Image

ആഗോള വിശപ്പുസൂചികയില്‍ ഇന്ത്യ ഇന്ത്യ 94-ാമത്

Published on 18 October, 2020
ആഗോള വിശപ്പുസൂചികയില്‍ ഇന്ത്യ ഇന്ത്യ 94-ാമത്
ന്യൂഡല്‍ഹി: വിവിധരാജ്യങ്ങളിലെ പോഷകാഹാരക്കുറവും കുട്ടികളിലെ വളര്‍ച്ചക്കുറവും വിലയിരുത്തി തയ്യാറാക്കുന്ന ആഗോള വിശപ്പ് സൂചികയില്‍ (ജി.എച്ച്.ഐ.) ഇന്ത്യ 94ാമത്. 107 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഇത്ര പിന്നിലായത്.

അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, മ്യാന്‍മാര്‍, പാകിസ്താന്‍ എന്നിവ ഇത്തവണ ‘ഗുരുതരവിഭാഗ’ത്തിലാണെങ്കിലും ഇന്ത്യയെക്കാള്‍ മുന്നിലാണ്. ബംഗ്ലാദേശ് 75ഉം മ്യാന്‍മാര്‍ 78ഉം പാകിസ്താന്‍ 88ഉം സ്ഥാനത്താണ്. നേപ്പാള്‍ (73), ശ്രീലങ്ക (64) എന്നിവയും ഇന്ത്യയ്ക്കുമുന്നിലുണ്ട്.

വിശപ്പുനിര്‍മാര്‍ജന നടപടികള്‍ കാര്യക്ഷമമായി നടപ്പാക്കാത്തതും നിരീക്ഷിക്കാത്തതും പോഷകാഹാരക്കുറവ് നിയന്ത്രിക്കുന്നതില്‍ കാട്ടുന്ന ഉദാസീനതയുമാണ് ഇന്ത്യയുടെ പിന്നാക്കാവസ്ഥയ്ക്ക് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞകൊല്ലം 117 രാജ്യങ്ങളുണ്ടായിരുന്ന പട്ടികയില്‍ 102ാമതായിരുന്നു ഇന്ത്യ.

ചൈന, ബെലാറസ്, യുെ്രെകന്‍, തുര്‍ക്കി, ക്യൂബ, കുവൈത്ത് എന്നിവയുള്‍പ്പെടെ 17 രാജ്യങ്ങളാണ് ജി.എച്ച്.ഐ.യില്‍ ആദ്യസ്ഥാനങ്ങളിലുള്ളത്. അഞ്ചില്‍ത്താഴെയാണ് ഇവയുടെ സ്‌കോര്‍. പട്ടിണിയും പോഷകാഹാരക്കുറവും കൂടുംതോറും രാജ്യങ്ങളുടെ സ്‌കോര്‍ കൂടിക്കൊണ്ടിരിക്കും.

രാജ്യത്തെ ജനസംഖ്യയുടെ 14 ശതമാനവും പോഷകാഹാരക്കുറവ് നേരിടുന്നു. അഞ്ചുവയസ്സില്‍താഴെയുള്ള 37.4 ശതമാനം കുട്ടികള്‍ക്കും പ്രായത്തിനനുസരിച്ചുള്ള ഉയരമില്ല. ആ പ്രായത്തിലുള്ള 17.3 ശതമാനം കുട്ടികള്‍ക്കും ഉയരത്തിനനുസരിച്ചുള്ള തൂക്കവുമില്ല. അഞ്ചില്‍ത്താഴെ പ്രായമുള്ളവരിലെ മരണനിരക്ക് 3.7 ശതമാനമാണ്.

വൈവിധ്യമാര്‍ന്ന ആഹാരത്തിന്റെ അഭാവം, അമ്മമാരുടെ വിദ്യാഭ്യാസക്കുറവ്, വീട്ടിലെ ദാരിദ്ര്യം തുടങ്ങി പലതാണ് കുട്ടികളുടെ ഉയരക്കുറവിനുകാരണമെന്ന് 1991- 2014 കാലത്ത് ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ് പോലുള്ള വലിയ സംസ്ഥാനങ്ങളിലാണ് പോഷകാഹാരക്കുറവും തന്മൂലമുള്ള പ്രശ്‌നങ്ങളുമേറെയുള്ളത്. ജനസംഖ്യകൂടുതലുള്ള ഇവ പിന്നാക്കം നില്‍ക്കുന്നതാണ് ജി.എച്ച്.ഐ.യില്‍ ഇന്ത്യക്ക് നിലമെച്ചപ്പെടുത്താനാകാത്തതിനുകാരണം.

ജനനാനന്തരം അമ്മയ്ക്കും കുഞ്ഞിനും മെച്ചപ്പെട്ട പരിചരണം നല്‍കുക, പോഷകാഹാരം ഉറപ്പാക്കുക, മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് അവസരമൊരുക്കുക, വിളര്‍ച്ച, പുകയിലയുടെ ഉപയോഗം എന്നിവ കുറയ്ക്കുക തുടങ്ങിയവയിലൂടെ മാസംതികയാതെയുള്ള മരണങ്ങളും തൂക്കക്കുറവും നിയന്ത്രിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക