Image

നീലച്ചിറകുള്ള മൂക്കുത്തികള്‍ 36 - സന റബ്സ്

Published on 24 October, 2020
നീലച്ചിറകുള്ള മൂക്കുത്തികള്‍ 36 - സന റബ്സ്
വാതിലില്‍ ഉറക്കെയുറക്കെ തട്ടുന്നുണ്ട്. 
മിലാന്‍ ഒന്നും  കേള്‍ക്കാന്‍ കൂട്ടാക്കിയതേയില്ല. ലോകത്തിന്റെ മുഴുവന്‍ വാതിലുകളും തന്റെ മുന്നില്‍ കൊട്ടിയടക്കപ്പെട്ടു. ഇനിയേത് വാതിലാണ്?

തുടരെത്തുടരെ ബെൽ മുഴങ്ങിയപ്പോൾ  അവള്‍ പിടഞ്ഞെഴുന്നേറ്റു. ആരാണ്.... മാന്യതയുടെ രോമാക്കുപ്പായമണിഞ്ഞ ആ വേട്ടക്കാരന്‍ തന്നെയോ...

മിലാന്‍റെ ഫോണിലേക്കും നിറുത്താതെ കാൾ  വന്നുകൊണ്ടിരുന്നു. വാതിലില്‍ കൂടുതല്‍ ശക്തിയോടെ അടിക്കുന്നുമുണ്ട്. മിലാന്‍ പാഞ്ഞുചെന്നു വാതില്‍ തുറന്നു.

സഞ്ജയ്‌ പ്രണോതി!

അച്ഛന്‍.....

ഒരു നിമിഷം... ഭൂമി ഒരുവട്ടംകൂടി കീഴ്മേല്‍ മറിഞ്ഞു. അച്ഛാ എന്നൊരു അലറിക്കരച്ചിലോടെ മിലാന്‍ അയാളുടെ നേരെ കുതിച്ചുചെന്നു. സാരിയുടുക്കാതെ പാവാടയും ബ്ലൗസും മാത്രം ധരിച്ച മകളുടെ രൂപം കാണെ  സഞ്ജയ്യില്‍ ഉള്‍ക്കിടിലമുണ്ടായി.

“മോളെ.....”

പൊട്ടിക്കരച്ചിലല്ലാതെ മിലാനില്‍നിന്നും മറ്റൊന്നും ഉയര്‍ന്നില്ല. അയാളുടെ കണ്ണുകള്‍ മുറിയിലാകെ പരതി. എന്തോ നടന്നിട്ടുണ്ട്. സാരി ബെഡ്ഡില്‍ കിടക്കുന്നു. മുറിയില്‍ എല്ലാം തകര്‍ന്നുടഞ്ഞു ചിതറിയിരിക്കുന്നു. തന്റെ മകളെ ആരെങ്കിലും ആക്രമിച്ചുവോ...

മകളെ ചേര്‍ത്തുപിടിച്ചുകൊണ്ടുതന്നെ സഞ്ജയ്‌ പുറകില്‍നിന്നും എന്തോ വലിച്ചെടുത്തു. റിവോള്‍വര്‍! മിലാന്‍ ഞെട്ടലോടെ അതുകണ്ടു.

“അച്ഛാ.... അങ്ങനെയല്ല....അല്ല....  അതല്ല ...”

 “മോളെ...എന്താ മോളെ ഉണ്ടായത്? ഞാന്‍ പോലീസിനെ വിളിക്കാം...”

മിലാന്‍ കരഞ്ഞു. “അതങ്ങനെയല്ല അച്ഛാ...ഞാന്‍ പറയാം...” 
സഞ്ജയ്‌ സംശയത്തോടെ ചുറ്റും നോക്കുന്നുണ്ടായിരുന്നു. അയാള്‍ മകളെ കിടക്കയില്‍ കൊണ്ടിരുത്തി. “നീ കരയാതെ മിലാന്‍...എന്തിനും പരിഹാരമുണ്ട്. റിലാക്സ്‌..”

“എന്ത് പരിഹാരമാണ്? എല്ലാം തകര്‍ന്നടിഞ്ഞു. അല്ല, ഞാന്‍ തന്നെയാണ് എല്ലാം ഇങ്ങനെ എത്തിച്ചത്. അച്ഛനും അമ്മയും എത്രയോ പറഞ്ഞതാണ് എന്നോട്?”

അയാള്‍ വെള്ളമെടുത്തു അവള്‍ക്കു കൊടുത്തു. മിലാന്‍ ശ്വാസം മുട്ടിക്കൊണ്ടാണ് ആ വെള്ളം വലിച്ചുകുടിച്ചത്. മിലാന്‍ പറയുന്നത് ദാസിനെക്കുറിച്ചായിരിക്കും എന്ന് സഞ്ജയ്‌ വിദൂരസ്വപ്നത്തില്‍ പോലും കരുതിയില്ലായിരുന്നു. പൊട്ടിത്തകര്‍ന്നു കരയുന്ന മകളെ എങ്ങനെ സമാധാനിപ്പിക്കണം എന്നയാള്‍ക്ക്‌ മനസ്സിലായില്ല.

വാതില്‍ തള്ളിത്തുറന്നുകൊണ്ടു പെട്ടെന്നാണ് ദാസ്‌ അകത്തേക്ക് വന്നത്. കനത്ത ഇടിവെട്ടലില്‍ ഞെട്ടിയതുപോലെ മിലാന്‍ മുന്നോട്ടാഞ്ഞു. സഞ്ജയ്‌ അവളെ പിടിച്ചുനിര്‍ത്തി.

“മിലാന്‍, നീ കണ്ടതൊന്നും സത്യമല്ല, നീയൊന്നു എന്നെ കേള്‍ക്കാന്‍ തയ്യാറാവണം."

“എന്റെ മുന്നിലേക്ക്‌ വരരുത്. എനിക്ക് കാണുകയേ വേണ്ടാ... ഇപ്പൊ പോകണം ഇവിടന്ന്...പോ...പോ...നിങ്ങളെപ്പോലെ ഒരു ആണ്‍വേശ്യയെ എങ്ങനെ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞു?”

ദാസിന്‍റെ ചുവന്ന മുഖം പിന്നെയും ചുവന്നു. “സഞ്ജയ്ജീ...അവള്‍ വല്ലാതെ തെറ്റിദ്ധരിച്ചതാണ്. തനൂജ മുറിയില്‍ ഉണ്ടായിരുന്നു. അത് സത്യമാണ്. ഞാന്‍ ചതിക്കപ്പെട്ടതാണ്. എനിക്ക് മനസ്സിലായിട്ടില്ല എന്താണ് നടന്നതെന്ന്. ഇന്നലെ മിലാനെ ഞാന്‍ വിളിച്ചതാണ്. എന്‍റെ മുറിയിലേക്ക് വരുന്നു എന്ന് നീ തന്നെയല്ലേ പറഞ്ഞത് മിലാന്‍....”അവസാനവാക്യത്തില്‍ ദാസ്‌ പ്രതീക്ഷയോടെ മിലാനെ നോക്കി.

ഞൊടിയിടയിലായിരുന്നു ബെഡ്ഡില്‍ കിടന്ന തോക്ക് മിലാന്‍ കൈക്കലാക്കിയത്. സഞ്ജയും ദാസും ഒരുപോലെ നടുങ്ങിപ്പോയി. 
തോക്കുചൂണ്ടിക്കൊണ്ടാണ് മിലാന്‍ അലറിയത്. “പറഞ്ഞില്ലേ എനിക്ക് കേള്‍ക്കേണ്ടാന്ന്...പറഞ്ഞില്ലേ എന്റെ മുന്നില്‍ വരരുതെന്ന്...”

സഞ്ജയ്‌ മുന്നിലേക്കുകയറിനിന്നു തോക്കില്‍ പിടിച്ചു. അയാള്‍ തിരിഞ്ഞു ദാസിനെ നോക്കി. “റായ്...നിങ്ങള്‍ ഇപ്പോള്‍ ഇവിടെനിന്നു പോകണം..അവള്‍ ആകെ അപ്സെറ്റാണ്...പ്ലീസ് പോകൂ...”

അലറുന്ന മിലാനെ നോക്കി നിസ്സഹായതയോടെ ദാസ്‌ തിരിഞ്ഞുനടന്നു. വാതില്‍ക്കല്‍ എത്തിയപ്പോഴും അയാള്‍ തിരിഞ്ഞുനോക്കി. അവളപ്പോള്‍ സഞ്ജയിയെ കെട്ടിപ്പിടിച്ചു കരയുകയായിരുന്നു.

ദാസ്‌ വല്ലാതെ തകര്‍ന്നുപോയിരുന്നു. അയാള്‍ക്ക്‌ നേരെ ചിന്തിക്കാന്‍പോലും കഴിഞ്ഞില്ല. മുറിയില്‍ വന്നു കയറുമ്പോള്‍ സാമി തനൂജയുടെ വസ്ത്രങ്ങള്‍ എടുത്തു പുറത്തേക്ക് പോകാന്‍ ഒരുങ്ങുന്നു.

“താനൊക്കെ എന്തിനാടോ  സെക്യൂരിറ്റിയാണെന്നും പറഞ്ഞു നടക്കുന്നത്. അവളുടെ അടിവസ്ത്രം പെറുക്കാനോ....താന്‍ എവിടെപ്പോയിത്തുലെഞ്ഞെടോ ഇന്നലെ രാത്രി? താന്‍ കണ്ടില്ലേ ആ ബിച്  ഇങ്ങോട്ട് വന്നത്? മിലാനെ എന്തിനാടോ ഇവിടേയ്ക്ക് കൊണ്ടുവന്നേ? ഒരല്പം സെന്‍സ് ഉപയോഗിച്ചിരുന്നെങ്കില്‍ ഈ സീന്‍ ഇവിടെ ഉണ്ടാകുമോ?”

സാമി തലതാഴ്ത്തി ഒരേനിൽപുനിന്നു. പേര്‍സ്ണല്‍ കാര്യങ്ങള്‍ എപ്പോഴും  സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്ന ആളാണ്‌. തനൂജയല്ല ആര് കൂടെയുണ്ടായാലും ചോദ്യം ചെയ്യാന്‍ തനിക്ക് അര്‍ഹതയുണ്ടോ...ഓര്‍മ്മപ്പെടുത്താന്‍ പോലും അധികാരമില്ലാത്ത താന്‍...

മുറിയില്‍ വെരുകുമാതിരി ദാസ്‌ ഉഴറി. “എപ്പോഴാ മിലാന്‍ ഇവിടെ എത്തിയത്?”

“സാബ്...രാവിലെ അഞ്ചുമണിയോടെ ഞാന്‍ വന്നപ്പോള്‍  മേം ഇവിടെ ഉണ്ടായിരുന്നു . കുറെ നേരമായി വന്നിട്ട് അങ്ങനെ നില്‍ക്കുന്നു എന്ന് തോന്നി. ഞാന്‍ സിറ്റിംഗ് റൂം തുറന്നുകൊടുത്തു .ഇരിക്കാന്‍ കൂട്ടാക്കിയില്ല.”

ദാസ്‌ ആലോചനയോടെ നടന്നു. “ഉം...താന്‍ ഈ ഹോട്ടലിലെ കഴിഞ്ഞ രാത്രിയിലെ വീഡിയോ ഫൂട്ടേജ് എടുക്കണം. പ്രത്യേകിച്ച് ഞാന്‍ രാത്രി എത്തിയതിനു ശേഷമുള്ളത്.”

ഒന്നുകൂടെ ആലോചിച്ചു ദാസ്‌ ചുറ്റും നോക്കി. “ഈ പൂവുകളൊക്കെ ആരാണ് മുറിയില്‍ എത്തിച്ചത്?”

സാമിയും നോക്കി. “സാബ്. ഇന്നലെ സാബിന്‍റെ ബാഗ്‌  എടുത്തു  ഞാൻ പ്രണോതിമാമിന്‍റെ അരികിലെ മുറിയില്‍ വെച്ചിരുന്നു. അതെടുക്കാന്‍ വന്നപ്പോഴൊന്നും ഈ പൂക്കള്‍ കണ്ടില്ല. ഒരുപക്ഷെ തനൂജാ...”

ആ പേര് കേട്ടതേ അയാളുടെ കണ്ണുകള്‍ ആളി. എന്തോ ഓര്‍മ്മ വന്നപോലെ അയാള്‍ ചുറ്റും നോക്കി. “എന്റെ ലാപ്‌ എവിടെ? ടാബ് എവിടെ....”

“സാബ്...അത് റിസപ്ഷനില്‍ വെച്ചുതന്നെ ഇന്നലെ എനിക്ക് തന്നിരുന്നല്ലോ... അത് മുകളിലെ മുറിയിലാണ്.”

“ഒഹ് മൈ ഗോഡ്...അതെങ്കിലും താന്‍ വൃത്തിയായി ചെയ്തല്ലോ...” ദാസ്‌ അയാളുടെ നേരെ പരിഹാസത്തോടെ കൈകള്‍ കൂപ്പി. വീണ്ടും സാമിയുടെ തല താഴ്ന്നു.

“എത്ര മണിക്കാണ് തനൂജ ഈ മുറിയില്‍ കയറിയതെന്ന് ദയവുചെയ്തു ഒന്ന് കണ്ടെത്തി കൊണ്ട് വാ... അതോ അതിനും ഞാന്‍ വല്ല ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെയും വിളിക്കണോ?”

“നോ സാബ്... ഞാന്‍ പോകുന്നു. ഉടനെ വരാം...” അയാള്‍ പുറത്തേക്കു പോകാന്‍ തിരിഞ്ഞു.

“നിൽക്ക്....അതെവിടെ കൊണ്ടുപോകുന്നു?” സാമിയുടെ കൈയിലെ  വസ്ത്രം ചൂണ്ടിയായിരുന്നു ദാസ്‌ ചോദിച്ചത്. 
“അത് കൊടുക്കേണ്ട, അതു മാത്രമല്ല, ഈ മുറിയിലെ ബെഡ്‌ഷീറ്റുകള്‍, പൂക്കള്‍, ബാത്ത്റൂമിലെ സോപ്പ് തുടങ്ങിയ എല്ലാം... അതായത് എന്റേതല്ലാത്ത എന്തൊക്കെ ഇവിടെയുണ്ടോ എല്ലാം പെറുക്ക്, അതെല്ലാം വേറെ പായ്ക്ക് ചെയ്യണം. എല്ലാം... എവെരിതിംഗ്...”

സാമി തലകുലുക്കി. “മറക്കേണ്ട, ഫ്ലവര്‍വേസിലെ വെള്ളം പോലും കളയരുത്. പില്ലോകവര്‍ കൂടി എടുക്കണം. അസാധാരണമായി എന്തുകണ്ടാലും. ഓക്കേ?”

“മിത്രയെവിടെ?” ഓര്‍മ്മവന്നതുപോലെ അയാള്‍ ചോദിച്ചു.

“മുറിയില്‍ കാണും, എഴുന്നേറ്റോ എന്നറിയില്ല.”

“അവള്‍ ഇതൊന്നും അറിയരുത്. തീര്‍ച്ചയായും മിലാനെ കണ്ടിട്ടേ ഇന്നവള്‍ പോകൂ, അതിനും മുന്നേ അവളെ ഇവിടുന്നു  തിരിച്ചയക്കണം.”

സാമി മിണ്ടാതെ ദാസിനെതന്നെ നോക്കിനിന്നു. “എന്താടോ... പോയി മിത്രയെ എന്തെങ്കിലും പറഞ്ഞു വീട്ടിലേക്ക്‌ വിട്.”

“സാബ്, മോള്‍ വൈകിയാകും എഴുന്നേല്‍ക്കുക, അതിനുംമുന്നേ പ്രണോതിമേം പോകാന്‍ ചാന്‍സുണ്ട്......”
അയാള്‍ പകുതിയില്‍ നിറുത്തി. “ഇല്ലേ, അങ്ങനെയാണ് എനിക്ക്....”

ദാസിനും അതറിയാമായിരുന്നു. മിലാന്‍ തകരുന്നത് അയാള്‍ നേരില്‍ കണ്ടതാണ്. എങ്ങനെയാണ് തനിക്കീ ചതി പറ്റിയത്?

അയാള്‍ ഫോണ്‍ എടുത്തുനോക്കി. അതെ, എല്ലാ മെസ്സജും താന്‍ അയച്ചത് തനൂജയ്ക്കാണ്. തക്കം പാര്‍ത്തിരുന്ന അവള്‍ അവസരം  കിട്ടിയപ്പോള്‍ കുതിച്ചുചാടി. പക്ഷേ എങ്ങനെയാണ് താന്‍ വിളിച്ച കാള്‍ തനൂജയ്ക്ക് കിട്ടിയത്. മിലാനാണല്ലോ തന്നോട് അവസാനം ഫോണില്‍  സംസാരിച്ചത്.

സാമി പുറത്തേക്കു നടന്നു.  ആകസ്മികമായി ഉണ്ടായ സംഭവവികാസങ്ങളില്‍ അയാളും ആകെ ഉലഞ്ഞുപോയിരുന്നു. ഇരുപതുവർഷത്തിലധികമായി അയാള്‍ ദാസിന്റെ കൂടെ നടക്കുന്നു. വിശ്വസ്തരായ ചിലരെ തെരെഞ്ഞെടുക്കുന്നതിലെ ദാസിന്റെ വിജയമാണ് നാരായണസാമി എന്ന മനുഷ്യന്‍.
  ക്രിക്കറ്റ്മാച്ച് നടക്കുന്ന ഈ അവസരത്തില്‍ സാബ് ഇങ്ങനെയൊരു തരംതാണ കളിക്ക് മുതിരുമെന്ന് വിശ്വസിക്കാന്‍ സാമിക്ക് കഴിഞ്ഞില്ല. പലപ്പോഴും പല സ്ത്രീകളേയും തന്‍റെ സാബിന്റെ കിടപ്പറയില്‍ എത്തിച്ചിട്ടുള്ളവനാണയാള്‍. വീട്ടിലും ഫ്ലാറ്റിലും പല നടികളും മോഡലുകളും ദാസിന്റെകൂടെത്തന്നെ വന്നുകയറിയിട്ടും ഉണ്ട്.

എങ്കിലും സ്വന്തം മോള്‍ ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരിക്കയും പ്ലയേഴ്സ് ചുറ്റുമുണ്ടാവുകയും ചെയ്യുമ്പോള്‍ ഇങ്ങനൊരു കാര്യം.... പക്ഷെ തനൂജ എങ്ങനെ സാബിന്റെ മുറിയില്‍ സാബ് വിളിക്കാതെ അന്തിയുറങ്ങും? അതും മനസ്സിലാവുന്നില്ല.

പോകുന്ന വഴിക്ക് സാമി മിലാനെ നോക്കാന്‍ മറന്നില്ല.  റിസപ്‌ഷനിൽ അയാൾ ചോദിച്ചു. സാമി പ്രതീക്ഷിച്ചപോലെതന്നെ മിലാന്‍  ചെക്ക്‌ഔട്ട് ചെയ്തിരുന്നു.

വീട്ടിലേക്ക് കാറോടിച്ചത് സഞ്ജയ്‌ ആയിരുന്നു. മിലാന്‍ ശൂന്യമായ മുഖത്തോടെ പുറത്തേക്ക് നോക്കിയിരുന്നു.  “മിലൂ, നീ ശ്രദ്ധിച്ചു കേള്‍ക്കണം ഞാന്‍ പറയുന്നത്.....” 
കാര്‍ അധികം ട്രാഫിക് ഇല്ലാത്ത ഭാഗത്തേക്ക്‌ സൈഡാക്കി സഞ്ജയ്‌ മകളെ നോക്കി.

“നീ പറഞ്ഞെതെല്ലാം ഞാന്‍ കേട്ടു, മനസ്സിലാവുകയും ചെയ്തു. കേട്ടതിനേക്കാള്‍ നീ കണ്ട കാര്യങ്ങളാണ് കൂടുതല്‍ വിശ്വസിക്കുക എന്നും എനിക്കറിയാം. പക്ഷെ ചില കാര്യങ്ങള്‍ നീ കൂട്ടിവായിക്കേണ്ടതുണ്ട്.”

“നിനക്കായി മുറിയും ബുക്ക്‌ ചെയ്തു കാത്തിരുന്ന ഒരാളാണ് വിദേത്. മാത്രമല്ല നിങ്ങള്‍ ഇന്നലെ കണ്ടതുമാണ്. ഇതിനിടയില്‍ മറ്റെന്തോ നടന്നു എന്ന് നീ മനസ്സിലാക്കണം. സ്ത്രീ വിഷയത്തില്‍ അയാളുടെ ദൗര്‍ബല്യങ്ങള്‍ നിനക്കും അറിയാമെന്നിരിക്കെ ഇതില്‍ എന്തോ ദുരൂഹതയുണ്ട്. അല്ലെങ്കില്‍ മറ്റെന്തോ ആകസ്മികത. പരസ്യമായി ഈ സാഹചര്യം അയാള്‍ ദുരുപയോഗം ചെയ്യുമോ? നീയൊരു സീന്‍ ഉണ്ടാക്കിയാല്‍ അയാളുടെയും കുടുംബത്തിന്റെയും നിന്റെയും തനൂജയുടെയും അടക്കം കരിയര്‍ എന്താകും? നിനക്ക് ആ വശം കാണാന്‍ കഴിയുന്നില്ലേ?”

ജീവനുതുല്യം സ്നേഹിക്കുന്ന ഒരാളുടെ കിടപ്പറയില്‍ താനല്ലാതെ മറ്റൊരു സ്ത്രീയെയോ പുരുഷനെയോ സംശയകരമായി കാണുമ്പോള്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാകുന്ന കാര്യങ്ങളല്ല ആ സ്ത്രീക്കും പുരുഷനും കാണാനാവുക എന്നത് സഞ്ജയിന് അറിയാമായിരുന്നു. എങ്കിലും അയാള്‍ പറഞ്ഞുകൊണ്ടിരുന്നു.

“അച്ഛന്‍ എങ്ങനെയാണ് ഇപ്പൊൾ  ഇവിടെ എത്തിയത്?”

“നിന്‍റെ കാള്‍ ഒരുവട്ടം വന്നു കട്ട് ആയപ്പോള്‍ എന്തോ എനിക്കൊരു  ഇന്‍ട്യൂഷന്‍ തോന്നി. രക്തം രക്തത്തിന്‍റെ പുകച്ചില്‍ തിരിച്ചറിയും എന്ന് പറയാറുണ്ടല്ലോ...”
അയാള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ അവളെ നോക്കി. താന്‍ ആ സമയത്ത് അവിടെ എത്തിയില്ലായിരുന്നെങ്കില്‍ ഈ സംഭവങ്ങളൊക്കെ അല്ലെങ്കില്‍ ഇതിലപ്പുറവും തനിക്കു ടിവിയില്‍ കാണേണ്ടിവന്നേനേ.

കലങ്ങിയ കണ്ണുകളോടെ വീട്ടിലേക്ക് കയറിവന്ന മിലാന്‍ അമ്മയുടെ മുഖത്തുപോലും നോക്കാതെ മുറിയില്‍ കയറി വാതിലടച്ചു.

 വീട്ടിലേക്കുപോയ ദാസിന്‍റെ അവസ്ഥയും മറ്റൊന്നായിരുന്നില്ല. 
ജീവിതം വല്ലാതെ വരിഞ്ഞുമുറുക്കുന്നു. മുകളിലെ നിലയിലെ നീളന്‍ വരാന്തയില്‍ അയാളൊരു മൃഗത്തെപ്പോലെ ചുരമാന്തികൊണ്ട് നടന്നു. 

നിരഞ്ജന്‍ വീഡിയോകോളില്‍ വന്നപ്പോള്‍ ദാസ്‌ അയാളോട് സംസാരിച്ചു.

“ഞാന്‍ വിളിക്കണോ മിലാനെ? ഉടനെ ഞാന്‍ വിളിച്ചാലും മിലാന്‍ കേള്‍ക്കണമെന്നില്ല.”

“വേണ്ട നിരഞ്ജന്‍, അവളാകെ അപ്സെറ്റ് ആണ്. ഈയൊരു മാസം എന്നെ വിളിച്ചിട്ട് ശരിയായി സംസാരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. എല്ലാം അവള്‍ കൂട്ടിവായിക്കും.” ദാസ്‌ നിരുല്‍സാഹപ്പെടുത്തി.

“ഉം, വിദേത്,ഞാനൊരു കാര്യം പറയട്ടെ, തനൂജ തന്നെ വല്ലാതെ സ്നേഹിക്കുന്നുണ്ട്. തനിക്കത്‌ മനസ്സിലയിട്ടുണ്ടോ?”

“വാട്ട്‌?”

“യെസ്, സ്നേഹം എന്നാല്‍ വല്ലാത്ത ഒബ്സഷന്‍! അഭിനിവേശം! അത് തന്നോടാണോ അതോ തന്റെ ബിസിനസ് സാമ്രാജ്യത്തോടാണോ പ്രശസ്തിയോടാണോ എന്നൊന്നും ചോദിക്കരുത്. അവളുടെ ആ അടങ്ങാത്ത ഇഷ്ടമാണ് അവളെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത്.”

“എന്തൊക്കെ...”

“തന്റെ ഒരു മെസ്സേജ് കിട്ടിയപ്പോള്‍ തന്റെ കിടപ്പറ പങ്കിടാന്‍ വന്നത്. ഇനിയും തനിക്കു മനസ്സിലായില്ലെങ്കില്‍ കഷ്ടമാണ്.”

“ഞാനവള്‍ക്ക് മെസ്സേജ് അയച്ചില്ല നിരഞ്ജന്‍, വിളിച്ചുമില്ല.”

“ തന്റെ ഫോണ്‍ പരിശോധിച്ചാല്‍  ഇതെല്ലാം അറിയാമല്ലോ. തന്റെ ഫോണ്‍ ക്രിക്കെറ്റ്മാച്ച് സമയത്ത് അവളും ഉപയോഗിച്ചില്ലേ? ഒരു ദിവസം ഫോണ്‍ കാണാതായില്ലേ? തനൂജയല്ലേ പിറ്റേന്ന് എടുത്തുതന്നത്? പലപ്പോഴും മിലാന്‍ വിളിച്ചപ്പോള്‍ തനൂജയാണ്  വിദേതിന്റെ ഫോണ്‍ അറ്റന്‍ഡ് ചെയ്തതും. താനിത്ര കെയര്‍ലെസ്സ് ആവാന്‍ പാടില്ലായിരുന്നു വിദേത്” കുറ്റപ്പെടുത്തുന്ന സ്വരത്തില്‍ നിരഞ്ജന്‍ തുടര്‍ന്നു.

“തന്റെ ഫോണിലെ എന്തെല്ലാം വിവരങ്ങള്‍ അവള്‍ക്കു കിട്ടിയിരിക്കും? ഒരു ബിസിനസ് മാന്റെ ഫോണ്‍ ആണ് അയാളുടെ ആയുധം. അതവള്‍ക്ക്‌ കിട്ടി.”

“അവള്‍ അതും വെച്ചു  എന്തു  ചെയ്തെന്നാണ്? ആ ഫോണില്‍ ഒരു വിവരവും ഇല്ലായിരുന്നു. രണ്ടു സിംകാര്‍ഡും ആ ഫോണിലേക്ക് എടുത്തിട്ടു ഉപയോഗിച്ചു. ദാറ്റ്സ് ആള്‍”

“കാള്‍ ഡൈവേർട്ടില്‍ നമ്പര്‍ കൊടുത്താല്‍  തന്റെ ഫോണില്‍നിന്നു മിലാന്റെ നമ്പരിലേക്ക് വിളിക്കുന്നത്‌  ഒരു നിശ്ചിതസമയം തനൂജയുടെ നമ്പരിലേക്ക് പോകും. മെസ്സേജ് അടക്കം. അറിയാമല്ലോ?”

“സൊ?

“സൊ അതായിരിക്കും സംഭവിച്ചത്. അല്ലെങ്കില്‍ താന്‍ അന്ന് രാത്രി മിലാന്‍ എന്നുകരുതി തനൂജയെ തെറ്റി വിളിച്ചു. അല്ലെങ്കില്‍ മിലാന്റെ പേരില്‍ തനൂജ അവളുടെ നമ്പര്‍ തന്റെ ഫോണില്‍ സേവ് ചെയ്തിരിക്കാം. തിരക്കില്‍ താന്‍ ശ്രദ്ധിച്ചില്ല.  അല്ലെങ്കിലും നമ്മളാരും നമ്പര്‍ നോക്കിയല്ലല്ലോ ഫോണ്‍ വിളിക്കുക. പേര് സേവ് ചെയ്തത് എടുത്തല്ലേ?” നിരഞ്ജന്റെ വിശദീകരണം കേട്ട ദാസ്‌ ഒരു നിമിഷം ആലോചിച്ചു. ശരിയാണ്, ഇതില്‍ ഏതെങ്കിലുമൊന്ന് നടന്നിരിക്കണം.

“അവസരം കിട്ടിയപ്പോള്‍ അവള്‍ കമഴ്ന്നുവീണു. അത്രേയുള്ളൂ. പക്ഷെ താന്‍ സൂക്ഷിക്കണം. അവള്‍ തന്റെ പുറകെയുണ്ട്‌. എന്താണവളുടെ ലക്‌ഷ്യം എന്ന് എനിക്കറിയില്ല. സൂക്ഷിക്കണം. ഞാന്‍ അടുത്തയാഴ്ച ഡല്‍ഹിയില്‍ വരും. നമുക്ക് കാണാം.” സംഭാഷണം അവസാനിപ്പിച്ചു ദാസ്‌ തിരിഞ്ഞുനോക്കിയപ്പോള്‍ താരാദേവി അല്പം അകലെയായി കരിങ്കല്‍തൂണിനരികില്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ മുന്നോട്ട് വന്നു.

“എന്തുണ്ടായി?” വല്ലാത്തൊരു കനമുള്ള ശബ്ദത്തിലായിരുന്നു അവരുടെ ചോദ്യം.

ആമുഖമില്ലാതെ ദാസ്‌ കാര്യങ്ങള്‍ പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ താരാദേവി മന്ദഹസിച്ചു. “അവളെ ആദ്യമായി ഈ വീട്ടിലേക്ക്‌ നീ കൊണ്ടുവന്നപ്പോഴും അവളെനിക്ക്‌ നമ്മുടെ ജ്വല്ലറിയിലെതന്നെ വന്ഗി സമ്മാനിച്ചപ്പോഴും അവളുടെ കണ്ണുകളില്‍ കണ്ട അഗ്നിയെക്കുറിച്ച് നിന്നോട് ഞാന്‍ പറഞ്ഞിരുന്നു. ഓര്‍ക്കുന്നുവോ?”

ദാസ്‌ മിണ്ടിയില്ല. കൈകള്‍ പുറകില്‍കെട്ടി അയാള്‍ ഉലാത്താന്‍ തുടങ്ങി.

“അറിയാതെയല്ല തനൂജ നിന്റെ മുറിയില്‍ അന്തിയുറങ്ങിയത്. നിനക്ക് അതൊന്നും  ഓര്‍മ്മയും വരുന്നില്ല. അവളുടെ മുടിയിഴകളിലും അവള്‍ ഉപയോഗിച്ച സുഗന്ധദ്രവ്യത്തിലും നിന്നെ മയക്കാനുള്ള എന്തെങ്കിലും ഉണ്ടായിരിക്കും. അല്ലാതെ നീയെങ്ങനെ ഉറങ്ങിപ്പോകും വിദേത്?”

ദാസ്‌ അന്തംവിട്ടുകൊണ്ട് അമ്മയെ നോക്കി. “അമ്മേ, ഞാന്‍ മാത്രമായി എങ്ങനെ ഉറങ്ങും?  അവളെയും ആ മരുന്ന് ബാധിക്കില്ലേ?”

“ഓഹോ, ചിക്കെന്‍പോക്സിന് ആന്റിഡോട്ട് ഉണ്ടെങ്കില്‍ അത്തരം രോഗികളെ ധൈര്യമായി ചികിത്സിക്കാം. അതുപോലെ ആന്റിഡോട്ട് ഉള്ള മയക്കുമരുന്നുകള്‍ ധാരാളമുണ്ട്. അവള്‍ ആന്റിഡോട്ട് ഉപയോഗിച്ചിരുന്നെങ്കിലോ...? ഉറക്കവും ക്ഷീണവും തൂങ്ങിയ നിന്നിൽ അവ  വേഗം പ്രവര്‍ത്തിച്ചു. അല്ലെങ്കില്‍ ഉണര്‍ച്ചയില്‍  അത്രയും മനക്കരുത്തു  വേണം.”

ദാസ്‌ നടത്തം നിറുത്തി അമ്മയെനോക്കി. അമ്മ എന്തെല്ലാം ചിന്തിക്കുന്നു!

“എങ്കില്‍?”

“എങ്കിലൊന്നുമില്ല. നീയിപ്പോള്‍ തനൂജയോടും ഇതേക്കുറിച്ചു  ചോദിച്ചു വഷളാവേണ്ട. ദിവസങ്ങള്‍ സാധാരണപോലെ പോകുന്നെന്നും  അവള്‍ക്കു തോന്നണം. കളി കഴിയുംവരെ അവളോട്‌ സമാധാനമായി ഇടപെടുക. നമുക്ക് നോക്കാം. നീ വിഷമിക്കേണ്ട, മിലാനെ ഞാന്‍ വിളിക്കാം....”

അവര്‍ ദാസിന്റെ വിരലുകളില്‍ പിടിച്ചു. “നിനക്കറിയുമോ വിദേത്, ഞാന്‍ നിന്റെ അച്ഛന്റെകൂടെ ഈ വീട്ടില്‍ വരുമ്പോള്‍ നിന്‍റെ അച്ഛന് കാര്യമായ സ്വത്തെന്നുപറയാന്‍ ഒന്നുമുണ്ടായിരുന്നില്ല. അദ്ദേഹം എന്നോട്  പറയുമായിരുന്നു നമുക്കൊരു മോനാണ് ഉണ്ടാവുക, അവന്‍ ലോകപ്രശസ്തിയിലേക്ക് ഉയരുന്ന മോനായിരിക്കും എന്ന്.”

അവര്‍ ആ നിമിഷങ്ങള്‍ ഓര്‍ക്കുന്നപോലെ തോന്നി. മിഴികളിലും ചുണ്ടിലും ചിരി വിരിഞ്ഞു. അയാളുടെ വിരലുകള്‍ വിട്ടു  അവര്‍ മുന്നോട്ടു നടന്നു.

“മോന്‍ ഉണ്ടായില്ലെങ്കിലോ എന്നൊന്നും ഞാന്‍ അദ്ദേഹത്തോട് ചോദിച്ചില്ല. കാരണം നീ ജനിക്കുംമുന്നേ നിന്റെ മുഖം അദ്ദേഹം വരച്ചുവെച്ചതുപോലെ പറഞ്ഞിരുന്നു. നിന്നെ വയറ്റില്‍ ചുമക്കുംമുന്നേ എന്നെക്കൊണ്ട് കുങ്കുമപ്പൂ തീറ്റിക്കുമായിരുന്നു. അതുപോലെ വേറെ പൂംപൊടികളും കൊണ്ടുവരും. അന്ന് ഇന്നത്തെപ്പോലെ പൂംപൊടി  സുലഭമല്ല, എങ്കിലും വിദേശത്ത് പോകുന്ന സുഹൃത്തുക്കളും വടക്കേ ഇന്ത്യയിലെ കുങ്കുമപ്പാടങ്ങളില്‍ പണിയെടുക്കുന്ന കര്‍ഷകരും തെക്കേ ഇന്ത്യയിലെ കാപ്പിത്തോട്ടങ്ങളിലും ജാതിത്തോട്ടങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികളും അദ്ദേഹത്തിന് കാട്ടുതേനും കാപ്പിക്കുരുവും പലതരം പൂംപൊടികളും എത്തിച്ചുകൊടുത്തു. ആനകളുടെയും മരപ്പട്ടികളുടെയും വിസര്‍ജ്യങ്ങളില്‍നിന്നും നേരിട്ട് പെറുക്കിയെടുക്കുന്ന കാപ്പിക്കുരുവായിരുന്നു അത്.”

വായുവില്‍ ആ മണമുള്ളതുപോലെ താരാദേവി ശ്വാസം ആഞ്ഞുവലിച്ചെടുത്തു.  

തന്നേക്കാള്‍ ഉയരമുള്ള മകന്‍റെ നെറ്റിയിലേക്ക് അവരുടെ കൈകള്‍ ചെന്നു. 

" നീ ഓർക്കണം....  ഏതോ പൂവുകളിൽ ഉറഞ്ഞുകൂടിയ തേനും പൂവും കഴിക്കാനായി എന്റെ ഗർഭത്തിൽനിന്നേ നീ തയ്യാറെടുത്തു. 
അങ്ങനെതന്നെയാണ് ഈ ഭൂമിയിൽ എല്ലാം നടക്കുന്നത് അമ്മേ എന്നു നീ പറയും. 
പക്ഷേ എവിടെയോ വിരിഞ്ഞ പൂവുകൾ എവിടെയോ ഉറന്ന പൂമ്പൊടികളിൽ പാറിക്കളിച്ചു പരാഗം നടത്തിയ പൂമ്പാറ്റകൾ ഏതോ കാറ്റിൽ പറന്ന സുഗന്ധങ്ങൾ അതെല്ലാം അന്ന്  നിന്നെത്തേടിവന്നു. 
നിന്‍റെ ഈ നെറ്റിയില്‍ ഇന്നു  ഒറ്റചുളിവും ഇല്ല. നിനക്ക് അമ്പത്തിനാല് വയസ്സുണ്ട്. നിന്റെ കവിളിലോ കണ്ണിലോ നരയോ ജരയോ ഇല്ല, നിന്നെ ഗർഭത്തിലായിരിക്കുമ്പോള്‍ ഞാന്‍ കഴിച്ച ആഹാരവും നീ ജനിച്ചതിനുശേഷം നിനക്കുതന്ന ആഹാരവും അത്രയും വിശേഷപ്പെട്ടതായിരുന്നു. എനിക്കൊരുപാട് മുലപ്പാലുണ്ടായിരുന്നു. ഞാന്‍ നിനക്ക് പാലൂട്ടുക മാത്രമല്ല ചെയ്തത്. പലപ്പോഴും മുലപ്പാല്‍ തലയില്‍ പുരട്ടി കുളിപ്പിക്കുമായിരുന്നു. കാപ്പിപ്പൊടികൊണ്ട് ചോക്ലേറ്റുക്രീം ഉണ്ടാക്കി നിന്റെ അച്ഛന്റെ അമ്മ നിന്റെ ദേഹമാസകലം പുരട്ടുമായിരുന്നു.  പതിനഞ്ച് വയസ്സുവരെയെങ്കിലും നിന്നെ അങ്ങനെ കുളിപ്പിച്ചിട്ടുണ്ട്.”

“പനങ്കല്‍ക്കണ്ടവും പാലും തേനും ചേര്‍ന്ന ഭക്ഷണം നിനക്കിഷ്ടമായിരുന്നു. ഇന്നും നിന്റെ മെനുവില്‍ അതുണ്ടെന്ന് എനിക്കറിയാം.” അവര്‍ വീണ്ടും ചിരിച്ചു. “നിനക്കിഷ്ടമുള്ളതു  തെഞ്ഞെടുക്കാനും അതെല്ലാം  നിലനിറുത്താനും നിനക്കറിയാം. ബുദ്ധിയും വിവേകവും എപ്പോഴും നിനക്ക് കാവലുണ്ട്. അത് നീ ഉപയോഗിക്കണം എന്നുമാത്രം. അതിനുള്ള കഴിവ് നിനക്കുണ്ടെന്ന്  നീ ജനിക്കുംമുന്‍പേ നിന്റെ അച്ഛന്‍ പ്രവചിച്ചിരുന്നു. അതുകൊണ്ട് സൂക്ഷിച്ചു മുന്‍പോട്ടു പോവുക”

പറഞ്ഞുനിറുത്തി താരാദേവി മുന്നോട്ടു നടന്നുപോയി.

 കുങ്കുമത്തരികളില്‍ സ്വര്‍ണ്ണം പൂശി സൂക്ഷിച്ചതുപോലെ വളര്‍ത്തിയെടുത്ത എന്‍റെ മകനോട്‌ മത്സരിക്കാന്‍ നിന്‍റെ വിഷമരുന്നുകള്‍  ഒളിപ്പിച്ച മാദകഗന്ധം പോരാതെ വരും  പെണ്‍കുട്ടീ എന്നവര്‍ പുഞ്ചിരിയോടെ ഓര്‍ത്തു. ചതുരംഗപ്പലകയില്‍ നിന്‍റെ എതിരില്‍ രാജാവിന്റെയല്ല  ഈ രാജ്ഞിയുടെ കവചം നീ കാണുന്നില്ലേ....

ഉരുളന്‍ തൂണുകളെ തഴുകിവന്ന കാറ്റില്‍ അമ്മയുടെ സാരി ഉലഞ്ഞുലഞ്ഞു പാറുന്നതും ഒടുവിൽ ദൂരെ വാതിലിനുപുറകില്‍ മറയുന്നതും ദാസ്‌ നോക്കിനിന്നു. അമ്മയുടെ തണുപ്പുള്ള വയറില്‍ മുഖം ചേര്‍ത്തുകൊണ്ട് ഒരു പക്ഷിക്കുഞ്ഞായി താന്‍ ഉറങ്ങുന്നത് അന്നു  രാത്രി അയാള്‍ സ്വപ്നം കണ്ടു. 
വായുവില്‍ പടര്‍ന്ന ചില്ലകളിലെല്ലാം കാപ്പിപ്പൂവുകള്‍ ജലകണവുംപേറി തുടുത്തുനിന്നിരുന്നു.

(തുടരും)

നീലച്ചിറകുള്ള മൂക്കുത്തികള്‍ 36 - സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക