Image

കാരക്കോണം: മാധ്യമ അടിച്ചമര്‍ത്തലില്‍ മായുമോ സത്യം

ജി.കെ Published on 17 July, 2011
കാരക്കോണം: മാധ്യമ അടിച്ചമര്‍ത്തലില്‍ മായുമോ സത്യം
സ്വാശ്രയ എംബിബിഎസ്‌ പ്രവേശനത്തില്‍ സര്‍ക്കാരുമായി കരാറുണ്‌ടാക്കിയ കാരക്കോണം മെഡിക്കല്‍ കോളജിലെ സീറ്റുകച്ചവടം പുറത്തുകൊണ്‌ടുവന്നതിന്‌ മാധ്യമങ്ങളുടെ മേല്‍ കലിതീര്‍ത്ത്‌ കണക്കുതീര്‍ത്തിരിക്കുകയാണ്‌ സിഎസ്‌ഐ സഭ. കാരക്കോണത്തുമാത്രമല്ല സര്‍ക്കാരുമായി കരാറുണ്‌ടാക്കിയ എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലും സുപ്രീംകോടതി നിരോധിച്ച തലവരിപ്പണം ലക്ഷങ്ങളായി വാങ്ങുന്നുണ്‌ടെന്നത്‌ പരസ്യമായ രഹസ്യമാണ്‌. അത്‌ ഉറക്കെ വിളിച്ചുപറഞ്ഞതിനാണ്‌ സിഎസ്‌ഐ മെഡിക്കല്‍ കോളെജ്‌ എല്‍എംഎസ്‌ സെക്യൂരിറ്റി ജീവനക്കാരും അവരുടെ സഹായത്തിനെത്തിയ ചില പൊലീസ്‌ ഉദ്യോഗസ്ഥരും ചേര്‍ന്ന്‌ മാധ്യമപ്രവര്‍ത്തകരെ സഭാ ആസ്ഥാനത്ത്‌ തല്ലിച്ചതച്ചത്‌.

എന്നിട്ട്‌ അക്രമങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച ക്യാമറാമാനെ നിലത്തിട്ട്‌ ചവിട്ടുകയും ക്യാമറ തറയിലിട്ട്‌ തകര്‍ക്കുകയും ചെയ്‌തു. അതിലും നിര്‍ത്താതെ ക്യാമറയ്‌ക്കുള്ളിലെ ടേപ്പ്‌ പുറത്തെടുത്ത്‌ അതിലെ തെളിവുകള്‍ നശിപ്പിച്ച ശേഷം ആറുമണിക്കൂറിന്‌ ശേഷം തിരികെ നല്‍കി. ഇതൊക്കെ കണ്‌ടു നിന്ന സര്‍ക്കാരാകട്ടെ അക്രമികള്‍കെതിരെ നടപടിയെക്കുക്കാന്‍ അറച്ചു നിന്ന്‌ അതിവേഗ ബഹുദൂരഭരണം പ്രാവര്‍ത്തികമാക്കി.

രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ മാധ്യമസ്വാധീനമുള്ള ജനതയാണ്‌ കേരളത്തിലേത്‌. പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവോടെ അത്‌ അതിന്റെ പാരമ്യത്തിലെത്തുകയും ചെയ്‌തു. ലെജിസ്ലേറ്റിവ്‌, എക്‌സിക്യൂട്ടിവ്‌, ജുഡീഷ്യറി എന്നീ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കൊപ്പമാണ്‌ ഇന്ത്യന്‍ ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ സ്ഥാനമെന്നാണ്‌ വിശ്വസിയ്‌ക്കപ്പെടുന്നത്‌.

രാജ്യത്തെ ഗ്രസിച്ചിട്ടുള്ള പുഴുക്കുത്തുകള്‍ക്കെതിരേ മുന്‍പറഞ്ഞ എല്ലാ നെടുംതൂണുകളും പരാജയപ്പെടുകയോ മൗനം പാലിക്കുകയോ ചെയ്‌തപ്പോഴൊക്കെ ഇവിടത്തെ മാധ്യമങ്ങള്‍ പ്രത്യേകിച്ച്‌ കേരളത്തിലെ മാധ്യമങ്ങളെല്ലാം ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടുമുണ്‌ട്‌. അതെല്ലാം ഉദ്ദേശിച്ച ഫലം ചെയ്‌തിട്ടുമുണ്‌ട്‌. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ മൂന്നു ശതമാനത്തില്‍ താഴെ മാത്രമേ വരുള്ളൂവെങ്കിലും ലോകത്തു തന്നെ മറ്റേതു സമൂഹത്തെക്കാളും വേഗത്തില്‍ മാധ്യമസ്വാധീനത്തിനു വഴിപ്പെടുന്നവരാണു മലയാളികള്‍. ജനങ്ങളില്‍ നിന്നു മാറി നിന്നുകൊണ്‌ടുള്ള വാര്‍ത്താശേഖരണരീതിയല്ല കേരളത്തിലുള്ളത്‌.

ഓരോ മലയാളിയും വാര്‍ത്തയുടെ പങ്കാളിയാണ്‌. ഭരണകൂടത്തോടും ജുഡീഷ്യറിയോടും ഇതര സര്‍ക്കാര്‍ സംവിധാനങ്ങളോടും പറയാന്‍ മടിക്കുന്നത്‌ ജനങ്ങള്‍ മാധ്യമശ്രദ്ധയില്‍ കൊണ്‌ടു വരും. പലചരക്കുകടയിലെ കൊള്ളലാഭം മുതല്‍ സ്വാശ്രയ കോളെജുകളിലെ തീവെട്ടിക്കൊള്ള വരെ വാര്‍ത്തകള്‍ക്കു വിഭവങ്ങളാണ്‌. സ്‌ത്രീ പീഡനങ്ങള്‍ മുതല്‍ മണി ചെയ്‌ന്‍ തട്ടിപ്പു വരെയുള്ള കൊള്ളരുതായ്‌മകള്‍ മാധ്യമ ചര്‍ച്ചയിലൂടെ തിരുത്താന്‍ കഴിയുന്നുമുണ്‌ട്‌.

കുറച്ചു മര്‍ദ്ദനമേറ്റിട്ടാണെങ്കിലും കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളെജിലെ 85 ശതമാനം സീറ്റിലും സര്‍ക്കാര്‍ ലിസ്റ്റില്‍നിന്നു പ്രവേശനം നടത്താന്‍ കോളെജ്‌ മാനേജ്‌മെന്‍റ്‌ കൈക്കൊണ്‌ട തീരുമാനത്തിനു പിന്നിലെ മാധ്യമസ്വാധീനവും അതു തന്നെയാണ്‌. മുമ്പ്‌ പരിയാരത്തിന്റെ കാര്യത്തിലും മാധ്യമങ്ങളുടെ ഇടപെടലാണ്‌ കാര്യങ്ങളെ നേര്‍വഴിക്ക്‌ നയിച്ചതെന്നകാര്യം വിസ്‌മരിക്കാനാവില്ല. വോട്ടുബാങ്ക്‌ പേടിച്ചോ സഭാ നേതാക്കന്‍മാരുടെയോ വിനീതവിധേയന്‍മാരായതുകൊണ്‌ടോ സര്‍ക്കാര്‍ ഇടപെടാന്‍ മടിക്കുന്ന വിഷയങ്ങളിലാണ്‌ മാധ്യമങ്ങളുടെ ക്രിയാത്മക ഇടപെടലിലൂടെ മാറ്റം സാധ്യമായതെന്നും മറന്നുകൂടാ.

എന്നാല്‍ ഇവിടെ സര്‍ക്കാര്‍ ചെയ്‌തതോ?. കരാര്‍ ലംഘിച്ചുവെന്ന്‌ പകല്‍പോലെ വ്യക്തമായിട്ടും പരാതികിട്ടിയാല്‍ മാത്രം കാരക്കോണത്തെ സീറ്റ്‌ കച്ചവടത്തെയും തലവരിപ്പണത്തെയും കുറിച്ച്‌ അന്വേഷിക്കാമെന്ന്‌ പറഞ്ഞ്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടിയും ആരോഗ്യമന്ത്രി അടൂര്‍ പ്രകാശും സഭയുടെ വിനീത വിധേയരായി. ഒടുവില്‍ പരാതി ലഭിച്ചപ്പോഴാകട്ടെ എല്ലാം കഴിഞ്ഞ്‌ മോരിലെ പുളിയും പോയശേഷം പേരിനൊരു ക്രൈം ബ്രാഞ്ച്‌ അന്വേഷണത്തിന്‌ സര്‍ക്കാര്‍ ഉത്തരവിട്ടു. സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ക്രൈംബ്രാഞ്ച്‌ അന്വേഷണത്തില്‍ സത്യം പുറത്തുവരുമെന്ന്‌ മുഖ്യമന്ത്രിക്ക്‌ പോലും ഉറപ്പില്ലെങ്കിലും തല്‍ക്കാലത്തേക്കെങ്കിലും മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും വായടക്കാനാവുമെന്ന്‌ ആശ്വസിക്കാം.

ഇതിനിടയക്ക്‌ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന്‌ മുതലക്കണ്ണീരൊഴുക്കുന്ന സിപിഎം നേതാക്കളെയും കാരക്കോണത്തും നിയമസഭയിലുമെല്ലാം കാണാനായി എന്നതും വലിയ വിരോധാഭാസമായി. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം സാധ്യമാവണമെന്ന്‌ കോടിയേരി സഖാവും ഇ.പി.ജയരാജന്‍ സഖാവുമെല്ലാം കാരക്കോണത്തെ സഭാമുറ്റത്ത്‌ നിന്ന്‌ ഉറക്കെ പ്രഖ്യാപിച്ചപ്പോള്‍ അറിയാതെയെങ്കിലും തെരഞ്ഞെടുപ്പ്‌ വേളയില്‍ കണ്ണൂരില്‍വെച്ച്‌ മാധ്യമപ്രവര്‍ത്തകനെ പരസ്യമായി തല്ലിയ സിപിഎമ്മിന്റെ സമുന്നതനായ ജില്ലാ സെക്രട്ടറിയെ ഓര്‍ത്തുപോയി.ഇത്തരത്തില്‍ പത്രപ്രവര്‍ത്തനം നടത്തിയാല്‍ ഇനിയും തല്ലുകൊള്ളുമെന്ന അദ്ദേഹത്തിന്റെ മുന്നറിയിപ്പും.

എന്തൊക്കെയായാലും ഈവിഷയത്തില്‍ നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ച ആളെന്ന നിലയില്‍ ഇ.പി.ജയരാജന്‍ സഖാവിന്‌ വാര്‍ത്താസമ്മേളനത്തില്‍ അടികൊണ്‌ട്‌ മാധ്യമപ്രവര്‍ത്തകരുടെ പേരെങ്കിലും തെറ്റാതെ പറയാമായിരുന്നു. അതിന്‌ അടികൊണ്‌ട്‌ സാന്റിയാഗോ മാര്‍ട്ടിനൊന്നുമല്ലല്ലോ വെറുമൊരു മാര്‍ഷല്‍.വി.സെബാസ്റ്റ്യനല്ലെ.

എന്തായാലും അപ്രിയ വാര്‍ത്തകളോട്‌ അസഹിഷ്‌ണുത പുലര്‍ത്തുന്നവര്‍ ഒരു കാര്യം ഓര്‍ക്കുന്നത്‌ നന്ന്‌. ടു ജി സ്‌പെക്ട്രം മുതല്‍ കാരക്കോണം വരെയുള്ള അഴിമതികളെക്കുറിച്ച്‌ പുറത്തുക്കൊണ്‌ടുവന്നത്‌ ഇന്നാട്ടിലെ മാധ്യമങ്ങളാണ്‌. അതുകൊണ്‌ട്‌ അവയെ അടിച്ചമര്‍ത്തുന്നതിലൂടെ ജനങ്ങളുടെ അറിയാനുള്ള അവകാശംകൂടിയാണ്‌ അടിച്ചമര്‍ത്തപ്പെടുന്നത്‌. അടിച്ചമര്‍ത്തുന്ന സത്യം ഒരുനാള്‍ പുറത്തുവരികതന്നെ ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക