Image

ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത കാലം ചെയ്തു

Published on 18 October, 2020
ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത കാലം ചെയ്തു

തിരുവല്ല: കോട്ടയം: മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷനും ആഗോള സഭാ ഐക്യ പ്രസ്ഥാനങ്ങളിലെ ഭാരതത്തിന്റെ ശബ്ദവുമായിരുന്ന  ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത (90) കാലം ചെയ്തു. ബിലിവേഴ്‌സ് ചര്‍ച്ച്‌ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 2.38 നായിരുന്നു അന്ത്യം. 


പാന്‍ക്രിയാസ് ഗ്രന്ഥിയില്‍ ക്യാന്‍സര്‍ ബാധിച്ച്‌ ചികില്‍സയില്‍ കഴിയുകയായിരുന്നു. ഇന്നലെ നില വഷളായി. ഭൗതിക ശരീരം രാവിലെ എട്ടുമുതല്‍ തിരുവല്ല എസ് സി എസിലെ ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.


ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ പിന്‍ഗാമിയായി 2007 നാണ് ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത സ്ഥാനം ഏറ്റെടുക്കുന്നത്. സഭയുടെ നവീകരണത്തില്‍ പ്രധാന പങ്കു വഹിച്ചയാണ് ഡോ. ജോസഫ് മാര്‍ത്തോമ്മ.


 സഭയിലെ വിപ്ലവകരമായ മാറ്റങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച മെത്രാപ്പൊലീത്ത അശരണര്‍, രോഗികള്‍, ദരിദ്ര ജനവിഭാഗങ്ങള്‍, ആവശ്യത്തിലിരിക്കുന്നവര്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് തുടങ്ങിയവര്‍ ഉള്‍പ്പെടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടി ജീവിതത്തിന്റെ ഏറിയ പങ്കും നീക്കിവച്ചു. പരിസ്ഥിതി വാദി കൂടിയായിരുന്നു അദ്ദേഹം.


ഭിന്നശേഷിക്കാര്‍ക്കു വേണ്ടി പത്തനാപുരത്തു   പ്രത്യാശ ഭവന്‍, മാവേലിക്കരയിലെ ജ്യോതിസ്  മുംബൈയിലെ ചുവന്ന തെരുവിലെ കുഞ്ഞുങ്ങള്‍ക്കായി നവജീവന്‍ തുടങ്ങിയ പ്രസ്ഥാനങ്ങൾക്കൊപ്പം  ഭിന്ന ലിംഗക്കാരെ മുന്‍ നിരയിലേക്കു നയിക്കാനുള്ള പദ്ധതിയും ആരംഭിച്ചു. 


പ്രളയ ദുരിതബാധിതരെ സഹായിക്കുന്നതിന് സഭയുടെ 100 വീടുകള്‍ എന്ന പദ്ധതിയും മെത്രാപ്പൊലീത്ത നടപ്പാക്കി . മാരാമണ്‍ കണ്‍വന്‍ഷനിലെ രാത്രിയോഗങ്ങളില്‍ സ്ത്രീകളുടെ  വിലക്ക് നീക്കിയതും മെത്രാപ്പൊലീത്തയാണ്.


കഴിഞ്ഞ ജൂണ്‍ 27 നായിരുന്നു മെത്രാപ്പോലീത്തയുടെ നവതി ആഘോഷം. പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ നടന്ന ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തത്. 


മാരാമണ്‍ പാലക്കുന്നത്ത് കുടുംബത്തിലാണ് ഡോ. ജോസഫ് മാര്‍ തോമാ മെത്രാപ്പോലീത്ത ജനിച്ചത്. മലങ്കര സഭയുടെ നവീകരണത്തിന്റെ പിതാവ് അബ്രഹാം മല്‍പന്റെയും മാര്‍ത്തോമ്മാ സഭയിലെ ആദ്യത്തെ നാല് മെട്രോപൊളിറ്റന്‍മാരുടെയും പൂര്‍വ്വിക വസതിയായിരുന്നു ഇത്. 



തീത്തൂസ് ദ്വിതീയന്‍ തിരുമേനിയുടെ ജ്യേഷ്ഠസഹോദരന്‍ തോമാച്ചന്റെ മകന്‍ ലുക്കോച്ചന്റെയുംപുത്തൂര്‍ മറിയമ്മയുടെയും  മകനായി 1931 ജൂണ്‍ 27 ന്‌  ജനനം. കോഴഞ്ചേരി സെന്റ് തോമസ് ഹൈസ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം നേടി. ആലുവ യു.സി കോളജില്‍ നിന്ന് ബിഎ പാസായി. സഭാശുശ്രൂഷയ്ക്ക് സമര്‍പ്പിതനായി ബംഗളൂരു യു.ടി കോളജില്‍ നിന്ന് ബിഡി ബിരുദം സമ്ബാദിച്ചു.


പി.ടി.ജോസഫെന്നായിരുന്നു ആദ്യ കാല പേര്. അമേരിക്ക-വിര്‍ജീനിയ സെമിനാരിയിലും ഓക്‌സ്‌ഫോര്‍ഡ്, വിക്ലിഫ്, കാന്റര്‍ബറി സെന്റ് അഗസ്റ്റിന്‍ എന്നീ കോളജുകളിലും ഉപരി പഠനം നടത്തി. എംഡിവ്, എസ്ടിഎം  ബിരുദങ്ങളും നേടി. 


1957-ലാണ് വൈദികനായി സഭാ ശുശ്രൂഷയില്‍ പ്രവേശിച്ചത്. റാന്നി, കുണ്ടറ, കോഴിക്കോട്, മദ്രാസ്, തിരുവനന്തപുരം എന്നീ ഇടവകകളില്‍ പുരോഹിതനായി. 


1975 ജനുവരിയില്‍ റമ്ബാനും ഫെബ്രുവരിയില്‍ എപ്പിസ്‌കോപ്പയുമായി.

ജോസഫ് മാര്‍ ഐറേനിയോസ് എന്ന പേരില്‍ മെത്രാപ്പൊലീത്തയായി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക