Image

കോവിഡ് വാക്സിൻ വൻതോതിൽ നിർമിച്ച് ഫൈസർ; ആഴ്ചകൾക്കുള്ളിൽ ജനത്തിന് കിട്ടും? (മീട്ടു‌)

Published on 19 October, 2020
കോവിഡ്   വാക്സിൻ വൻതോതിൽ നിർമിച്ച് ഫൈസർ; ആഴ്ചകൾക്കുള്ളിൽ ജനത്തിന് കിട്ടും? (മീട്ടു‌)
കോവിഡ് വാക്സിന് അടിയന്തര അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ മരുന്നിന്റെ ഉത്പാദനം ത്വരിതപ്പെടുത്തിയിരിക്കുകയാണ് ഫൈസർ കമ്പനി. ഉത്പാദനവുമായി ബന്ധപ്പെട്ട ഫൂട്ടേജ് പുറത്തുവിട്ടുകൊണ്ട് മരുന്ന് നിർമ്മാണരംഗത്തെ ഭീമന്മാരായ ഫൈസർ തന്നെയാണ് ഈ വർഷം അവസാനത്തോടെ 100 ദശലക്ഷം ഡോസുകൾ തയ്യാറാകുമെന്ന സന്തോഷം  പങ്കുവച്ചത്. 

നവംബറോടെ യു എസിൽ വാക്സിന് അടിയന്തരാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മാൻഹാട്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനി ഉത്പാദനം കൂട്ടിയത്. ബ്രിട്ടീഷ് ലാബിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയ മരുന്ന് കോവിഡിനെ പ്രതിരോധിക്കുക മാത്രമല്ല രോഗം ഭേദമാക്കാനും കഴിവുള്ളതാണെന്നാണ് പ്രസ്ഥാനത്തിന്റെ യുകെയിലുള്ള മേധാവി ബെൻ ഓസ്ബോൺ മാധ്യമങ്ങളോട് പറഞ്ഞത് . 

'ശാസ്ത്രം അനുവദിക്കുന്ന ഒരു വേഗതയുണ്ട്. അതിനൊപ്പമാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. നിർമാണ നിരയിൽ നിന്ന് ആദ്യ മരുന്ന് കുപ്പി കണ്ടതും എന്തെന്നില്ലാത്ത സന്തോഷമാണ് തോന്നിയത്. ഏറെ നാളത്തെ പ്രവർത്തനങ്ങളുടെ ഫലമാണ് ഈ മരുന്ന്. വൈറസിനെ തടസ്സപ്പെടുത്തുകയും രോഗബാധിതന്റെ സ്ഥിതി മോശമാകാതെ രക്ഷപ്പെടുത്തുന്നതുമായിരിക്കണം ഞങ്ങളുടെ ഉത്പന്നം എന്നാണ് പ്രതീക്ഷിച്ചിരുന്നത്. 
മരുന്നിന്റെ ഉപയോഗം കുറ്റമറ്റതാണെന്ന് തെളിയേണ്ട കടമ്പ കൂടി മുന്നിലുണ്ട്. എങ്കിൽ മാത്രമേ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കൂ.' സുരക്ഷിതമാണെങ്കിൽ നവംബർ മൂന്നാം വാരത്തിൽ തന്നെ കമ്പനി അനുമതി തേടുമെന്ന് സി ഇ ഒ ആൽബർട്ട് ബൗർല വ്യക്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക