Image

യുവതിയെ ജയിലില്‍ പോലീസുകാര്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സംഭവം: ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Published on 20 October, 2020
യുവതിയെ ജയിലില്‍ പോലീസുകാര്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സംഭവം: ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു
രേവ (മധ്യപ്രദേശ്): കൊലക്കുറ്റത്തിനു ജയിലിലടയ്ക്കപ്പെട്ട 20 വയസ്സുകാരിയെ പൊലീസുകാര്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കിയതായി പരാതി. മധ്യപ്രദേശിലെ രേവയിലാണ് സംഭവം. അഞ്ചു പൊലീസുകാര്‍ ചേര്‍ന്ന് പത്തു ദിവസത്തോളം ലോക്കപ്പിലിട്ട് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.

ഈമാസം പത്തിന് മംഗവാനിലെ കറക്ഷനല്‍ ഹോമില്‍ പരിശോധനയ്‌ക്കെത്തിയ അഡീഷനല്‍ ജില്ലാജഡ്ജിയോടും ഒരു കൂട്ടം അഭിഭാഷകരോടുമാണ് യുവതി ഇക്കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. സബ് ഡിവിഷനല്‍ പൊലീസ് ഓഫിസര്‍ (എസ്ഡിഒപി), പൊലീസ് സ്‌റ്റേഷന്‍ ഇന്‍–ചാര്‍ജ്, മൂന്നു കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരാണ് തന്നെ ലോക്കപ്പില്‍ പീഡിപ്പിച്ചതെന്ന് യുവതി പറഞ്ഞു.

സംഭവം പുറത്തുപറയരുതെന്ന് ഇവര്‍ ഭീഷണിപ്പെടുത്തി. തനിക്കെതിരായ അതിക്രമത്തിനെതിരെ പ്രതികരിച്ച  വനിതാ കോണ്‍സ്റ്റബിളിനെ സീനിയര്‍ ഉദ്യോഗസ്ഥന്‍ വലിച്ചുമാറ്റുകയായിരുന്നുവെന്ന് യുവതി പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. നിലവില്‍ പൊലീസ് കസ്റ്റഡിയിലാണിവര്‍. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ജഡ്ജി ഉത്തരവിട്ടു.

രേവ എസ്പി രാകേഷ് സിങ്ങിനോട് ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നിര്‍ദേശിച്ചു. എന്നാല്‍ കോടതിയില്‍നിന്ന് കത്തുകിട്ടിയിട്ടില്ലെന്ന് എസ്പി പറഞ്ഞു. മേയ് ഒന്‍പതിനും 21നും ഇടയ്ക്കാണ് പീഡിപ്പിക്കപ്പെട്ടതെന്നാണു യുവതിയുടെ മൊഴി. എന്നാല്‍ മേയ് 21നാണ് ഇവരെ അറസ്റ്റു ചെയ്തതെന്നു പൊലീസ് പറയുന്നു.

‘ആ യുവതി കൊലക്കേസ് പ്രതിയാണ്. മേയ് 21ന് ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇവരെ പിടികൂടുന്നത്. ഫോണ്‍ സന്ദേശങ്ങള്‍, ലൊക്കേഷന്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. നാട്ടുകാരുടെ സാന്നിധ്യത്തില്‍ 21ന് സെപ്റ്റിക് ടാങ്കില്‍നിന്നാണ് കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെത്തിയത്. ഇവരുടെ രക്തം പുരണ്ട വസ്ത്രങ്ങളും ഇവിടെനിന്ന് കണ്ടെത്തി. ആശുപത്രിയില്‍ ആരോഗ്യപരിശോധന നടത്തിയപ്പോള്‍ മരിച്ചയാളുമായി നടത്തിയ കയ്യാങ്കളിക്കിടെ ഇവരുടെ കാലിന് പരുക്കേറ്റതായി കണ്ടെത്തി’– എസ്!പി പറഞ്ഞു.

എന്തുകൊണ്ടാണ് പീഡനത്തെക്കുറിച്ച് മുന്‍പ് അറിയിക്കാതിരുന്നതെന്ന് ചോദിച്ചപ്പോള്‍ ജയില്‍ വാര്‍ഡനെ മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് വിവരം അറിയിച്ചതാണെന്ന് യുവതി വ്യക്തമാക്കി. കൂട്ടബലാല്‍സംഗത്തെക്കുറിച്ച് തന്നെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ അത് വിശ്വസിച്ചിരുന്നില്ലെന്നുമാണ് വാര്‍ഡന്‍ പറഞ്ഞത്. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ജയിലിലുള്ള വനിതാ തടവുകാരെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു താനടങ്ങുന്ന അഭിഭാഷക സംഘമെന്ന് അഭിഭാഷകന്‍ സതീഷ് മിശ്ര പറഞ്ഞു.

ഈമാസം പത്തിന് ഇവിടെയെത്തിയപ്പോഴാണ് യുവതി കൂട്ടബലാല്‍സംഗത്തെക്കുറിച്ച് പറഞ്ഞത്. മുന്‍പ് എന്താണ് പറയാതിരുന്നതെന്ന് ചോദിച്ചപ്പോള്‍ വാര്‍ഡനെ അറിയിച്ചിരുന്നുവെന്ന് അവര്‍ പറഞ്ഞു. സംഭവം പുറത്തുപറഞ്ഞാല്‍ തന്റെ പിതാവിനെ കൊലക്കേസില്‍ പ്രതിയാക്കുമെന്ന് പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. അഡീഷനല്‍ ജില്ലാ ജഡ്ജി, ജില്ലാ നിയമ ഓഫിസര്‍, താനടക്കം രണ്ട് അഭിഭാഷകര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നതെന്നും സതീഷ് മിശ്ര വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക