Image

കൊച്ചി നഗരത്തില്‍ ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിന് തുടക്കമായി

Published on 19 October, 2020
കൊച്ചി നഗരത്തില്‍ ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിന് തുടക്കമായി

കൊച്ചി : സ്മാര്‍ട്ട് മിഷന്റെ ഭാഗമായി നഗരത്തിലെ ട്രാഫിക് സംവിധാനം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നവീകരിച്ചുകൊണ്ടുള്ള ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിന് തുടക്കമായി.


 മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ഗതാഗതം നിയന്ത്രിക്കുന്ന സംസ്ഥാനത്തെ ആദ്യ നഗരമായി കൊച്ചി . 


 നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുരക്ഷിത യാത്ര ഒരുക്കാനും പദ്ധതി പ്രയോജനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 


തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷനാകും. സംവിധാനത്തിന്റെ നിയന്ത്രണ കേന്ദ്രം റവന്യൂ ടവറിലാണ്. നിയമലംഘകരെ കൈയോടെ പിടികൂടാന്‍ കഴിയുന്നതും കാല്‍നട യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പുവരുത്തുന്നതുമാണ് പുതിയ സംവിധാനം. 


സ്മാര്‍ട്ട് മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് ടെക്‌നോളജി ബെയ്‌സ്ഡ് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ഐടിഎംഎസ്) എന്ന പേരിലുള്ള സംവിധാനം കൊച്ചിയില്‍ ഒരുക്കിയിരിക്കുന്നത്.


റഡാര്‍ സംവിധാനം ഉപയോഗിച്ച്‌ വാഹനത്തിരക്ക് അനുസരിച്ച്‌ സ്വയംപ്രവര്‍ത്തിക്കുന്ന സിഗ്‌നല്‍ സംവിധാനം, റോഡ് കുറുകെ കടക്കാനായി കാല്‍നടയാത്രക്കാര്‍ക്ക് പ്രവര്‍ത്തിപ്പിക്കാവുന്ന പെലിക്കന്‍ സിഗ്‌നലുകള്‍, , നിരീക്ഷണ ക്യാമറകള്‍, ചുവപ്പ് ലൈറ്റ് ലംഘനം നടത്തുന്ന വാഹനങ്ങളെ തിരിച്ചറിയാനുള്ള സംവിധാനം, നഗരത്തിലെ അപ്പപ്പോഴുള്ള ഗതാഗതപ്രശ്‌നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍, നിയന്ത്രണ കേന്ദ്രം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി കെല്‍ട്രോണ്‍ സജ്ജമാക്കിയത്.


ഗതാഗത നിയമലംഘനം പിടികൂടാനുള്ള സംവിധാനം, രാത്രിയിലും മോശം കാലാവസ്ഥയിലും ചിത്രങ്ങള്‍ പകര്‍ത്താനാകുന്ന ക്യാമറകള്‍ തുടങ്ങിയവ ഐടിഎംഎസിന്റെ ഭാഗമാണ്.


നിയമം തെറ്റിച്ച്‌ പാഞ്ഞാല്‍ ഒപ്പിയെടുക്കാന്‍ 35 കേന്ദ്രങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കും. നിലവിലുള്ള ക്യാമറകള്‍ കൂടാതെയാണിത്. റെഡ്ലൈറ്റ് ലംഘിക്കുന്നവരെ പിടികൂടാനുള്ള നവീന ക്യാമറകളുമുണ്ട്. ഇതിനായി 35 കേന്ദ്രങ്ങളില്‍ പാന്‍, ടില്‍റ്റ്, സൂം ( പിടിഇസഡ്) ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. 


കലൂര്‍, പാലാരിവട്ടം, വൈറ്റില, ഹൈക്കോടതി ജം​ഗ്ഷന്‍ അടക്കം 21 ജം​ഗ്ഷനുകളില്‍ ആധുനിക സി​ഗ്നല്‍ സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷത്തെ പരിപാലനവും ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവുമുള്‍പ്പെടെ 26 കോടി രൂപയ്ക്കാണ് പദ്ധതി കെല്‍ട്രോണ്‍ നടപ്പാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക