Image

മഹാകവി അക്കിത്തം അച്യുതന്‍ നമ്ബൂതിരി ഓര്‍മയായി

Published on 15 October, 2020
മഹാകവി അക്കിത്തം അച്യുതന്‍ നമ്ബൂതിരി ഓര്‍മയായി

തൃശ്ശൂര്‍: എട്ട് പതിറ്റാണ്ട് നീണ്ട കാവ്യ ജീവിതത്തിന് അവസാനം. ജ്ഞാനപീഠം ജേതാവ്  മഹാകവി അക്കിത്തം അന്തരിച്ചു. 93 വയസ്സായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.


മനുഷ്യസ്നേഹത്തിന്റെ മഹാഗാഥകളെന്നു വിശേഷിപ്പിക്കാവുന്ന കവിതകളെഴുതിയ അക്കിത്തം ദേശീയപ്രസ്ഥാനത്തിലും യോഗക്ഷേമ സഭയുടെ പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കവിത, ചെറുകഥ, നാടകം, വിവര്‍ത്തനം, ലേഖനസമാഹാരം എന്നിവയുള്‍പ്പെടെ അന്‍പതോളം കൃതികള്‍ രചിച്ചു.


പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം ഉള്‍പ്പെടെയുള്ള ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. പരേതയായ ശ്രീദേവി അന്തര്‍ജനമാണ് ഭാര്യ. മക്കള്‍ പാര്‍വതി, ഇന്ദിര, വാസുദേവന്‍, ശ്രീജ, ലീല, നാരായണന്‍. പ്രശസ്ത ചിത്രകാരന്‍ അക്കിത്തം നാരായണന്‍ സഹോദരനാണ്.


അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്ബൂതിരിയുടെയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായി 1926 മാര്‍ച്ച്‌ 18ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് ജനിച്ചത്. വേദവും, ഇംഗ്ലിഷും, കണക്കും, തമിഴും പഠിച്ചു. 


എട്ടുവയസ്സുമുതല്‍ കവിതയെഴുതുമായിരുന്നു. കുട്ടികാലത്തുതന്നെ ചിത്രകലയിലും സംഗീതത്തിലും താല്‍പര്യം ഉണ്ടായിരുന്നു. കോഴിക്കോട് സാമൂതിരി കോളജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നെങ്കിലും രോഗം മൂലം പഠനം മുടങ്ങി. പിന്നീട് തൃശൂര്‍ മംഗളോദയം പ്രസില്‍നിന്ന് പുറത്തിറങ്ങിയിരുന്ന 'ഉണ്ണി നമ്ബൂതിരി'യുടെ പ്രിന്ററും പബ്ലിഷറുമായി പ്രവര്‍ത്തിച്ചു.


വി.ടി. ഭട്ടതിരിപ്പാട്, ഉറൂബ്, ഇടശ്ശേരി തുടങ്ങിയവരുമായി നല്ല അടുപ്പമുണ്ടായിരുന്നു, ഗാന്ധിജി നേതൃത്വം നല്‍കിയ ദേശീയ പ്രസ്ഥാനത്തിലും നമ്ബൂതിരി സമുദായോദ്ധാരണത്തിനായി യോഗക്ഷേമസഭയിലും പ്രവര്‍ത്തിച്ച അക്കിത്തം യോഗക്ഷേമം, മംഗളോദയം എന്നീ മാസികകളുടെ പത്രാധിപസമിതി അംഗം കൂടിയായിരുന്നു.


 അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്, കൂട്ടുകൃഷി തുടങ്ങിയ നാടകങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ആകാശവാണിയില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 1985 ല്‍ വിരമിച്ചു. 


ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദര്‍ശനം, പണ്ടത്തെ മേല്‍ശാന്തി, ഇടിഞ്ഞു പൊളിഞ്ഞ ലോകം, മാനസപൂജ, വെണ്ണക്കല്ലിന്റെ കഥ, മനസാക്ഷിയുടെ പൂക്കള്‍, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍, കളിക്കൊട്ടിലില്‍, നിമിഷ ക്ഷേത്രം തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക