Image

മാരാമണ്ണിൽ പൊട്ടിത്തെറിച്ച മനസ്, പാവങ്ങൾക്കു പ്രത്യാശ, സ്ത്രീകൾക്ക് കവചം (കുര്യൻ പാമ്പാടി)

Published on 18 October, 2020
മാരാമണ്ണിൽ പൊട്ടിത്തെറിച്ച മനസ്, പാവങ്ങൾക്കു പ്രത്യാശ, സ്ത്രീകൾക്ക് കവചം (കുര്യൻ പാമ്പാടി)
പമ്പയെ മലീമസമാകുന്നത് മാരാമൺ കൺവെൻഷനാണെന്നു കേരള പൊല്യൂഷൻ കൺട്രോൾ ബോർഡ് കണ്ടെത്തിയതായുള്ള വാർത്ത ദി ഹിന്ദു പത്രം ആഘോഷിച്ചയുടൻ കൺവെൻഷന്റെ ചുമതലയുള്ള ജോസഫ് മാർ ഐറേനിയസ് എപ്പിസ്കോപ്പയെ കാണാൻ ഞാൻ അടൂർക്കു തിരിച്ചു. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയായി മാറിയ ആദ്ദേഹവുമായുള്ള  ആദ്യത്തെയും അവസാനത്തെയും കൂടിക്കാഴ്ച്ച ആയിരുന്നു അത്. 2009 ജൂണിൽ.

അന്നദ്ദേഹം അടൂർ ഭദ്രാസനത്തിന്റെ ചുമതലയുള്ള എപ്പിസ്കോപ്പ. പക്ഷെ ആൾ സ്ഥലത്തില്ല. ലണ്ടനിലാണ്. രാത്രിയോടെ തിരുവനന്തപുരത്ത് വിമാനം ഇറങ്ങും. എങ്കിലും ഒരു ദിവസമേ നാട്ടിലുണ്ടാകൂ. പിറ്റേന്ന് ഇന്തോനേഷ്യക്കു പോകും. രാത്രിയോ അതിരാവിലെയോ കാണാമെന്നു  സെക്രട്ടറി റവ. സ്കറിയ സദയം അറിയിച്ചു.

അരമയുടെ വിശാലമായ വളപ്പിൽ അതിഥികൾക്ക് താമസിക്കാൻ പല മന്ദിരങ്ങൾ ഉണ്ട്. അതിലൊന്നിൽ എനിക്ക് സൗകര്യം ഒരുക്കിത്തന്നു. രാത്രി ഒമ്പതായപ്പോൾ സെക്രട്ടറിയുടെ വിളി വന്നു. മെത്രപ്പോലീത്ത "മേശ കഴിക്കുമ്പോൾ" കൂടെ ഭക്ഷണം കഴിക്കാൻ പ്രത്യേകം ക്ഷണിക്കുന്നു. സഭാമേലദ്ധ്യക്ഷന്മാർ ഭക്ഷണം കഴിക്കുന്നതിനുള്ള നാടൻ ഭാഷ്യമാണ് മേശ കഴിക്കൽ.

അരമനയിലെ നീണ്ട തീൻ മേശയിൽ ഒരറ്റത്ത് സാധാരണ വെള്ള കുപ്പായമണിഞ്ഞു മുഖത്ത് ഒരു വികാര ഭേദവും ഇല്ലാതെ മെത്രാപ്പോലീത്ത ഇരിക്കുന്നു. കുളികഴിഞ്ഞെങ്കിലും മുഖത്ത് ജെറ്റ്ലാഗിന്റെ ക്ഷീണം ഉണ്ട്. ചെറിയൊരു കുരിശുമാല മാത്രമേ അദ്ദേഹത്തെ അൽമേനികളിൽ നിന്ന് വേർതിരിക്കാനുള്ളു. ഇരിക്കാൻ അദ്ദേഹം കൈ കാണിച്ചു. "ഇപ്പോൾ അത്താഴം കഴിക്കാം. സംസാരം രാവിലെ ആകാം".

ചപ്പാത്തി,. കോഴിക്കറി, ചായ, പൂവമ്പഴം. അദ്ദേഹം നല്ല ഭക്ഷണ പ്രിയൻ ആണെന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ നേരിട്ട് കണ്ടു. ഇനിയെന്തു എന്ന് അദ്ദേഹം കണ്ണുയർത്തി ചോദിച്ചു. കപ്പയും മീൻകറിയും ഉണ്ട്. അതും പോരട്ടെ എന്ന് ആംഗ്യം. ഒരു പ്ളേറ്റ് നിറയെ പച്ചക്കപ്പ വേവിച്ചത്, എരിവുള്ള നെയ്മീൻ കറിയും തീർന്നപ്പോഴേക്കും സെക്രട്ടറി ഒരു പൂവൻ പഴം തൊലിയുരിഞ്ഞു കൈയിൽ വച്ചു കൊടുത്തു.

രാവിലെ ഒരുകയ്യിൽ ചായക്കപ്പും പിടിച്ചുകൊണ്ടു അരമന അങ്കണത്തിൽ ഉലാത്തുമ്പോഴാണ് വിഷയം എടുത്തിട്ടത്. "മാരാമൺ പമ്പയെ മലിനപ്പെടുത്തുന്നു എന്ന് ഏതവനാ പറഞ്ഞത്?" ഞാൻ ദി ഹിന്ദുപത്രത്തിന്റെ ക്ലിപ്പിംഗ് എടുത്ത് വായിക്കാൻ കൊടുത്തു. വായിക്കും മുമ്പ് തന്നെ അദ്ദേഹം ക്ഷുഭിതനായി ചോദിച്ചു. ആ പറഞ്ഞവനോട് ശബരിമലയിൽ എന്താന്ന് ചെയ്യുന്നതെന്ന് പോയി നോക്കാൻ പറയൂ. തീര്ത്ഥാടന സീസണിൽ പമ്പയെ ഏറ്റവും കൂടുതൽ മലിനപ്പെടുത്തുന്നത് അവരല്ലേ!

മറുപടിയുടെ കാർക്കശ്യത്തിൽ ഞെട്ടിത്തരിച്ച് നിൽക്കുമ്പോൾ അതെ ശ്വാസത്തിൽ തിരുമേനി തുടർന്നു.  "അങ്ങിനെയൊന്നും പറഞ്ഞു കൂടാ. അങ്ങിനെ റിപ്പോർട്ട് ചെയ്യുകയും അരുത്. മതവിശ്വാസം ഹനിക്കുന്ന ഒന്നും പറഞ്ഞു കൂടാ".

ലക്ഷക്കണക്കിന് പുരുഷാരം വന്നു കൂടുന്ന മാരാമണ്ണിലെ പമ്പാ മണൽപ്പുറത്ത് താൽക്കാലിക ശൗചാലയങ്ങൾ സ്ഥാപിക്കുന്നതും കൺവെൻഷൻ കഴിഞ്ഞാലുടൻ പൊളിച്ച് മാറ്റുന്നതും പഞ്ചായത്താണ്. സമ്മേളനനഗറിൽ   കടലാസോ പൊട്ടോ പൊടിയോ ഉണ്ടെങ്കിൽ അതെല്ലാം പെറുക്കി ശുദ്ധമാക്കുന്നതിനു നൂറു കണക്കിന് സന്നദ്ധ പ്രവർത്തകർ ഉണ്ട്. കൺവെൻഷൻ കഴിഞ്ഞാൽ അവിടെ അങ്ങിനെയിരു സംഭവം ഉണ്ടായിരുന്നു എന്ന് പോലും ആരും അറിയരുത് എന്നാണ് പ്രമാണം.

"മുക്കാൽ നൂറ്റാണ്ടിൽ ഏറെയായി കൺവൻഷനിൽ പങ്കെടുക്കുന്ന ആളാണ് ഞാൻ. നാല് വയസ് ഉള്ളപ്പോൾ പമ്പയുടെ ഓരം ചേർന്നുള്ള പാലക്കുന്നത്ത് തറവാട്ടിന്റെ പരിസരത്ത് അപ്പന്റെ തോളിലിരുന്നു കൺവെൻഷൻ കണ്ടു തുടങ്ങിയതാണ്. എല്ലാം ഞാൻ നേരിട്ട് കണ്ടു വളർന്നതാണ്"--ഇത്രയും ആയപ്പോഴേക്കും അദ്ദേഹം ശാന്തനും വിനയാന്വിതനും ആയിക്കഴിഞ്ഞിരുന്നു.

അഞ്ചു മെത്രാന്മാരെ സഭക്ക് നൽകിയ തറവാട്ടിൽ നിന്ന് വീണ്ടും ഒരാൾ വൈദികനാകാൻ ആഗ്രഹം ഉണ്ടായിരുന്നില്ല. എങ്കിലും ഡീക്കനും വൈദികനും എപ്പിസ്കോപ്പയും സഫ്രഗൻ മെത്രാപ്പോലീത്തയും ഒക്കെയായി. ആരോഗ്യ കാരണങ്ങളാൽ പരമാധികാരപദം ഒഴിവാക്കണമെന്ന വലിയ മെത്രാപോലിത്ത ഫിലിപ്പോസ് മാർ ക്രിസോസ്റത്തിന്റെ ആഗഹത്തിനു വഴങ്ങിയാണ് സഭാനേതൃത്വം ഏറ്റെടുത്തത്. പലവുരു ജന്മദിന കേക്ക് മുറിച്ച് അദ്ദേഹത്തിന് കൊടുത്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ 27 വലിയ മെത്രാപ്പോലീത്തക്ക് 103 തികഞ്ഞു.

ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ തൊണ്ണൂറാം ജന്മദിനം അടുത്ത് വരുമ്പോഴായിരുന്നു അന്ത്യം. ഒരുവർഷം നീളുന്ന നവതി ആഘോഷം ജൂൺ 27 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തത്. അന്ന് പറഞ്ഞ പ്രകീർത്തനങ്ങൾ അനുസ്മരിച്ച് കൊണ്ട് മോദിയുടെ അനുശോചന സന്ദേശവും ഞായറാഴ്ച ട്വിറ്ററിൽ വന്നു.

ഇംഗ്ലണ്ടിൽ ദൈവശസ്ത്രത്തിൽ രണ്ടു മാസ്റ്റേഴ്സ് എടുത്ത് വെർജീനിയയിൽ നിന്ന് ഓണററി ഡോക്ട്രേറ് നേടിയ മെത്രാപോലിത്ത അന്താരാഷ്ട്ര വീക്ഷണമുള്ള ഭരണാധികാരി ആയിരുന്നു. സഭകളുടെ ലോക കൗൺസിൽ ഭരണസമിതിയിൽ പ്രവർത്തിച്ചു. കാസ എന്ന ക്രിത്യൻ ഏജൻസി ഫോർ സോഷ്യൽ ആക്ഷന്റെ അധ്യക്ഷനായും സേവനം ചെയ്തു.

മാരാമൺ കൺവെൻഷനിൽ രാത്രിസമ്മേളനങ്ങളിൽ സ്ത്രീകൾക്കുണ്ടായിരുന്ന നിരോധനം അദ്ദേഹം എടുത്തുകളഞ്ഞു. സുനാമിയും പ്രളയവും .പോലുള്ള പ്രകൃതി ദുരന്തങ്ങളിൽ പെട്ടവർക്ക് സഹായം എത്തിക്കുന്ന നിരവധി പരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കി.

വലിയ മെത്രാപ്പോലീത്തയെപ്പോലെ എല്ലാ രാഷ്ട്രീയ കക്ഷികളോടും സമഭാവന പുലർത്തി. ചെങ്ങന്നൂർ ഉപ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരിയ്ക്കുമ്പോഴാണ് പി ശ്രീധരന്പിള്ളയുടെ ഒരു പുസ്തകം പ്രകാശനം ചെയ്യാൻ മടികൂടാതെ എത്തിയത്. അത് വലിയ വിവാദം സൃഷ്ട്ടിച്ചുവെങ്കിലും മെത്രാപോലിത്ത വാക്കു പാലിച്ചുവെന്നു ഇപ്പോൾ മിസോറാം ഗവർണർ ആയ പിള്ള നന്ദിയോടെ ഓർമ്മിക്കുന്നു.                       
മാരാമണ്ണിൽ പൊട്ടിത്തെറിച്ച മനസ്, പാവങ്ങൾക്കു പ്രത്യാശ, സ്ത്രീകൾക്ക് കവചം (കുര്യൻ പാമ്പാടി)മാരാമണ്ണിൽ പൊട്ടിത്തെറിച്ച മനസ്, പാവങ്ങൾക്കു പ്രത്യാശ, സ്ത്രീകൾക്ക് കവചം (കുര്യൻ പാമ്പാടി)മാരാമണ്ണിൽ പൊട്ടിത്തെറിച്ച മനസ്, പാവങ്ങൾക്കു പ്രത്യാശ, സ്ത്രീകൾക്ക് കവചം (കുര്യൻ പാമ്പാടി)മാരാമണ്ണിൽ പൊട്ടിത്തെറിച്ച മനസ്, പാവങ്ങൾക്കു പ്രത്യാശ, സ്ത്രീകൾക്ക് കവചം (കുര്യൻ പാമ്പാടി)മാരാമണ്ണിൽ പൊട്ടിത്തെറിച്ച മനസ്, പാവങ്ങൾക്കു പ്രത്യാശ, സ്ത്രീകൾക്ക് കവചം (കുര്യൻ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക