പ്രളയ ദുരിതത്തില്‍ ബുദ്ധിമുട്ടുന്ന തെലങ്കാനയിലെ ജനങ്ങള്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് നടന് വിജയ് ദേവരക്കൊണ്ട. ട്വിറ്ററിലൂടെയാണ് താരത്തിന്റെ അഭ്യര്‍ത്ഥന. കേരളത്തിലും തമിഴ്നാട്ടിലും പ്രളയമുണ്ടായപ്പോള്‍ സഹായിച്ചെന്നും ഇപ്പോള്‍ ഞങ്ങള്‍ക്ക് സഹായം വേണമെന്നുമാണ് താരം കുറിച്ചത്.
കേരളത്തിനായി ഞമ്മള് ഒന്നിച്ചു, ചെന്നൈയ്ക്കായി ഒന്നിച്ചു, സൈനികര്‍ക്കായും ഞങ്ങള്‍ ഒന്നിച്ചു. കൊവിഡിന്റെ സമയം പലകാര്യങ്ങള്‍ക്കും ഞങ്ങള്‍ ഒരുമിച്ച് നിന്നു. ഇപ്പോഴിതാ ഞങ്ങളുടെ നഗരവും ജനങ്ങളും സഹായം തേടുകയാണ്,'- താരം കുറിച്ചു.
കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപയും വിജയ് സംഭാവന ചെയ്തു. ഈ വര്‍ഷം എല്ലാവരും ബുദ്ധിമുട്ടുകയാണെന്നും കൂട്ടത്തില്‍ മെച്ചപ്പെട്ട ജീവിതം നയിക്കുന്നവര്‍ സഹായിക്കണം എന്നും മറ്റൊരു ട്വീറ്റില്‍ താരം പറഞ്ഞു.
ഹൈദരാബാദ് അടക്കമുള്ള നഗരങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ നിരവധി പേര് മരിക്കുകയും പലര്‍ക്കും വീടുകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ദുരന്ത നിവാരണ സേനയും പൊലീസും ഉള്‍പ്പടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുണ്ട്.
ഇതിനോടകം നിരവധി സൂപ്പര്‍താരങ്ങള്‍ തെലുങ്കാനയ്ക്ക് സഹായവുമായി എത്തിയിട്ടുണ്ട്. മഹേഷ് ബാബുവും ചിരഞ്ജീവിയും ഒരു കോടി രൂപ വീതവും ജൂനിയര്‍ എന്‍ടിആറും നാഗാര്‍ജുനയും 50 ലക്ഷം വീതവും സഹായനിധിയിലേക്ക് കൈമാറി.