Image

യാത്ര പറയാതെ (കവിത: രാജൻ കിണറ്റിങ്കര)

Published on 14 October, 2020
യാത്ര പറയാതെ (കവിത: രാജൻ കിണറ്റിങ്കര)
ഓർമ്മയില്ലെങ്കിലും
ആ മുഖം അകതാരിൽ
വിങ്ങുന്നൊരോർമ്മയായ്
എരിഞ്ഞു നിൽപ്പൂ
കമ്പിളി മൂടിയ
സ്നേഹം വെടിഞ്ഞിട്ടി -
ന്നെത്ര ദിനങ്ങൾ
കഴിഞ്ഞെന്നറിയില്ല
കൈ പിടിച്ചുമ്മ
വച്ചോതിയ കൊഞ്ചലിൽ
തളരുന്നു മേനി
വാടിയ പൂ പോലെ
ആർദ്രമാം കണ്ണിലെ
പീള തിരുമ്മിയെത്ര
കരഞ്ഞമ്മ
വാർദ്ധക്യ നോവിനാൽ
പെട്ടിയെടുത്തെൻ്റെ
പ്രവാസയാത്രയിൽ
നീയെന്തിനാ പോണെന്ന്
വിതുമ്പിയമ്മ
മറുവാക്കു ചൊല്ലാതെ
പടിയിറങ്ങും നേരം
കരുതീല ഇനിയമ്മ
കാത്തു നിൽക്കില്ലെന്ന്
കുട്ടികളെന്നും
അടുത്തു വേണമെന്ന
ആഗ്രഹം ബാക്കിയായ്
അമ്മയും യാത്രയായ്
എരിയുന്ന ചിതയിൽ
നിന്നുയരുന്ന ശബ്ദം
സന്ധ്യയായ് കുട്ടികൾ
എല്ലാരുമെത്തിയില്ലേ?



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക