Image

മാനവികതയുടെ മഹാകവിയായിരുന്ന അക്കിത്തത്തിന്റെ നിര്യാണത്തിൽ നവയുഗം വായനവേദി അനുശോചിച്ചു

Published on 15 October, 2020
മാനവികതയുടെ മഹാകവിയായിരുന്ന അക്കിത്തത്തിന്റെ നിര്യാണത്തിൽ നവയുഗം വായനവേദി അനുശോചിച്ചു


ദമ്മാം: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ വിയോഗത്തില്‍ നവയുഗം സാംസ്ക്കാരികവേദി വായനവേദി കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മനുഷ്യ ജീവിതത്തിന്റെ സംഘർഷങ്ങളും, മാനവ വിമോചന സ്വപ്നങ്ങളും, സ്വപ്നഭ്രംശവും  കവിതയിൽ കോറിയിട്ട മാനവികതയുടെ മഹാകവിയായിരുന്നു അക്കിത്തമെന്ന് വായനവേദി കേന്ദ്രകമ്മിറ്റി അനുശോചനസന്ദേശത്തിൽ പറഞ്ഞു.

ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവേ ഉദിക്കയായി എന്നാത്മാവിൽ ആയിരം സൗരമണ്ഡലം'  എന്ന് ഹൃദയം കൊണ്ടെഴുതിയ മനുഷ്യസ്‌നേഹത്തിന്റെ കവിയായിരുന്നു അദ്ദേഹം.  സ്നേഹത്തിന്റെ വിളംബരവും, ജീവിതയാഥാർഥ്യങ്ങളുടെ പരുക്കൻ മുഖങ്ങളും കാണിച്ചു തന്ന സൃഷ്ടികളാൽ മലയാള സാഹിത്യലോകത്തിന് അക്കിത്തം നല്കിയ മഹത്തായ സംഭാവനകള്‍ അനശ്വരമാണ്.  
  
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദര്‍ശനം, മനസ്സാക്ഷിയുടെ പൂക്കള്‍, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളി തുടങ്ങി, കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികള്‍ മഹാകവി അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, സഞ്ജയന്‍ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, അമൃതകീര്‍ത്തി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം , മാതൃഭൂമി സാഹിത്യ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, പത്മശ്രീ പുരസ്‌കാരം, ജ്ഞാനപീഠo  പുരസ്ക്കാരം തുടങ്ങി ഒട്ടേറെ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിയ്ക്കുന്നതായും, കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും വായനവേദി കേന്ദ്രകമ്മിറ്റി അനുശോചനസന്ദേശത്തിൽ  അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക