Image

അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്കൊപ്പം ഫൊക്കാനാ ടുഡേ

ബിജു കൊട്ടാരക്കര Published on 14 October, 2020
അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്കൊപ്പം ഫൊക്കാനാ ടുഡേ
ഫ്‌ളോറിഡ: അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്കും, ഇംഗ്ലീഷില്‍ എഴുതുന്ന അമേരിക്കന്‍ മലയാളി യുവ എഴുത്തുകാരെയും പ്രോത്സാഹിപ്പിക്കുവാന്‍ ഫൊക്കാനാ ടുഡേ അവസരം ഒരുക്കുന്നതായി ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് അറിയിച്ചു. ഫൊക്കാന മൂന്ന് മാസങ്ങള്‍ കൂടുമ്പോള്‍ പുറത്തിറക്കുന്ന ഫൊക്കാനാ ടുഡേ മുഖപത്രത്തില്‍ സപ്ലിമെന്റ് പേജുകള്‍ മാറ്റിവച്ചാണ് അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്കും, യുവ എഴുത്തുകാര്‍ക്കുമായി ഫൊക്കാനാ അവസരമൊരുക്കുന്നത്. മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട കഥാകാരന്‍ തകഴി ശിവശങ്കരപ്പിള്ള മുതല്‍ പുതുതലമുറയിലെ സുഭാഷ് ചന്ദ്രന്‍ വരെ ഫൊക്കാനയുടെ ആദരവുകള്‍ സ്വീകരിച്ച എഴുത്തുകാരാണ്. മലയാളത്തിലെ ഒട്ടുമിക്ക എഴുത്തുകാരും ഫൊക്കാനയുടെ സ്‌നേഹം സ്വീകരിച്ചവരാണ്.കൂടാതെ മലയാള ഭാഷയ്ക്ക് ഫൊക്കാനാ നല്‍കുന്ന ആദരവായ ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്കാരത്തിലൂടെ നിരവധി മലയാള ഭാഷാ പണ്ഡിതരേയും ഫൊക്കാനാ വര്‍ഷം തോറും ആദരിക്കുന്നു. മലയാണ്മയെ ഇത്രത്തോളം പ്രോജ്വലമാക്കിയ മറ്റൊരു സംഘടന കേരളത്തിന് പുറത്തില്ല. അതു കൊണ്ടാണ് ഫൊക്കാനയുടെ മുഖപത്രമായ ഫൊക്കാനാ ടുഡേയില്‍ സാഹിത്യത്തിന് ഇടം കൊടുക്കുവാന്‍ തീരുമാനിച്ചത്. രണ്ട് വര്‍ഷങ്ങളിലായി പ്രസിദ്ധീകരിക്കുന്ന സാഹിത്യരചനകളില്‍ നിന്നും തെരഞ്ഞെടുക്കുന്നവ ഫൊക്കാനാ സുവനീറിലും ഉള്‍പ്പെടുത്തും. അങ്ങനെ അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്കും യുവതലമുറയിലെ എഴുത്തുകാര്‍ക്കും ഫൊക്കാനയുടെ ആദരവ് നല്‍കുക എന്നതാണ് ലക്ഷ്യമെന്ന് ജോര്‍ജി വര്‍ഗീസ് പറഞ്ഞു.

അമേരിക്കന്‍ മലയാളികളില്‍ നിരവധി എഴുത്തുകാര്‍ മലയാള സാഹിത്യ രംഗത്ത് സജീവമായി കഴിഞ്ഞു സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ വരെ അവരെ തേടിയെത്തുന്നു കേരളത്തിലെ വലിയ പ്രസാധകരിലൂടെ അവരുടെ പുസ്തകങ്ങള്‍ പുറത്തിറങ്ങുന്നു. മലയാള സാഹിത്യ ലോകത്തിന്റെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. ഫൊക്കാനായുടെ സാഹിത്യ പുരസ്കാരങ്ങള്‍ അക്കാദമി അവാര്‍ഡിനൊപ്പം പരിഗണിക്കുന്നു എന്ന് എഴുത്തുകാര്‍ തന്നെ വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ മലയാള സാഹിത്യ രംഗത്ത് അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ സാന്നിദ്ധ്യവും ലോക സാഹിത്യ രംഗത്ത് അമേരിക്കന്‍ മലയാളി യുവതലമുറയുടേയും, ഇംഗ്ലീഷില്‍ എഴുതുന്നവരുടേയും കടന്നുവരവ് ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണന്ന് ഫൊക്കാനാ ടുഡേ ചീഫ് എഡിറ്റര്‍ ബിജു കൊട്ടാരക്കര അറിയിച്ചു.

ഇനിയും പുറത്തിറങ്ങുന്ന ഫൊക്കാനാ ടുഡേയിലേക്ക് സാഹിത്യ സംബന്ധമായ രചനകള്‍ varughese61@gmail.com / bethel2488@gmail.com അയക്കാവുന്നതാണ്. രചനകള്‍ക്കൊപ്പം എഴുത്തുകാരുടെ ഫോട്ടോയും അറ്റാച്ച് ചെയ്യേണ്ടതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക