Image

രോഗികൾക്കും അശരണർക്കും ഒരു അത്താണി (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

Published on 25 October, 2020
രോഗികൾക്കും അശരണർക്കും ഒരു അത്താണി (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)
പ്രമുഖ എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ പ്രൊഫ. ശ്രീദേവി കൃഷ്ണനും, പാലിയേറ്റിവ് കെയർ എന്ന ആശയത്തിന് ഇന്ത്യയിൽ കൂടുതൽ ഊന്നൽ നൽകുകയും, പ്രചരിപ്പിക്കുകയും ചെയ്ത ഡോക്ടർ, പത്മശ്രീ . എം ആർ രാജഗോപാലുമായി നടത്തിയ മുഖാമുഖത്തിന്റെ ദൃശ്യാവിഷ്‌കാരം (താഴെ ചേർക്കുന്നു) വളരെ ശ്രദ്ധേയമായി തോന്നി.    ആരോഗ്യസേവന രംഗത്ത് ഇദ്ദേഹത്തിന്റെ വിലയേറിയ സേവനങ്ങൾ കണക്കിലെടുത്ത് 2018-ൽ ഇന്ത്യ ഗവണ്മെന്റ്  പത്‌മശ്രീ അവാർഡ് നൽകി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി. 
 

മുപ്പതിലേറെ വർഷങ്ങൾ കോളേജ് അധ്യാപികയായി സേവനമനുഷ്ഠിച്ച പ്രൊഫ ശ്രീദേവിയുടെ ചോദ്യങ്ങൾ സാധാരണ ജനങ്ങളെ ബോധവത്കരിക്കാൻ ഉതകുന്നതായിരുന്നു. അവരുടെ ചോദ്യങ്ങളുടെ ആഴത്തിലേയ്ക്ക് ഇറങ്ങിച്ചെന്ന് വളരെ സൗമ്യമായി ലളിതമായ ഭാഷയിൽ ഡോക്ടർ നൽകുന്ന മറുപടി പാലിയേറ്റിവ് കെയറിനെക്കുറിച്ച് നമുക്ക് വളരെയധികം അറിവ് പകരുന്നു.  ആരോഗ്യരംഗത്ത് നിലവിലുള്ള സംവിധാനങ്ങളിൽ എന്താണ് ഒരു കുറവായി കാണുന്നത് എന്ന പ്രൊഫസറിന്റെ ചോദ്യത്തിന്  വേദനയ്ക്കായുള്ള ചികിത്‌സയുടെ അഭാവം എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.  രോഗം മൂലം വേദനയനുഭവിക്കുന്ന 98 ശതമാനം രോഗികൾക്ക് ആവശ്യമാ ചികിത്സ/മരുന്ന്  കിട്ടുന്നില്ല എന്നാണ് ഡോക്ടർ പറയുന്നത്.   അസുഖത്തിന് മരുന്ന് ലഭിക്കുന്നു. എന്നാൽ അവരനുഭവിക്കുന്ന വേദനക്ക് മരുന്നില്ല എന്നതാണ് യാഥാർഥ്യം എന്നദ്ദേഹം അഭിപ്രായപ്പെടുന്നു.  മാനസികമായും, ശാരീരികമായും, സാഹചര്യങ്ങളാലും വേദനയും, യാതനയും അനുഭവിക്കുന്ന രോഗികളുടെ മനസ്സറിഞ്ഞ ഒരു ഡോക്ടറിലെ മാനുഷിക മൂല്യത്തിന്റെ അനന്തരഫലമാണ് കേരളത്തിലെന്നല്ല, ഇന്ത്യയിലൊട്ടാകെ നാനൂറോളം ശാഖകളാൽ വ്യാപിച്ചുകിടക്കുന്ന പാലിയം ഇന്ത്യ എന്ന സ്ഥാപനത്തിന്റെ വളർച്ച. ജീവിതത്തോട് മല്ലടിക്കുന്ന ഒരു രോഗിയുടെ ശാരീരികവേദനകൾക്കുപരി മാനസിക പിരിമുറുക്കങ്ങളെ സാന്ത്വനപ്പെടുത്തി ശേഷിക്കുന്ന ജീവിതത്തിൽ പ്രതീക്ഷയുടെ, ആശ്വാസത്തിന്റെ തിരിനാളം തെളിയിച്ച് അവരെ ആശ്വസിപ്പിക്കുക എന്നതാണ് ഈ മൃദുഭാഷിയായ ഡോക്ടറുടെ പ്രവർത്തനലക്ഷ്യം.  ശസ്ത്രക്രിയ സമയത്ത് രോഗികളെ  നിശ്ചേഷ്ടരാക്കി  വേദനാവിമുക്തരാക്കുന്ന കർത്തവ്യമാണ്  ആതുരസേവനരംഗത്ത് പ്രധാന പ്രവർത്തനമേഖലയായി ഇദ്ദേഹം തിരഞ്ഞെടുത്തത്. ഈ രംഗത്ത് വര്ഷങ്ങളോളമുള്ള തന്റെ അനുഭവസമ്പത്ത് അദ്ദേഹത്തെ പാലിയം ഇന്ത്യപോലുള്ള ഒരു സ്ഥാപനത്തെക്കുറിച്ച്  വിഭാവനം ചെയ്യാൻ പ്രേരിപ്പിച്ചു. അദ്ദേഹത്തിന്റെ ആത്മാർത്ഥവും, നിസ്വാർത്ഥവുമായ കഠിനപ്രയത്നം ആ സ്വപ്നസാക്ഷാത്കാരത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചു. മാത്രമല്ല കൈവിടാത്ത അദ്ദേഹത്തിന്റെ ഈ പരിശ്രമം പാലിയം ഇന്ത്യയുടെ നിലക്കാത്ത വളർച്ചക്ക് കാരണമായി. ഇത്തരം ഒരു ആശയം മനസ്സിൽ കുരുത്തപ്പോൾ അത് പ്രാവർത്തികമാക്കാൻ നിരവധി പുസ്തകങ്ങൾ വായിക്കേണ്ടാതായും, ഗുരുതുല്യരായ പലരെയും  സമീപിയ്ക്കേണ്ടതായും വന്നു എന്ന് അദ്ദേഹം പറയുന്നു. ഇവരിൽ ഏറ്റവും പ്രധാനമായി അദ്ദേഹം ഓർക്കുന്നത് നേഴ്സിംഗിങ് രംഗത്ത് സേവനമനുഷ്ഠിച്ചിരുന്ന  ജില്ലി ബേൺസ് (Gilly Burns) എന്ന ബ്രിട്ടീഷ് വനിതയെ ആണ്.  പാലിയേറ്റിവ് കെയറിന്റെ ബോധവത്കരണത്തിനായി ഇന്ത്യ മുഴുവൻ സഞ്ചരിച്ച് പ്രവർത്തിച്ച ഇവരിൽ നിന്നും ഇതേകുറിച്ച് ധാരാളം വിവരങ്ങൾ ലഭിക്കാൻ ഇടയായി എന്നദ്ദേഹം ഓർക്കുന്നു.

നിസ്വാർത്ഥമായ തന്റെ സേവനത്തിലൂടെ   പാലിയേറ്റിവ് കെയർ എന്താണെന്ന ഒരു അവബോധം ഡോക്ടർ രാജഗോപാലിന് സാധാരണ ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു. ഡോക്ടറുടെ ജീവിതത്തെ ആസ്പദമാക്കി "ഹിപ്പോക്രാപ്റ്റ്: " (Hippocratic: 18 Experiments in Gently Shaking the World) എന്ന ഒരു ഡോകുമെന്ററി നിർമ്മിക്കപ്പെട്ടിട്ടുണ്ട്. അതിൽ ലോകത്തെ പിടിച്ചുകുലുക്കിയ പതിനെട്ടു പരീക്ഷണങ്ങളെക്കുറിച്ചു  ചിത്രീകരിച്ചിരിക്കുന്നു. ആരോഗ്യരംഗത്ത് ഉപയോഗപ്രദമായ ധാരാളം പുസ്തകങ്ങളും, ലേഖനങ്ങളും ആരോഗ്യ-ചികിത്സാ രംഗത്തത്തേയ്ക്ക് ഇദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. ഹോസ്പിസ് ആൻഡ് പാലിയേറ്റിവ് കെയർ രംഗത്തു  സ്വാധീനം ചെലുത്തിയിട്ടുള്ള പതിമൂന്നു ഡോക്ടർമാരിൽ ഒരാളാണു  ഡോക്ടർ രാജഗോപാൽ എന്നു അമേരിക്കൻ അക്കാദമി ഓഫ് ഹോസ്പിസ് ആൻഡ് പാലിയേറ്റിവ് കെയർ പ്രഖ്യാപിച്ചിട്ടുണ്ട്. 

മരണത്തെ മുന്നിൽ കണ്ടുകൊണ്ട് ജീവിക്കുക എന്നത് ഏറ്റവും വലിയ വേദനയാണ്. അത്തരത്തിലുള്ള ഒരു രോഗി മനസിന്റെ വേദനയ്‌ക്കൊപ്പം ശാരീരികവുമായ വേദനയും അനുഭവിക്കുക എന്നത് വളരെ നിസ്സഹായമായ മനുഷ്യന്റെ ഒരു അവസ്ഥയാണ്. ഇത്തരം നിസ്സഹായാവസ്ഥ അനുഭവിക്കുന്നവരെ സാന്ത്വനങ്ങൾകൊണ്ട് മനസ്സിന്റെയും, മരുന്നുകൾകൊണ്ട് ശരീരത്തിന്റെയും വേദന മാറ്റി ജീവിതത്തിൽ ശേഷിക്കുന്ന ദിവസങ്ങളെങ്കിലും സമാധാനപരമാക്കുക എന്നതാണ് പാലിയേറ്റിവ് കെയർ കൊണ്ടിവർ ലക്ഷ്യമിടുന്നത് എന്ന് ഡോക്ടറുടെ വിശദീകരണത്തിൽനിന്നും മനസ്സിലാക്കാം.   നമുക്ക് ഭാവനചെയ്യാൻ പോലും കഴിയാത്ത വേദനകൊണ്ട് കഷ്ടപ്പെടുന്ന രോഗികൾ ഉണ്ടെന്ന ഡോക്ടർ അറിയിക്കുന്നു.. വേണ്ടപ്പെട്ടവർ  ശാരീരികമായും മാനസികമായും വേദന അനുഭവിയ്ക്കുക എന്നത്  ഒരു കുടുംബത്തിന്റെ മുഴുവൻ വേദനയാണ്.  മാത്രമല്ല കുടുംബത്തിൽ ഒരാൾക്ക് ക്യാൻസർപോലുള്ള രോഗങ്ങൾ പിടിപെടുമ്പോൾ സാമ്പത്തികമായും ആ കുടുംബത്തിന് വെല്ലുവിളികൾ നേരിടേണ്ടിവരുന്നു എന്നതും രോഗിയുടെ മാനസിക വേദനയ്ക്ക് കാരണമാകുന്നു.  2015 ലെ കണക്ക് പ്രകാരം രോഗം മൂലം ദാരിദ്രാവസ്ഥയിലേക്ക് പതിച്ചുപോയ കുടുംബങ്ങളുടെ എണ്ണം അഞ്ചരക്കോടിയാണെന്ന് ഡോക്ടർ രാജഗോപാൽ പറയുന്നു. കുടുംബത്തിലെ ഒരാളുടെ രോഗം മൂലം പല സാഹചര്യത്തിലും കുട്ടികളുടെ പഠനം വരെ മുടങ്ങാറുണ്ട്. ഇത്തരം കുട്ടികൾക്ക് പഠനത്തിന് സഹായഹസ്തവുമായി പാലിയം ഇന്ത്യ പലരിലും എത്താറുണ്ട് എന്ന ഒരു വാഗ്ദാനവും ഡോക്ടർ ഉറപ്പുവരുത്തുന്നു

ലിംഗ അസമത്വത്തെപ്പറ്റിയുള്ള  ചോദ്യത്തിന്,  ദുർബലമായ സമൂഹത്തിൽ,  സ്ത്രീ സഹിക്കാൻ വിധിക്കപ്പെട്ടവർ എന്ന ആശയത്തിന് ഇന്നും കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല. ഇത്തരം സമൂഹത്തിൽ ഇന്നും ലിംഗ അസമത്വം നിലനിൽക്കുന്നു എന്നാണദ്ദേഹം പറയുന്നത്. കുടുംബസുരക്ഷാനിർവഹണം ചെയ്യുന്നത് എപ്പോഴും സ്ത്രീയാണെന്നാണ്.  പുരുഷന്മാർ ലഹരി പോലുള്ള ബാഹ്യശക്തികൾക്ക് വഴങ്ങുമ്പോഴും സ്ത്രീ ആ കുടുംബത്തിന്റെ നിലനിൽപ്പിനായി പൊരുതുന്നു എന്നാണ് ഡോക്ടറുടെ അഭിപ്രായം.  ഇത്തരം സാഹചര്യമുള്ള ഒരു കുടുംബത്തിൽ ഒരു കുട്ടി ജന്മനാ അംഗവൈകല്യമോ അസുഖമോ ആയാൽ ആ കുടുംബത്തിലെ സ്ത്രീയുടെ ജീവിതം വളരെ പരിതാപകരമാകുന്നു എന്ന അനുഭവം ഒട്ടനവധി അദ്ദേഹം കണ്ടിട്ടുണ്ടെന്ന് പറയുന്നു. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ നേരിടുന്നവർക്കായി  'ഉജ്ജ്വൽ' എന്ന സംരംഭം പാലിയം ഇന്ത്യ നടത്തിവരുന്നു.  ഇത്തരത്തിലുള്ള സ്ത്രീകളെ സഹായിക്കുന്നതിനുമാത്രമായി  അമേരിക്കയിലെ ന്യുയോർക്കിൽ നിന്നും ഓൺകൊളോജിസ്റ് ഡോക്ടർ സാറാ ഈശോ അധ്യക്ഷയായിരുന്ന അമേരിക്കയിൽ മലയാളികളുടെ സംഘടനയായ ഫോമായിലെ വനിതാ വിഭാഗം, സുമനസ്സുകളായ മറ്റു വനിതകൾ ചേർന്ന് പാലിയം ഇന്ത്യയ്ക്കുവേണ്ടി  കാര്യമായ സംഭാവന ചെയ്ത കാര്യം അദ്ദേഹം ഓർമിച്ചു. 

ഒറ്റയ്ക്ക് താമസിക്കുന്ന ഒരുപാട് വയോജനങ്ങളായ പ്രത്യേകിച്ചും സ്ത്രീകൾ നമ്മുടെ സമൂഹത്തിലുണ്ടെന്ന് അദ്ദേഹം ചൂണ്ടികാണിക്കുന്നു. ഇവർക്ക് എന്തെങ്കിലും അസുഖം പിടിപെട്ടാലുള്ള അവരുടെ ജീവിതത്തെക്കുറിച്ച് നമ്മളെ ചിന്തിപ്പിക്കാൻ അദ്ദേഹം ഒരു ശ്രമം നടത്തുന്നു. ഇത്തരക്കാർക്ക് മരുന്നിനോടൊപ്പം ആവശ്യമായത് സ്വയം പര്യാപ്തമാകാനുള്ള പ്രചോദനം കുടിയാണെന്നതാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇത്തരത്തിലുള്ള ആളുകൾക്ക് പുനരധിവാസം നൽകുന്നതിലും പാലിയം ഇന്ത്യ പ്രവർത്തിക്കുന്നു.

ജീവിതനിഘണ്ടുവിനെ മരണം എന്ന വാക്കിനെ എല്ലാവരും ഭയക്കുന്നു . ഇതേകുറിച്ച് പ്രൊഫസറുടെ ചോദ്യത്തിന് ഡോക്ടർ നൽകുന്ന മറുപടി ചിന്തനീയംത്തന്നെ. മരണത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ അത് എവിടെ വേണമെന്നാണ് ആഗ്രഹിക്കുന്നത്  എന്ന ചോദ്യവുമായാണ് അദ്ദേഹം ഇതിനു മറുപടി പറയാൻ തുടങ്ങിയത്. എല്ലാ മാതാപിതാക്കളെയുംപോലെ മക്കളുടെ അടുത്തുതന്നെ മരണം വേണമെന്നാണ് താൻ ആഗ്രഹിയ്ക്കുന്നത് എന്നതായിരുന്നു പ്രൊഫസറുടെ മറുപടി.    ഡോക്ടർ തുടർന്നു  പറയുന്നതു    മരണം നിങ്ങളുടെ വീട്ടിലോ, അതോ ആസ്പത്രിയിലോ ആകട്ടെ അതു ഒരു മനുഷ്യന്റെ ജീവിതത്തിലെ   പ്രധാന നിമിഷമാണ്. നിങ്ങൾ ഈ ലോകം വിട്ടുപോകുമ്പോൾ നിങ്ങളുടെ കൈവിരലിൽ പിടിക്കാൻ, നിങ്ങൾക്ക് അന്ത്യചുംബനങ്ങൾ നൽകാൻ പ്രിയപ്പെട്ടവരുടെ സാമീപ്യം നിങ്ങൾ  ആഗ്രഹിക്കും. എന്നാൽ ഇന്നത്തെ സാഹചര്യങ്ങൾ അധികവും നമ്മുടെ ആഗ്രഹങ്ങൾക്ക് വിപരീതമാണ്. പ്രത്യേകിച്ചും സാമ്പത്തികമായി മെച്ചപ്പെട്ട ഒരു കുടുംബത്തിലെ ഒരു രോഗി മരണത്തെ മുന്നിൽ കാണുന്ന അവസ്ഥയിലാണെങ്കിലും അവരെ അന്ത്യശ്വാസംവരെ   ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികളിൽ ഐ.സിയുവിൽ വെന്റിലേറ്ററിൽ തളക്കപ്പെടുന്നു. ഒരുപക്ഷെ രോഗി ആഗ്രഹിക്കുന്നതുപോലെ വേണ്ടപ്പെട്ടവരുടെ സാമീപ്യത്താൽ അവരുടെ അന്ത്യദിനങ്ങൾ ചെലവഴിക്കുകയാണെങ്കിൽ അത് തീർച്ചയായും രോഗിയ്ക്ക് ആശ്വാസമായേനേ. അതേസമയം അമിതമായ തുക മുടക്കി ഉറ്റവരും ഉടയവരും ഇല്ലാതെ ഒരു രോഗി തന്റെ ജീവൻ വെടിയുക എന്നത് അവരോട് ചെയ്യുന്ന ക്രൂരതയാകാം എന്ന് ഒരൽപം അമർശത്തോടെത്തന്നെ ഡോക്ടർ പറയുന്നു. വേദന അനുഭവിക്കുന്ന ഒരാളുടെ വേദന മാറ്റാൻ ശ്രമിക്കാതെ വേദന അനുഭവിച്ചുകൊണ്ടിരിയ്ക്കുന്നവരുടെ ജീവിതം അവസാനിപ്പിക്കുന്നതിന് നിയമ സാധുതയെപ്പറ്റി സംസാരിക്കുന്ന സമൂഹം ക്രൂരമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇവിടെയാണ് പാലിയേറ്റീവ് കെയറിന്റെ പ്രാധാന്യം  അതായത്   ഒരു രോഗി ആഗ്രഹിക്കുന്നതുപോലെ മാനസിക ശാരീരികവേദനകളെ മറന്ന് സാന്ത്വനത്തിലൂടെ, പരിചരണത്തിലൂടെ ഒരു രോഗിയെ മരിക്കാൻ അനുവദിക്കുക എന്നത് മഹത്തായ ഒരു പ്രവർത്തിയാണ് .

പാലിയം ഇന്ത്യ അമേരിക്കയിൽ റെജിസ്റ്റർ ചെയ്യ്തിട്ടുണ്ട്. അമേരിക്കയിലെ ന്യുയോർക്കിൽ ഒരു ശാഖ സജീവമായി പ്രവർത്തിക്കുന്നു.  പാലിയം ഇന്ത്യ ഇങ്ക് (Inc.) എന്നപേരിലാണ് ഇതറിയുന്നത്. ഈ സ്ഥാപനത്തിന്റെ ചെയർമാൻ ആയി പ്രവർത്തിക്കുന്നത്  ഡോക്ടർ ആൻ ബ്രോഡറിക് ആണ്.   ഇത്തരം സന്നദ്ധ സേവകരുടെ ശക്തമായ പങ്കാളിത്തം പാലിയം ഇന്ത്യയുടെ  വളർച്ചക്ക് വളരെ സഹായകരമായിട്ടുണ്ടെന്ന് ഡോക്ടർ രാജഗോപാൽ പറയുന്നു.    ദൂരെനിന്നും ആളുകൾക്ക് സഹായം എത്തിക്കാൻ കഴിയും. ഈ സ്ഥാപനം നില നിൽക്കുന്നത് ഉദാരമനസ്സുള്ളവരുടെ  സഹായങ്ങൾ കൊണ്ടുമാത്രമാണ്. സഹായം എന്നതുകൊണ്ട് ഡോക്ടർ ഉദ്ദേശിച്ചത് ധനസഹായം മാത്രമല്ല.  മറ്റു സഹായങ്ങളും ഒരാൾക്ക് നൽകാൻ കഴിയും.   പാലിയം ഇന്ത്യയുടെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സ് രോഗം സുഖപ്പെട്ടുപോയവരുടെ കുടുംബങ്ങൾ നൽകുന്ന സഹായങ്ങളാണ്.  

പാലിയം ഇന്ത്യയെക്കുറിച്ച് അറിയാൻ കഴിഞ്ഞതിൽനിന്നും മനസ്സിലാക്കാൻ കഴിഞ്ഞത് ആതുര  സേവനത്തിനായി രൂപംകൊണ്ട ഇത് ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറമെയും വ്യാപിച്ചു കിടക്കുന്ന ഒരു മഹത്തായ സംരംഭമാണ്.  ഡോക്ടർ രാജഗോപാലുമായി പ്രൊഫസർ ശ്രീദേവി കൃഷ്ണൻ നടത്തുന്ന ഈ മുഖാമുഖത്തിന്റെ ദൃശ്യാവിഷ്ക്കാരത്തിൽ നിന്നും കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ കഴിയും .

https://drive.google.com/file/d/1pK0OQLJs9U6CZTvo90ZJSp080ri7dwIJ/view?usp=sharing
Youtube link: https://youtu.be/vS2o7L-0ljY   


പാലിയേറ്റിവ് കെയറിനു വേണ്ടി വളന്റിയറായി സേവനമനുഷ്ഠിക്കുവാനോ, ധനസഹായം നൽകുന്നതിനോ താല്പര്യമുള്ളവർ പ്രൊഫ. ശ്രീദേവി കൃഷ്ണനുമായി ഈ നമ്പറിൽ 669 255 8033 ബന്ധപ്പെടുക. അല്ലെങ്കിൽ പാലിയേറ്റിവ് കെയറിന്റെ ഇമെയിലിലേക്ക് എഴുതുക. info@palliumindia.org

Address: Pallium India Trust
Aisha Memorial Hospital Building Paruthikuzhy
Manacaud P.O, Trivandrum 695009
 +91 8800820322 
 www.palliumindia.org/ email : info@palliumindia.org
 
എല്ലാവർക്കും ആയുരാരോഗ്യങ്ങൾ നേർന്നുകൊണ്ട്..


രോഗികൾക്കും അശരണർക്കും ഒരു അത്താണി (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)രോഗികൾക്കും അശരണർക്കും ഒരു അത്താണി (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)
Join WhatsApp News
Sudhir Panikkaveetil 2020-10-26 02:20:35
ഓരോ രോഗിയും സ്വന്തം വീട്ടിൽ കിടന്നു മരിക്കാൻ ആഗ്രഹിക്കുന്നു. പക്ഷെ ആ ആഗ്രഹം ധനികർക്ക് സാധ്യമാകുന്നില്ല. അവർ multi speciality hospital ഇൽ കിടന്നു മരിക്കുന്നു. വാസ്തവത്തിൽ പാലിയേറ്റിവ് കെയർ എന്ന സംവിധാനം മേൽപ്പറഞ്ഞ സംഗതി സാധ്യമാക്കാൻ ശ്രമി ക്കുന്നു. ചികിത്സ പരാജയപ്പെടുമ്പോൾ രോഗികൾ എത്തിച്ചേരുന്ന സ്ഥലമാണ് ഹോസ്പിസ്. ഒരു അതിഥി മന്ദിരം. മരണം വരെ കഴിയാൻ ഒരു സ്ഥലം. പാലിയേറ്റിവ് കെയർ എന്ന ആശയം ഇതിൽ നിന്നുണ്ടായതാണ്. ഇവിടെ രോഗികൾക്ക് അവരുടെ വേദനകൾ കുറയ്ക്കാനുള്ള മരുന്നുകൾ കൊടുക്കുന്നു, മരണം വരെ ജീവിതം നല്ല നിലയിൽ അവർക്ക് നയിക്കാൻ സഹായം നൽകുന്നു. അവരുടെ ശാരീരികവും മാനസികവുമായ വികാസത്തിന് സഹായിക്കുന്നു അങ്ങനെ അനാഥരെപോലെ ആസ്പത്രിക്കിടക്കയിൽ അനേകം കമ്പികളാൽ ബന്ധിക്കപ്പെട്ട് മരണപ്പെടാതെ പ്രിയപ്പെട്ടവരുടെ അല്ലെങ്കിൽ ജോലിക്കാരുടെ സാമീപ്യം അനുഭവിച്ച് മരിക്കാൻ രോഗികൾക്ക് അവസരം കിട്ടുന്നു. അവരിൽ പലർക്കും പുനരധിവാസത്തിന് അവസരം കിട്ടി മരണത്തിൽ നിന്നും രക്ഷപ്പെടുന്നു. ഇത്തരം സംവിധാനത്തെപ്പറ്റി വായനക്കാരുടെ അറിവിലേക്ക് പ്രൊഫ ശ്രീദേവി കൃഷ്ണൻ ഡോക്ടർ എം ആർ രാജഗോപാലുമായി നടത്തിയ അഭിമുഖത്തെ ആസ്പദമാക്കിശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാർ തയ്യാറാക്കിയ ലേഖനം പാലിയേറ്റിവ് കെയറിനെക്കുറിച്ച് വിവരങ്ങൾ നൽകുന്നതായിരുന്നു. ലേഖികക്ക് അഭിനന്ദനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക