Image

ജോസഫിനെ തോൽപ്പിക്കാൻ ആരോടും കൂട്ടുകൂടും; മാണി സി കാപ്പനും കൂടും (കുര്യൻ പാമ്പാടി)

Published on 14 October, 2020
ജോസഫിനെ തോൽപ്പിക്കാൻ ആരോടും കൂട്ടുകൂടും; മാണി സി കാപ്പനും കൂടും (കുര്യൻ പാമ്പാടി)
നാൽപതു വർഷത്തിന് ശേഷം ഇടതുപാളയത്തിലേക്കു തിരികെ എത്തുന്ന കേരള കോൺഗ്രസ് മാണി വിഭാഗത്തിനു കാര്യങ്ങൾ എളുപ്പമാവില്ലെന്നു ഉറപ്പായി. 22  സീറ്റ് ചോദിച്ചെങ്കിലും പന്ത്രണ്ടു കൊണ്ട് തൃതിപ്പെടുമെന്നാണ് സൂചനകൾ. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടേണ്ടി വരും. 

"ധാർമികത ഉയർത്തിപ്പിടിച്ച്" യുഡിഎഫിൽ സമ്മർദ്ദം ചെലുത്തി പിടിച്ച് വാങ്ങിയ രാജ്യസഭാ സീറ്റിൽ നിന്ന് രാജിവയ്ക്കുമെന്നു ജോസ് കെ. മാണി ശനിയാഴ്ച പ്രഖ്യാപിച്ചുവെങ്കിലും വലതുപക്ഷ സീറ്റ് ഇടയ്ക്കുവച്ച് ഉപേക്ഷിക്കുന്നതുകൊണ്ടു ആർക്കും പ്രയോജനം ചെയ്യില്ലെന്ന സ്ഥിതി ഉണ്ടാക്കിയെടുത്തതു ഏതു ധാർമ്മികതയുടെ പേരിലാണെന്നതിനു ഉത്തരമില്ല.

കൂടുതൽ ലാഭം എവിടെയാണെന്ന് നോക്കിയാണ് ഈ ധർമ്മപുത്രരുടെ നീക്കം എന്നതിനും രണ്ടുപക്ഷമില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിക്കുന്ന പക്ഷം മന്ത്രിയാകാമെന്ന മോഹമാണ് ജോസിന്റെ പിടിവള്ളി.

ജോസ് എവിടെ മത്സരിക്കും എന്നത് വലിയ ചോദ്യചിഹ്നമാണ്. "പാലാ ഞങ്ങളുടെ ഹൃദയവികാരം" ആണെന്ന് ആവർത്തിക്കുന്ന ജോസ് കെ മാണി പാലായിലോ മറ്റെവിടെങ്കിലുമോ നിന്നാൽ അദ്ദേഹത്തെ   തറപറ്റിക്കാൻ കോൺഗ്രസ്സും മാണി സി കാപ്പൻ പ്രതിനിധീകരിക്കുന്ന എൻസിപിയും പിജെ ജോസഫ് ഗ്രൂപ്പും ശ്രമിക്കുമെന്ന് ഉറപ്പാണ്. ഒരു പക്ഷെ ഉപതെരഞ്ഞെടുപ്പിൽ വോട്ടുബാലം തെളിയിച്ച ബിജെപി പോലും ശ്രമിക്കില്ലെന്ന് ആർക്കു പറയാൻ കഴിയും?

ഇതോടെ കേരളം രാഷ്ട്രീയത്തിൽ ബിജെപിയും ഇടതുമുന്നണിയും മാത്രമേ ബാക്കിയുണ്ടാവൂ എന്ന് ബിജെപി അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞുവെങ്കിലും ഏപ്രിൽ ആകുമ്പോഴേക്കും കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറി മാറിയും എന്നതിന് സംശയം ഇല്ല.

"മാണിക്കെതിരെ കൊടികുത്തി സമരം നടത്തിയ ഇടത്ത് പാളയത്തിലേക്ക് നോട്ട്  എണ്ണുന്ന യന്ത്രവുമായാണ് ജോസ് ക മാണി എത്തുന്നത്" എന്നു സുരേന്ദ്രൻ ആക്ഷേപിച്ചു. സ്വപ്‍ന സുരേഷ് വഴിയും മറ്റും സമാഹരിച്ച സഹസ്ര കോടികൾ എണ്ണാൻ അവർക്കു നോട്ട് കൗണ്ടിങ് മെഷീൻ സഹായിക്കുമെന്നാണ് സുരേന്ദ്രൻ പറയാതെ പറഞ്ഞു വച്ചത്.

ജോസ് പക്ഷം മാറിക്കിട്ടിയതു പിജെ ജോസഫ് ഗ്രൂപ്പിന് ആശ്വാസം പകരുന്നതാണ്. ഒരുകാലത്ത്  എൽഡിഎഫിൽ വിദ്യാഭ്യാസം, പൊതുമരാമത്ത് വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന നാളുകളിൽ സഭയും സർക്കാരും തമ്മിലുള്ള ഒരു പാലം ആയി ശോഭിച്ച ആളാണ് ജോസഫ്.

ആ കൈപ്പുണ്യം യുഡിഎഫിന്റെ കരുത്തായി മാറ്റാൻ ജോസഫിനു കഴിയും. "ഇനിയുമൊരു അങ്കത്തിനു ബാല്യമുള്ള" അദ്ദേഹം എൽഡിഎഫ് സഭക്ക് വച്ചുനീട്ടാൻ ഇടയുള്ള ഏതു സൗമനസ്യത്തെയും കരിച്ചുകാട്ടാൻ തന്റെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും എടുത്ത് പയറ്റും.

ജോസഫിന്റെ വലംകൈ  മുൻമന്ത്രി മോൻസ് ജോസഫും അദ്ദേഹത്തിന്റെ പിന്നിലുള്ള ക്നാനായ സഭയും ആണ്. പാർട്ടി വഴക്കിൽ ജോസഫിന്റെ കൂടെ നിന്ന ചങ്ങനാശ്ശേരിയിലെ സിഎഫ് തോമസിനു  പകരക്കാരൻ ഇല്ല. എങ്കിലും കേരള കോൺഗ്രസ് സ്ഥാപകൻ കെ.എം ജോർജിന്റെ മകൻ ഫ്രാൻസിസ് ജോർജ് ഒപ്പമുണ്ട്.

\കോഴിക്കോട്ടെ പേരാമ്പ്രയിൽ  ആദ്യമായി മാറ്റുരച്ചു സിപിഎം കോട്ടകൾ നിലംപരിചാക്കിയ ശേഷം ജന്മ സ്ഥലമായ കുട്ടനാട്ടിൽ തിരികെ വന്നു അഞ്ചു തവണ നിയമസഭയിൽ എത്തിയ ആളാണ് ഡോ. കെസി ജോസഫ്. കഴിഞ തവണ ജനാധിപത്യ കോൺഗ്രസ് ടിക്കറ്റിൽ ആയിരം വോട്ടിനു തോറ്റ ആളാണ് ഡോ. കെസി.

ജനാധിപത്യ കോൺഗ്രസ് ഇടതു പക്ഷത്ത്തിന്റെ ഭാഗം ആണെങ്കിലും ചങ്ങനാശ്ശേരിയിൽ സീറ്റ് വീണ്ടും കിട്ടാത്ത പക്ഷം അദ്ദേഹത്തതിന്റെ നിലപാട് എന്തായിരിക്കുമെന്ന് പറയാനാവില്ല. അവിടെ ജോസ് കെ മാണി വിഭാഗത്തിന് ശക്തനായ ഒരു നേതാവ് ഉണ്ടു താനും.

ഇനിയുമുള്ള ആറുമാസം ഓരോ ദിവസവും എല്ലാകക്ഷികൾക്കും നിർണായകം ആയിരിക്കും. അമേരിക്കയിൽ ട്രംപ് ജയിക്കുകയോ തോൽക്കുകയോ ചെയ്‌താൽ അത് കേരള തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്ന് ഉറപ്പാണ്. പോസ്റ്റർ എഴുത്തുകാരും പാരഡി പാടുന്നവരും അതിനുള്ള തയ്യാറെടുപ്പു തുടങ്ങിക്കഴിഞ്ഞു.

ജോസഫിനെ തോൽപ്പിക്കാൻ ആരോടും കൂട്ടുകൂടും; മാണി സി കാപ്പനും കൂടും (കുര്യൻ പാമ്പാടി)
Join WhatsApp News
josukutty 2020-10-14 16:10:51
ജോസ്മോനു ജയിക്കാനുള്ള മണ്ഡലമല്ലേ കടുത്തുരുത്തി. ജോസ്മോൻ അവിടെ പ്രചാരണത്തിനായി പോവേണ്ട കാര്യം പോലുമില്ല. നിഷ മോളെ എവിടെ നിറുത്തും എന്നതാണു തലവേദന.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക