്ണത നിലനിര്‍ത്താന്‍ പിരിച്ചെടുത്തു നല്‍കാനുള്ള പണമല്ല. ഒന്നു കെട്ടിച്ചുകിട്ടാന്‍ പിരിവുകാശിനു വേണ്ടി കൈനീട്ടി നില്‍ക്കുന്ന അനാഥരാണ് കേരളത്തിലെ വനിതകള്‍ എന്ന് തെറ്റിദ്ധരിക്കരുത്.

അമേരിക്കയിലെ മലയാളിസംഘടനകള്‍ സശ്രദ്ധം പഠിച്ച് പരിഹരിക്കേണ്ട ഒരു സാമൂഹ്യപ്രശ്‌നം അവര്‍ക്കിടയില്‍ തന്നെയുണ്ട്. വിവാഹപ്രായം(?)കഴിഞ്ഞിട്ടും അവിവാഹിതരായി കഴിയുന്ന നിരവധി യുവതികള്‍ അമേരിക്കയിലെ മലയാളി സമൂഹത്തിലുണ്ട്. കാരണം പലതായിരിക്കാം. അവരുടെ വ്യക്തിത്വത്തിനും ആത്മാഭിമാനത്തിനും കോട്ടം തട്ടാത്ത വിധത്തില്‍, അവരുടെ കാര്യം മാന്യമായി കൈകാര്യം ചെയ്യാന്‍ മലയാളിസംഘടനകള്‍ ആദ്യം ശ്രമിക്കട്ടെ. മഴ ഇവിടെത്തന്നെ പെയ്യുമ്പോള്‍, കുടചൂടിക്കാന്‍ കടല്‍ കടന്ന് അക്കരക്കെന്തിനു പോകണം!


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക