Image

ഫണ്ടു ശേഖരണത്തില്‍ ഒബാമയെ റോംനി പിന്തള്ളി; ജോര്‍ജ് ബുഷ് അപ്രിയനായ യുഎസ് പ്രസിഡന്റെന്ന്

Published on 08 June, 2012
 ഫണ്ടു ശേഖരണത്തില്‍ ഒബാമയെ റോംനി പിന്തള്ളി; ജോര്‍ജ് ബുഷ് അപ്രിയനായ യുഎസ് പ്രസിഡന്റെന്ന്
വാഷിംഗ്ടണ്‍: നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഫണ്ട് ശേഖരണത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനി പ്രസിഡന്റ് ബറാക് ഒബാമയെ പിന്തള്ളി. മെയ് മാസത്തിലെ ഫണ്ട് ശേഖരണത്തിലാണ് ഒബാമയെ റോംനി മറികടന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം ഉറപ്പാക്കിയ മെയ് മാസത്തില്‍ റോംനി തെരഞ്ഞെടുപ്പു ഫണ്ടായി 76.8 മില്യണ്‍ ഡോളര്‍ ശേഖരിച്ചപ്പോള്‍ ബറാക് ഒബാമയക്കായി ഡമോക്രാറ്റ് പാര്‍ട്ടി ശേഖരിച്ചത് 60 മില്യണ്‍ ഡോളറാണ്. 107 മില്യണ്‍ ഡോളറാണ് റോംനിയുടെ ആകെ തെരഞ്ഞെടുപ്പ് ഫണ്ട്. ഒബാമയുടേതാകട്ടെ 115 മില്യണ്‍ ഡോളറും. പ്രചാരണത്തിന്റെ തുടക്ക നാളുകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം ഉറപ്പാകാതിരുന്ന റോംനി ഫണ്ട് ശേഖരണത്തില്‍ ഒബാമയെക്കാള്‍ ഏറെ പിന്നിലായിരുന്നു. ഒബാമ മെയ് മാസത്തില്‍ ശേഖരിച്ച തെരഞ്ഞെടുപ്പ് ഫണ്ടില്‍ ജോര്‍ജ് ക്ലൂണിയുടെ വസതിയിലെ പരിപാടിയുടെ ടിക്കറ്റ് കളക്ഷനായ 15 മില്യണ്‍ ഡോളറും ഉള്‍പ്പെടുന്നു. ഈ ആഴ്ച് തെരഞ്ഞെടുപ്പ് ഫണ്ട് ശേഖരണാര്‍ഥം കാലിഫോര്‍ണിയയിലും നെവാഡയിലുമാണ് ഒബാമ പര്യടനം നടത്തുന്നത്. റോംനിയുടെ ടെക്‌സാസിലാണ് പ്രചാരണത്തിനിറങ്ങുന്നത്.

ജോര്‍ജ് ബുഷ് അപ്രിയനായ യുഎസ് പ്രസിഡന്റെന്ന് വോട്ടെടുപ്പ്

ന്യൂയോര്‍ക്ക്:യുഎസ് പ്രസിഡന്റുമാരില്‍ ഏറ്റവും അപ്രിയനാരെന്ന ചോദ്യത്തിന് ഉത്തരമായി. മറ്റാരുമല്ല ഒബാമയുടെ മുന്‍ഗാമി ജോര്‍ ഡബ്ല്യു ബുഷ് തന്നെ. സിഎന്‍എന്‍ നടത്തിയ വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 54 ശതമാനും ബുഷ് അപ്രിയനാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 43 ശതമാനം പേര്‍ക്ക് ബുഷിനെക്കുറിച്ച് അത്ര മോശം അഭിപ്രായമല്ല. എന്നാല്‍ ബുഷിന്റെ മുന്‍ഗാമിയായ ബില്‍ ക്ലിന്റണെക്കുറിച്ച് മൂന്നില്‍ രണ്ട് അമേരിക്കക്കാര്‍ക്കും വളരെ നല്ല അഭിപ്രായമാണ്. ഇറാഖിലെ യുദ്ധമോ, ആഗോള സാമ്പത്തിക പ്രതിസന്ധിയോ ഇംഗ്ലീഷ് ഭാഷയിലെ അവഗാഹക്കുറവോ ആയിരിക്കാം ബുഷിനെ ജനങ്ങള്‍ക്ക് അപ്രിയനാക്കിയതെന്നാണ് വിലയിരുത്തല്‍. ജീവിച്ചിരിക്കുന്ന മറ്റു പ്രസിഡന്റുമാരില്‍ 54 ശതമാനം പേര്‍ ജിമ്മി കാര്‍ട്ടറെ പിന്തുണച്ചപ്പോള്‍ ബുഷിന്റെ പിതാവ് സീനിയര്‍ ബുഷിനെ 59 ശതമാനം പേര്‍ പിന്തുണച്ചുവെന്നതും ശ്രദ്ധേയമായി.

യുഎസ് വിമാനത്താവളങ്ങളില്‍ സിനിമാ താരങ്ങള്‍ക്കും വിഐപികള്‍ക്കും പ്രത്യേക പരിഗണനയില്ല

ന്യൂയോര്‍ക്ക്: യുഎസ് വിമാനത്താവളങ്ങളില്‍ സിനിമാ താരങ്ങള്‍ക്കോ വിഐപികള്‍ക്കോ പ്രത്യേക പരിഗണനയില്ല. നയതന്ത്ര പരിരക്ഷയില്ലാത്ത ആര്‍ക്കും വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധനയുടെ ഭാഗമായി പ്രത്യേക സ്‌ക്രീനിംഗ് നടത്തില്ലെന്ന് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍ വാഗ്നര്‍ പറഞ്ഞു. എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനായി വിവിധ രാജ്യങ്ങളുമായി ചര്‍ച്ച നടത്തുമെന്നും വാഗ്നര്‍ വ്യക്തമാക്കി. എന്നാല്‍ ഇത്തരം ചര്‍ച്ച നടത്തുന്ന രാജ്യങ്ങളില്‍ ഇന്ത്യയുടെ പേരില്ലെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയുമായി ഇത്തരം ചര്‍ച്ചകള്‍ നടത്തുമോ എന്ന കാര്യത്തിലും വാഗ്നര്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല. എന്നാല്‍ യുഎസ് പൗരത്വമുള്ള സ്ഥിരം താമസക്കാര്‍ക്ക് ഗ്ലോബല്‍ എന്‍ട്രി പദ്ധതി പ്രകാരം അപേക്ഷ നല്‍കാനാവും. ഇതനുസരിച്ച് വിമാനത്താവളങ്ങളിലെ എമിഗ്രേഷന് ഓഫീസറുടെ പക്കല്‍ പോവേണ്ടിവരുമെങ്കിലും ടച്ച് സ്‌ക്രീന്‍ കിയോസ്‌ക് വഴി അതിവേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാവും. ഗ്ലോബല്‍ എന്‍ട്രി പ്രോഗ്രാം വഴി ഇതുവരെ 3,40000 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്‌ടെന്നും വാഗ്നര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ വംശജന് ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ അവാര്‍ഡ്

ന്യൂയോര്‍ക്ക്: യുഎസില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ വംശജനായ പാചക വിദഗ്ധന്‍ വികാസ് ഖന്നയുടെ പാചക ഗ്രന്ഥം 'ഫ്‌ളേവഴ്‌സ് ഫസ്റ്റ്, ആന്‍ ഇന്ത്യന്‍ ഷെഫ്‌സ് കലിനെറി ജേണി പ്രശസ്തമായ ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ സാഹിത്യ അവാര്‍ഡിന് അര്‍ഹമായി. വൈവിധ്യമാര്‍ന്ന ഒട്ടേറെ ഇന്ത്യന്‍ വിഭവങ്ങളുടെ പാചക കുറിപ്പുകളടങ്ങുന്ന ഗ്രന്ഥം ഇന്ത്യയില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത് 'ഓം ബുക്‌സാണ്. 'പൊളിറ്റിക്‌സ് ആന്‍ഡ് കറന്റ് അഫയേഴ്‌സ് വിഭാഗത്തില്‍ പാക്കിസ്ഥാന്‍കാരനായ ഇര്‍ഫാന്‍ ഹുസൈന്റെ 'ഫേറ്റല്‍ ഫോള്‍ട്ടിനെസ്: പാക്കിസ്ഥാന്‍, ഇസ്‌ലാം ആന്‍ഡ് ദ് വെസ്റ്റ് എന്ന ഗ്രന്ഥത്തിനും ഇതേ അവാര്‍ഡ് ലഭിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക