Image

യു.എസിനെ കമ്യൂണിസ്റ്റ് രാജ്യമാക്കാന്‍ അനുവദിക്കില്ല, തോറ്റാല്‍ രാജ്യം വിടും: ട്രംപ്

Published on 19 October, 2020
യു.എസിനെ കമ്യൂണിസ്റ്റ് രാജ്യമാക്കാന്‍ അനുവദിക്കില്ല, തോറ്റാല്‍ രാജ്യം വിടും: ട്രംപ്
ജോര്‍ജിയ: അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പുചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാര്‍ഥിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനെന്ന് ഡൊണാള്‍ഡ് ട്രംപ്. ഇത്രയും മോശം സ്ഥാനാര്‍ഥിയോട് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയാണെങ്കില്‍ താന്‍ രാജ്യം വിടുമെന്നും ജോര്‍ജിയയിലെ മക്കോണില്‍നടന്ന തിരഞ്ഞെടുപ്പുറാലിയില്‍ ട്രംപ് പറഞ്ഞു.

അമേരിക്കന്‍ സംസ്കാരത്തോട് പുച്ഛംമാത്രമാണ് ഡെമോക്രാറ്റുകള്‍ക്കെന്നും യു.എസിനെ കമ്യൂണിസ്റ്റ് രാജ്യമാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും പറഞ്ഞുകൊണ്ട് 2016 തിരഞ്ഞെടുപ്പുപ്രചാരണത്തിലെ വാദങ്ങള്‍ ട്രംപ് ആവര്‍ത്തിച്ചു. അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണ് ബൈഡനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, സൊമാലിഅമേരിക്കന്‍ വംശജയും ഡെമോക്രാറ്റിക് പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധിയുമായ ഇല്‍ഹാന്‍ ഒമറിനുനേരെ ട്രംപ് നടത്തിയ വംശീയപരാമര്‍ശം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. അവര്‍ നമ്മുടെ രാജ്യത്തെ വെറുക്കുന്നുവെന്നും സര്‍ക്കാര്‍പോലുമില്ലാത്ത രാജ്യത്തുനിന്നാണ് വരുന്നതെന്നുമാണ് ഒമറിനെക്കുറിച്ച് ട്രംപ് പറഞ്ഞത്.

എന്നാല്‍, ബൈഡന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപിനുനേരെ കോവിഡ് തന്നെയാണ് ഡിട്രോയിറ്റിലെയും മിഷിഗനിലെയും റാലികളില്‍ ആയുധമാക്കിയത്. മായപോലെ കോവിഡ് അപ്രത്യക്ഷമാകുമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവനയെന്നും ഇപ്പോഴും രാജ്യത്തെ ആളുകളുടെ ജീവന്‍ അപഹരിക്കുകയാണ് വൈറസെന്നും ബൈഡന്‍ കുറ്റപ്പെടുത്തി. “ട്രംപ് എന്താണെന്നുള്ളത് നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇനി നമ്മളെന്താണെന്നുള്ളത് അവര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണം” ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക