Image

മലങ്കര മാർത്തോമാ സഭയുടെ സൂര്യതേജസ് (ജീമോൻ റാന്നി)

Published on 18 October, 2020
മലങ്കര മാർത്തോമാ സഭയുടെ സൂര്യതേജസ്  (ജീമോൻ റാന്നി)

ഹൂസ്റ്റൺ ∙ മണ്ണും ജലവും പ്രകൃതിയും രൂപപ്പെടുത്തുന്ന മനുഷ്യർ പൊതുവെ പരുക്കൻ പ്രകൃതക്കാരാണ്. അവർ തെറ്റുകളോടും അനീതിയോടും സന്ധിയില്ലാതെ ക്ഷോഭിക്കും. ദുഃഖിതരോടും ക്ഷീണിതരോടും അതിവേഗം അനുരൂപപ്പെടും. പച്ച മനുഷ്യർ അങ്ങനെയാണ്, മലങ്കര മാർത്തോമ്മാ സഭ അധ്യക്ഷൻ ജോസഫ് മാർത്തോമ്മായെ പോലെ. ഒരു നോട്ടം, ഉഗ്രമായ ആ ശബ്ദം അതിനു കീഴിൽ ഒരു സഭ ധീരമായി മുന്നേറി 21ാം നൂറ്റാണ്ടിലേക്കു മാർത്തോമ്മാ സഭയെ നയിക്കാൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട 21ാം മാർത്തോമ്മാ പട്ടത്വത്തിന്റെ 63 വർഷവും ജീവിതത്തിൽ നവതിയുടെ നിറവിൽ നിന്നിരുന്ന ആ മഹാവ്യക്തിത്വം വിടവാങ്ങി.   

മാർത്തോമ്മാ സഭയുടെ മുഴുവൻ ഭരണത്തിനൊപ്പം നാലു ഭദ്രാസനങ്ങളുടെ അധിക ചുമതലയും വിവിധ സ്ഥാപനങ്ങളുടെ ചുമതലയും ജോസഫ് മാർത്തോമ്മാ എന്ന കരുത്തനായ സഭാധ്യക്ഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു .

ഓർമയും വിവേകവും സഭയെ നയിക്കാനുള്ള ശക്തിയും നൽകണമേയെന്നായിരുന്നു  മെത്രാപ്പൊലീത്തയുടെ ദൈനംദിന പ്രാർഥന. 90 വയസ് പിന്നിട്ടിട്ടും ശരീരത്തിനു വിശ്രമം അനുവദിക്കാൻ മെത്രാപ്പൊലീത്തയുടെ ചുറുചുറുക്കുള്ള മനസ് തയ്യാറായില്ല . മേൽപ്പട്ടക്കാരൻ എന്ന നിലയിൽ മെത്രാപ്പൊലീത്ത എന്നും മനസിൽ സൂക്ഷിക്കുന്ന രണ്ടു ഉപദേശങ്ങളുണ്ട്, കാലം ചെയ്ത മാത്യുസ് ദ്വിതീയൻ കാതോലിക്ക ബാവയുടെയും യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെയും. 1975 ഫെബ്രുവരി ഏഴാം തീയതി മെത്രാഭിഷേകത്തിനു മുന്നോടിയായി ജോസഫ് മാർത്തോമ്മയെ വിളിച്ച മാത്യൂസ് ദ്വിതീയൻ കാതോലിക്ക ബാവ ആശംസിച്ചു –‘‘ മാർത്തോമ്മാ സഭയിൽ എപ്പിസ്കോപ്പൽ സ്ഥാനത്തേക്ക് വിളിക്കപ്പെട്ടതിൽ സന്തോഷിക്കുന്നു, സഹതാപം അറിയിക്കുന്നു’’. ‌‘‘ഭ്രാന്ത് പിടിപ്പിക്കുന്ന സാഹചര്യങ്ങളിലേക്ക് ഇറങ്ങാൻ തയാറായിക്കൊള്ളുക, കാറ്റിനാലും കോളിനാലും അന്തരീക്ഷം മുഖരിതമായിരിക്കും. ഒരിടത്ത് ഉറച്ചു നിന്ന് ദൈവം നല്ലവനെന്നു രുചിച്ചറിഞ്ഞു മുന്നോട്ടു പോവുക’’ – യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്ത ഉപദേശം എഴുതി നൽകി. രണ്ടുപദേശങ്ങളും ജീവിതത്തിൽ അനുഭവിച്ച് അറിഞ്ഞാണ് മെത്രാപ്പൊലീത്ത സഭയെ നയിച്ചത്. സഭ സാമൂഹിക ദർശനത്തിൽ കൂടുതൽ സജീവമായി എന്നതാണ് ജോസഫ് മാർത്തോമ്മായുടെ ഭരണ നേട്ടങ്ങളിൽ ആദ്യത്തേത്. ദുരിതങ്ങളിൽ കഴിയുന്ന ജനതയുടെ ജാതിയോ മതമോ തിരക്കാതെ അദ്ദേഹം സമാധാന ദൂതനായി ഇറങ്ങി. ഭിന്നശേഷിക്കാർക്കു വേണ്ടി പത്തനാപുരത്തെ പ്രത്യാശ ഭവനും മാവേലിക്കരയിലെ ജ്യോതിസിലും തുടങ്ങി ഭിന്ന ലിംഗക്കാരുടെ സംരക്ഷണംവരെ എത്തി നിന്നു ജോസഫ് മാർത്തോമ്മയുടെ സാമൂഹിക പ്രതിബദ്ധതാ മാതൃകകൾ.

ചുവന്ന തെരുവിലെ കുഞ്ഞുങ്ങൾക്കായി നവജീവൻ പ്രസ്ഥാനം തുടങ്ങാനും മുന്നിൽ നിന്നത് തിരുമേനിയായിരുന്നു. ഇവയൊന്നും മതപരിവർത്തന കേന്ദ്രങ്ങൾ ആകരുതെന്ന ശാഠ്യം തിരുമേനിക്കുണ്ടായിരുന്നു. ഒരു അന്തേവാസിയും അവരുടെ ജാതിയുടെയോ മതത്തിന്റെയോ പേരിൽ വേർതിരിക്കപ്പെടരുതെന്നും അദ്ദേഹം നിർബന്ധം പിടിച്ചു. സഭകൾ തമ്മിലുള്ള ഐക്യത്തിനും മധ്യസ്ഥന്റെ വേഷത്തിൽ മെത്രാപ്പൊലീത്തയുണ്ടായിരുന്നു. യാക്കോബായ, മാർത്തോമ്മാ സഭകളുടെ ബന്ധത്തിൽ പരസ്പരം മനസിലാക്കാനും ധാരണപുതുക്കാനും ഒരു കമ്മീഷനായി മെത്രാപ്പൊലീത്ത പ്രവർത്തിച്ചു. അടിസ്ഥാന കാര്യത്തിൽ ഐക്യത്തിന്റെ മാർഗം കണ്ടെത്തുന്നതിനൊപ്പം സ്വീകരിക്കേണ്ടതിനെ സ്വീകരിക്കാനും സ്വീകാര്യമല്ലാത്തതിനെ ആദരിക്കാനുമാണ് മെത്രാപ്പൊലീത്ത പഠിപ്പിക്കുന്നത്.
പശ്ചിമേഷ്യയിലെ പൗരസ്ത്യ സഭകൾ അത്തരമൊരു ഐക്യത്തിനുശ്രമം തുടങ്ങിയത് ആശ്വാസകരമാണെന്നും ജോസഫ് മാർത്തോമ്മ പറഞ്ഞു.

 ലോക സഭാ കൗണ്‍സിൽ ആഹ്വാനം ചെയ്തതു പോലെ സഭയ്ക്കും ലോകത്തിനും രൂപാന്തരം നൽകണേയെന്നായിരുന്നു മെത്രാപ്പൊലീത്തയുടെ പ്രാർഥന എപ്പോഴും. 1931 ജൂൺ 27നു മാരാമൺ പാലക്കുന്നത് തറവാട്ടിലാണ് ജോസഫ് മാർത്തോമ്മാ ജനിച്ചത്. 1957 ജൂൺ 29നു ശെമ്മാശനും 1957 ഒക്ടോബർ 18നു പട്ടക്കാരനുമായി. 1975 ജനുവരി 11നു റമ്പാനായും 1975 ഫെബ്രുവരി എട്ടിനു മെത്രാനായും വാഴിക്കപ്പെട്ടു. അഭിവന്ദ്യ ഫിലിപ്പോസ് മാർ ക്രിസോസ്‌റ്റം മെത്രാപ്പോലീത്തയ്ക്ക് ശേഷം  2007 മുതൽ മാർത്തോമ്മാ സഭയുടെ അധ്യക്ഷനായി പ്രവർത്തിച്ചു.  

മാത്തോമാ സഭയ്ക്ക് മാത്രമല്ല ആഗോള ക്രൈസ്തവ സഭയ്ക്കും കേരളത്തിനും ഒരു മഹാ നഷ്ടമാണ് തിരുമേനിയുടെ വിയോഗത്തോടെ സംഭവിച്ചിരിക്കുന്നത്. WCC, CCA തുടങ്ങിയ സഭ വേദികളിലൊക്കെ സജീവ സാന്നിധ്യമായിരുന്നു ജോസഫ് മാർത്തോമ്മ. കക്ഷി ഭേദമെന്യേ കേന്ദ്ര സംസ്ഥാന ഭരണ കേന്ദ്രങ്ങളിൽ ശക്തമായ സ്വാധീനം ചെലുത്തുവാനും സാമൂഹ്യ  പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട  ഇടയശ്രേഷ്ഠനാണ് വിടവാങ്ങിയത്. പരിസ്ഥിതി പ്രശ്ങ്ങളിൽ തന്റേതായ ഇടപെടലുകളും അഭിപ്രായങ്ങളും പറയാൻ ആർജവം കാണിച്ച ഇടയശ്രേഷ്ഠന്റെ വിടവാങ്ങൽ ഈ ലേഖകനും വല്ലാത്ത നൊമ്പരങ്ങൾ തരുന്നു.

1957 ൽ പട്ടക്കാരനായി ആദ്യം ചുമതലയേൽക്കുന്നത് റാന്നിയിലായിരുന്നു എന്ന് തിരുമേനി പലപ്പോഴും പ്രസംഗങ്ങളിൽ പരാമർശിക്കാറുണ്ടായിരുന്നു. മലയോര പ്രദേശമായ റാന്നിയിൽ 9 ഇടവകളുടെ ചുമതലയായിരുന്നു പാലാക്കുന്നത്തു റവ. പി.ടി. ജോസഫിന് ( തിരുമേനി വൈദികനായിരുന്നപ്പോൾ ഉള്ള പേര്)   റാന്നി പഴവങ്ങാടികര ഇമ്മാനുവേൽ, റാന്നി ക്രിസ്‌തോസ്, തുലാപ്പള്ളി തുടങ്ങിയ വിസ്തൃതമായ പ്രദേശങ്ങൾ, വാഹന സൗകര്യങ്ങൾ തുലോം കുറവ്. അന്ന്  
പഴവങ്ങാടികര ഇമ്മാനുവേൽ മാർത്തോമാ ഇടവകയുടെ സെക്രട്ടറി ആയിരുന്നത് 2015 കർതൃ സന്നിധിയിലേക്ക് എടുക്കപെട്ട എന്റെ പിതാവ് പേരങ്ങാട്ടു പുത്തൻപറമ്പിൽ പി.വി.മാത്യുവായിരുന്നു. തന്റെ ആദ്യ ഇടവക സെക്രട്ടറി ആയിരുന്ന എന്റെ പിതാവുമായുള്ള തിരുമേനിയുടെ സുദൃഢ ബന്ധം പിതാവിന്റെ മരണം വരെ തുടന്നിരുന്നു. നിരവധി സന്ദർഭങ്ങളിൽ തിരുമേനി തന്റെ ആദ്യകാല പട്ടത്വ ശുശ്രൂഷാകാലങ്ങളെ പറ്റി വിവരിക്കുന്നത് കേട്ടിട്ടുണ്ട്. പിതാവുമായുള്ള  ബന്ധത്തിൽ കൂടി ലഭിച്ച തിരുമേനിയുടെ വാത്സല്യ സ്നേഹവും കരുതലും ഈ ലേഖകനോടും കുടുംബത്തോടും എപ്പോഴും  ഉണ്ടായിരുന്നു.  

മാർത്തോമാ സഭയുടെ നവീകരണ പിതാവായ ഏബ്രഹാം മല്പാൻറെ കുടുംബമായ  മാരാമൺ പാലക്കുന്നത്ത് തറവാട്ടിൽ നിന്നും ഭാഗ്യസ്മരണീയരായ മാത്യൂസ് മാർ അത്തനാസിയോയ്സ് മെത്രാപ്പോലീത്ത, തോമസ് മാർ അത്താനോസ്യോസ് മെത്രാപ്പൊലീത്ത, തീത്തൂസ് പ്രഥമൻ മെത്രാപ്പോലിത്താ, തീത്തോസ് ദ്വിതീയൻ മെത്രാപൊലീത്ത എന്നീ മെത്രാപ്പോലീത്താമാടോപ്പം ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തയ്ക്കും  ഈ സഭയെ സുധീരമായി നയിക്കുവാൻ ദൈവം അവസരം നൽകി. കര്മയോഗിയും മലങ്കര മാർത്തോമാ സുറിയാനി സഭയുടെ സൂര്യതേജസായിരുന്ന ജോസഫ് മാർത്തോമായുടെ ഓർമകൾക്ക് കണ്ണീർ പ്രണാമങ്ങൾ.......

ജീമോൻ റാന്നി  
മലങ്കര മാർത്തോമാ സഭയുടെ സൂര്യതേജസ്  (ജീമോൻ റാന്നി)
Join WhatsApp News
Mathew Varghese 2020-10-18 12:17:36
He was indeed a great person. Let's thank God.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക