Image

കോവിഡ് രോഗമുക്തരായ പകുതിയിലേറെ പേര്‍ക്കും തുടര്‍പ്രശ്നങ്ങള്‍

Published on 21 October, 2020
കോവിഡ് രോഗമുക്തരായ പകുതിയിലേറെ പേര്‍ക്കും തുടര്‍പ്രശ്നങ്ങള്‍
കോവിഡ്  രോഗമുക്തി നേടി ആശുപത്രി വിട്ടവരില്‍ പകുതിയിലേറെ പേരും ശ്വാസം മുട്ടല്‍, ക്ഷീണം, ഉത്കണ്ഠ, വിഷാദം പോലെയുള്ള തുടര്‍പ്രശ്നങ്ങള്‍ നേരിടുന്നതായി ഓക്സ്ഫഡ് സര്‍വകലാശാലയുടെ പഠനം . ആശുപത്രി വിട്ട് രണ്ട്, മൂന്ന് മാസത്തേക്കെങ്കിലും ഇത്തരം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു.

58 കോവിഡ് രോഗികളിലെ ദീര്‍ഘകാല കോവിഡ് പ്രഭാവമാണ് ഓക്സ്ഫഡ് സര്‍വകലാശാല വിലയിരുത്തിയത്. ചില രോഗികളില്‍ ഒന്നിലധികം അവയവങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ കണ്ടതായി റിപ്പോര്‍ട്ട് പറയുന്നു.

പഠന വിധേയരാക്കിയ കോവിഡ് രോഗികളില്‍ 64 ശതമാനം പേര്‍ക്കും തുടര്‍ന്നും ശ്വാസംമുട്ടലുണ്ടായപ്പോള്‍ 55 ശതമാനം പേര്‍ക്ക് കാര്യമായ ക്ഷീണം അനുഭവപ്പെട്ടു. 60 ശതമാനം പേര്‍ക്ക് ശ്വാസകോശത്തിനും 29 ശതമാനം പേര്‍ക്ക് കിഡ്നിക്കും 26 ശതമാനം പേര്‍ക്ക് ഹൃദയത്തിനും 10 ശതമാനം പേര്‍ക്ക് കരളിനും പ്രശ്നങ്ങളുണ്ടെന്ന് എംആര്‍ഐ സ്കാന്‍ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

കോവിഡ് മുക്തരായവര്‍ക്ക് സമഗ്രമായ ചികിത്സാ പരിചരണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത പഠനം അടിവരയിടുന്നതായി ഇതിന് നേതൃത്വം നല്‍കിയ ഓക്സ്ഫഡ് റാഡ്ക്ലിഫ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മെഡിസിനിലെ ഡോ. ബെറ്റി രാമന്‍ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക