Image

അബ് കി ബാര്‍ ട്രമ്പ്/ബൈഡന്‍? ഇന്ത്യന്‍ വോട്ടര്‍മാര്‍ എങ്ങനെ ചിന്തിക്കുന്നു? (ഏബ്രഹാം തോമസ്)

Published on 14 October, 2020
അബ് കി ബാര്‍ ട്രമ്പ്/ബൈഡന്‍? ഇന്ത്യന്‍ വോട്ടര്‍മാര്‍ എങ്ങനെ ചിന്തിക്കുന്നു? (ഏബ്രഹാം തോമസ്)
ദശകങ്ങളായി സൗത്ത് ഏഷ്യന്‍ വംശജരെ ഏഷ്യന്‍/പസഫിക് ഐലന്റര്‍ ജനവിഭാഗത്തിലാണ് എണ്ണുന്നത്. പുതിയ സെന്‍സസില്‍ ഇന്ത്യാക്കാരെ (സൗത്ത് ഏഷ്യന്‍സിനെ) പ്രത്യേകം കണക്കാക്കണമെന്ന് നിര്‍ദേശമുണ്ട്. പൊതു തിരഞ്ഞെടുപ്പ് അടുത്തതോടെ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം ശ്രദ്ധിക്കപ്പെടുകയാണ്.

2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് തന്ത്രപ്രധാനമായ നീക്കത്തിലൂടെ ഇന്ത്യന്‍ വംശജരുടെ വോട്ട് നേടാന്‍ ശ്രമിക്കുകയും കുറെയൊക്കെ വിജയിക്കുകയും ചെയ്തു. ന്യൂജഴ്‌സിയില്‍ നടന്ന ഇന്ത്യന്‍ വംശജരുടെ ഒരു സമ്മേളനത്തില്‍ അബ് കി ബാര്‍ ട്രംപ് എന്ന മുദ്രാവാക്യം ഉയര്‍ത്തുകയും ട്രംപ് അനുയായികള്‍ ഇത് ഏറ്റു വിളിക്കുകയും ചെയ്തു. നരേന്ദ്രമോഡിയുടെ സന്ദര്‍ശനം ഇന്ത്യയെക്കുറിച്ച് മുഖ്യധാരയിലെ ജനങ്ങള്‍ക്ക് ചില അറിവുകള്‍ നല്‍കി. ഇത്തവണ ഇന്ത്യന്‍ വംശജരില്‍ ട്രംപിനോടുള്ള താല്പര്യം അതേ അളവില്‍ നില നില്ക്കുന്നുണ്ട് എന്ന് ഉറപ്പിച്ചു പറയാനാവില്ല. പ്രത്യേകിച്ച് ദിനംപ്രതി പുറത്ത് വരുന്ന സര്‍വേ ഫലങ്ങള്‍ ട്രംപ് എതിര്‍ സ്ഥാനാര്‍ഥി ബൈഡനെക്കാള്‍ പിന്നിലാണ് എന്ന് വിളിച്ചറിയിക്കുമ്പോള്‍.

ഇന്ത്യന്‍ വോട്ടര്‍മാര്‍ ആകെ വോട്ടര്‍മാരുടെ 2% ല്‍ താഴെയാണ്. ഇവരില്‍ 54% ഡെമോക്രാറ്റുകള്‍ക്കും 22 % റിപ്പബ്ലിക്കനുകള്‍ക്കും പിന്തുണ നല്‍കുമ്പോള്‍ 24% സ്വതന്ത്രരായി നിലകൊള്ളുന്നു എന്നാണ് ഒരു സര്‍വേ പറയുന്നത്. രസകരമായ ഒരു വസ്തുത ഇന്ത്യയില്‍ വലതുപക്ഷത്തെ പിന്തുണയ്ക്കുന്ന ഇന്ത്യാക്കാര്‍ യുഎസില്‍ ഇടതുപക്ഷ ചായ്‌വുള്ള ഒരു കൂട്ടുകെട്ടിനെ പിന്തുണയ്ക്കുന്നു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന കമല ഹാരിസ്, 50% ആഫ്രിക്കനും 50% ഇന്ത്യനുമാണ്. ഈ വസ്തുത മനസ്സിലാക്കിയ ഒരു പുതിയ ജനവിഭാഗം ചില മാധ്യമങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്- ആഫ്രിക്കന്‍ - ഇന്ത്യന്‍ അല്ലെങ്കില്‍ ആഫ്രോ ഇന്ത്യന്‍. എന്നാല്‍ ഹാരിസ് ഇതുവരെ യുഎസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തന്റെ ഇന്ത്യന്‍ വേരുകള്‍ സ്ഥിരീകരിക്കുവാന്‍ താല്പര്യം കാട്ടിയിട്ടില്ല. കാരണം ഒരുപക്ഷെ 13% ആഫ്രിക്കന്‍ അമേരിക്കന്‍ വോട്ടുകള്‍ ഉള്ളപ്പോള്‍ ഇന്ത്യന്‍ വോട്ടുകള്‍ 2% ല്‍ താഴെയാണ് എന്നതായിരിക്കാം.

കലിഫോര്‍ണിയയിലാണ് ഇന്ത്യന്‍ വംശജര്‍ ഏറെ ഉള്ളത് -8,15,948. ടെക്‌സസിന് രണ്ടാം സ്ഥാനം- 4,52,598. പിന്നാലെ ന്യൂജഴ്‌സി-3,87,244 , ന്യൂയോര്‍ക്ക് -3,79,439, ഇല്ലിനോയി -3,56,122 എന്നീ സംസ്ഥാനങ്ങള്‍ (യുഎസ് സെന്‍സസ് ബ്യൂറോയുടെ കണക്കുകള്‍). കലിഫോര്‍ണിയയിലെ 17-ാം ഡിസ്ട്രിക്ടിലാണ് ഇന്ത്യന്‍ വംശജര്‍ കൂടുതല്‍ -1,39,481 പേര്‍. ന്യൂജഴ്‌സിയിലെ ഡിസ്ട്രിക്ട് -6: 87, 365, കാലിഫോര്‍ണിയ 15: 76,909, ന്യൂജഴ്‌സി 12: 74,243, ന്യൂയോര്‍ക്ക് 5: 67,380, ടെക്‌സസ് 3:(പ്ലേനോ, മക്കിനി) 53,572, ടെക്‌സസ് 22: (ഹൂസ്റ്റണ്‍ വെസ്റ്റ്)- 53,483, ഇല്ലിനോയ് 8: 50,322, ടെക്‌സസ് 24: (കൊപ്പേല്‍, ഗ്രേപ്വൈന്‍) 48,826, വെര്‍ജീനിയ 10: 44,964 എന്നിങ്ങനെയാണ് കണക്ക്.

ടെക്‌സസാണ് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വംശജരുള്ള രണ്ടാമത്തെ യുഎസ് സംസ്ഥാനം. ടെക്‌സസിലെ സൗത്ത് ഏഷ്യന്‍ സമൂഹത്തിന് അംഗീകാരവും പരിഗണയും ലഭിക്കുവാന്‍ ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്. പക്ഷെ പൊതുതിരഞ്ഞെടുപ്പായതിനാല്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഏറെ താല്പര്യമുള്ള ഒരു മത്സരമായി ടെക്‌സസ് പ്രതിനിധി സഭയിലേയ്ക്കുള്ള പ്രെസ്റ്റണ്‍ കുല്‍ക്കര്‍ണിയുടെ അങ്കം മാറിയിട്ടുണ്ട്. ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായാണ് കുല്‍ക്കര്‍ണി മത്സരിക്കുന്നത്.

നാല് ദശകങ്ങളായി ടെക്‌സസില്‍ ആധിപത്യം പുലര്‍ത്തുന്നത് റിപ്പബ്ലിക്കനുകളാണ്. ഇത്തവണ സംസ്ഥാനം തിരികെ പിടിക്കുവാന്‍ ജീവന്മരണ പോരാട്ടമാണ് ഡെമോക്രാറ്റുകള്‍ നടത്തുന്നത്. 2018 ലെ തിരഞ്ഞെടുപ്പുകളില്‍ ലഭിച്ച ചില വിജയങ്ങള്‍ അവര്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്നു. സര്‍വേകള്‍ ബൈഡന്‍- ഹാരിസ് ടീമിന് മുന്‍തൂക്കം നല്‍കുന്നതിനാല്‍ പ്രാദേശിക ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചരണ ഫണ്ട് കളക്ഷന്‍ നിഷ്പ്രയാസം നടത്തുവാന്‍ കഴിയുന്നു. മറുവശത്ത് പല റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളും പ്രചാരണത്തിന് ആവശ്യമായ ധനം ഇല്ലെന്ന് പരാതിപ്പെടുന്നു.

ടെക്‌സസിലെ സൗത്ത് ഏഷ്യന്‍ സമൂഹത്തിന്റെ അനവധി സംഘടനകള്‍ വോട്ടര്‍മാരെ ബോധവാന്മാരാക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. പ്രധാനമായും മധ്യ ഇന്ത്യാക്കാരായിരുന്ന സമൂഹമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഹിന്ദു ആരാധനാലയങ്ങളും മുസ്ലിം മോസ്‌ക്കുകളും കേന്ദ്രമാക്കി വിശേഷ ദിവസങ്ങളിലെ ഒത്തുചേരലുകളില്‍ വോട്ടര്‍ രജിസ്‌ട്രേഷനുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. എഎപിഐ വിക്ടറി ഫണ്ട് ഒരു മില്യന്‍ ഡോളര്‍ വോട്ടര്‍ രജിസ്‌ട്രേഷനും മറ്റുമായി ശേഖരിച്ചു.
Join WhatsApp News
Again chankaran on Coconut tree 2020-10-14 20:33:34
Trump’s lawyers want Supreme Court to put turnover of his tax records on hold. Trump on Tuesday asked the Supreme Court to put on hold an appeals court ruling that Trump’s accountant must immediately turn over tax records to a New York state prosecutor, setting up a decision from the high court that could come before Election Day.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക