Image

ന്യു യോര്‍ക്ക് പോസ്റ്റ് വാര്‍ത്ത ഫെയ്‌സ്ബുക്കും ട്വിറ്ററും സെന്‍സര്‍ ചെയ്തതിനെതിരെ പ്രസിഡന്റ് ട്രമ്പ്

Published on 15 October, 2020
ന്യു യോര്‍ക്ക് പോസ്റ്റ് വാര്‍ത്ത ഫെയ്‌സ്ബുക്കും ട്വിറ്ററും സെന്‍സര്‍ ചെയ്തതിനെതിരെ പ്രസിഡന്റ് ട്രമ്പ്
വാഷിങ്ങ്ടണ്‍, ഡി.സി: ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്റെ പുത്രനു എതിരായി ന്യൂയോര്‍ക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ച വാര്‍ത്ത ഫെയ്സ്ബുക്കും ട്വിറ്ററും സെന്‍സര്‍ ചെയ്തതിനെതിരെ പ്രസിഡന്റ് ട്രമ്പ് രംഗത്ത്.

ഉക്രേനിയന്‍ കമ്പനിയായ ബുരിസ്മയുടെ ബോര്‍ഡ് അംഗവും ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനും തമ്മിലുള്ള ബന്ധം ആരോപിക്കുന്ന ചില ഇമെയില്‍ സന്ദേശങ്ങളാണു ന്യു യോര്‍ക്ക് പോസ്റ്റിന്റെ വാര്‍ത്തക്കാധാരം.

ആറ് ലക്ഷത്തിലധികം കമന്റുകളും ഷെയറുകളുമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിന് വന്നത്.

ബൈഡന്റെ മകനുമായി ബന്ധപ്പെട്ടതെന്ന് ആരോപിക്കപ്പെടുന്ന ഇമെയില്‍ സന്ദേശങ്ങളടെ ചിത്രങ്ങളും രണ്ട് ലേഖനങ്ങളുടെ ലിങ്കുകളും പോസ്റ്റ് ചെയ്യുന്നത് ട്വിറ്റര്‍ വിലക്കി. സ്വകാര്യവിവരങ്ങള്‍ അടങ്ങുന്ന ഉള്ളടക്കം, ഹാക്കിങ്ങിലൂടെ കൈക്കലാക്കിയ ഉള്ളടക്കം എന്നിവ പങ്കുവെക്കുന്നത് വിലക്കിക്കൊണ്ടുള്ള കമ്പനിയുടെ നിയമം ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം.

ഇമെയിലുകളുടെ ചിത്രങ്ങളില്‍ ഇമെയില്‍ അഡ്രസ്, സ്വകാര്യ വ്യക്തിവിവരങ്ങള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ടെന്നും അത് നിയമവിരുദ്ധമാണെന്നും ട്വിറ്റര്‍ ചൂണ്ടിക്കാട്ടി.

ഫെയ്സ്ബുക്കും ട്വിറ്ററും വാര്‍ത്ത സെന്‍സര്‍ ചെയ്തത് ഭീകരമാണെന്ന് ട്രമ്പ് ട്വീറ്റ് ചെയ്തു. ഓണ്‍ലൈന്‍ വെബ്സൈറ്റുകള്‍ക്ക് സംരക്ഷണം നല്‍കുന്ന കമ്മ്യൂണിക്കേഷന്‍ ഡീസന്‍സി ആക്റ്റിന്റെ സെക്ഷന്‍ 230 പിന്‍വലിക്കണമെന്നും ട്രമ്പ് ട്വീറ്റ് ചെയ്തു.

തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുംവിധമുള്ള രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഫെയ്സ്ബുക്കും ട്വിറ്ററും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക