Image

ന്യൂജേഴ്‌സി, കണക്ടിക്കട്ട് യാത്രകൾ കുറയ്ക്കണമെന്ന് ന്യു യോർക്ക് ഗവർണർ ആൻഡ്രു കോമോ

Published on 21 October, 2020
ന്യൂജേഴ്‌സി, കണക്ടിക്കട്ട് യാത്രകൾ കുറയ്ക്കണമെന്ന് ന്യു യോർക്ക് ഗവർണർ ആൻഡ്രു കോമോ

ന്യൂജേഴ്‌സി, കണക്ടിക്കട്ട് സ്റ്റേറ്റുകളിൽ നിന്നും തിരിച്ചും  അനാവശ്യ യാത്രകൾ പരിമിതപ്പെടുത്താൻ ന്യൂയോർക് ഗവർണർ ആൻഡ്രൂ കോമോ നിർദ്ദേശിച്ചു. 

ഈ  സംസ്ഥാനങ്ങളിൽ കൊറോണ കേസുകൾ കൂടുതലായി കണ്ടുവരുന്നതിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ എന്ന  നിലയിലാണ് നിർദേശം .  എന്നാൽ ക്വാറന്റൈൻ ഏർപ്പെടുത്തുക പ്രായോഗികമല്ലെന്നും ഗവർണർ പറഞ്ഞു.

'ന്യൂയോർക്കിനെ ന്യൂജേഴ്‌സിയും കണക്ടിക്കറ്റുമായും ബന്ധിപ്പിക്കാതിരിക്കാൻ പ്രായോഗികമായി മാർഗങ്ങളില്ല. ജോലിയുമായി ബന്ധപ്പെട്ട് അങ്ങോട്ടും ഇങ്ങോട്ടും ഒഴിവാക്കാൻ കഴിയാത്ത യാത്രകൾ ദിനംതോറും നടകുരുന്നു,' കോമോ ചൂണ്ടിക്കാട്ടി.

ഇരു  സംസ്ഥാനങ്ങളിലെ ഗവർണർമാരുമായി ഇക്കാര്യം  ചർച്ചചെയ്‌തു.  ന്യൂയോർക്കിലേക്കും തിരിച്ചും തീർത്തും അനിവാര്യമായ യാത്രകൾ മാത്രം അനുവദിക്കാൻ പദ്ധതി ഉള്ളതായും കോമോ  പറഞ്ഞു. രോഗികളുടെ എണ്ണം കൂടുന്ന  പെൻസിൽവാനിയയിൽ നിന്നുള്ള അനാവശ്യ യാത്രകളും നിരുത്സാഹപ്പെടുത്താൻ ആലോചിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. 

കൊറോണ പരിശോധനയിൽ മൂന്ന് ശതമാനത്തിൽ അധികവും പോസിറ്റീവായി രേഖപ്പെടുത്തിയ സാഹചര്യമാണ് ന്യൂജേഴ്‌സിയിലുള്ളത്.  കണക്ടിക്കട്ടിൽ അത് 1.7  ശതമാനമാണെന്ന്   ഗവർണർ നെഡ് ലാമോന്റും പെൻസിൽവാനിയയിൽ 4.3 ശതമാനമാണെന്ന് ഗവർണർ ടോം വോൾഫും വെളിപ്പെടുത്തി. 

ന്യൂ യോർക്കിലെ പോസിറ്റീവ് കേസുകളുടെ നിരക്ക് രാജ്യത്തെ തന്നെ കുറഞ്ഞ നിരക്കിൽ ഒന്നാണ്- 1.3 ശതമാനം. എങ്കിലും ന്യൂയോർക് നഗരത്തിന്റെ വടക്കൻ മേഖലകളിൽ ഏതാനും ഹോട്സ്പോട്ടുകൾ കണ്ടതിൽ ആരോഗ്യ അധികൃതർ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്. 

ഈ വർഷാരംഭം, കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ വലിയ രീതിയിൽ ന്യൂയോർക്കിനെ  ബാധിച്ചതാണ്,  കടുത്ത  പ്രതിരോധങ്ങൾ തീർത്താണ് സംസ്ഥാനം രോഗനിരക്ക് താഴ്ത്തിക്കൊണ്ടുവന്നത്. നിലവിൽ, ന്യൂയോർക്കിലേക്ക് മറ്റു 43  സംസ്ഥാനങ്ങളിൽ നിന്നോ യുഎസിലെ രണ്ടു ടെറിട്ടറികളിൽനിന്നോ ആളുകൾ എത്തിയാൽ പതിനാല് ദിവസം ക്വാറന്റൈനിൽ കഴിയണം. കണക്ടിക്കട്, ന്യൂ ജേഴ്‌സി , പെൻസിൽവാനിയ എന്നീ സംസ്ഥാനങ്ങളെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് ചൊവ്വാഴ്ച
കോമോ  പറഞ്ഞത്. 'സമ്പദ്‌വ്യവസ്ഥയിൽ കാര്യമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നതുകൊണ്ടാണ് അടിയന്തിരമായി നടപടി എടുക്കാത്തത്. പൊതുജനാരോഗ്യം കണക്കിലെടുത്ത് മഹാമാരിയെ നേരിടുന്നതിനൊപ്പം സമ്പദ്ഘടന പിടിച്ചുനിർത്തേണ്ടതും നമുക്ക് മുന്നിലെ വെല്ലുവിളിയാണ്.'  കോമോ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക