Image

ഫെബ്രുവരിയോടെ കോവിഡ് മരണസംഖ്യ നാലുലക്ഷമായേക്കും (മീട്ടു)

Published on 13 October, 2020
ഫെബ്രുവരിയോടെ  കോവിഡ് മരണസംഖ്യ നാലുലക്ഷമായേക്കും (മീട്ടു)
വരുന്ന  ഫെബ്രുവരിയോടെ അമേരിക്കയിലെ കോവിഡ് മരണസംഖ്യ നാലുലക്ഷമായേക്കും.വാഷിംഗ്ടൺ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാല്യൂവേഷൻ ( ഐ എച്ച് എം ഇ) തിങ്കളാഴ്ച പുറത്തുവിട്ട കോവിഡുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പുതിയ പ്രവചനത്തിലാണ്  അമേരിക്കയിലെ    കൊറോണ മൂലമുള്ള മരണസംഖ്യ  2021 ഫെബ്രുവരി ഒന്നിനകം നാലു ലക്ഷത്തിൽ എത്തുമെന്ന് പറഞ്ഞിരിക്കുന്നത്. ജനുവരി 2021 ൽ പ്രതിദിന മരണനിരക്ക് 2200 വരെ ഉയരുകയും ആകെ മരണങ്ങൾ 3,94,693 വരെ ഫെബ്രുവരി ഒന്നിന് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് ഐ എച്ച് എം ഇ വെളിപ്പെടുത്തിയതായി ക്‌സിൻഹുവ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 

ആരോഗ്യവകുപ്പ് നിഷ്കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങളിൽ അയവു വരുത്തിയാൽ മരണനിരക്ക് ഫെബ്രുവരി ഒന്നിന് 5,02,000 വരെ ആകുമെന്നും പറയുന്നു. മാസ്ക് ധരിക്കുന്നത് 95 ശതമാനം ആളുകളെങ്കിലും ശീലമാക്കിയാൽ മരണനിരക്ക് 3,15,800 ആയി ചുരുക്കാമെന്നും മുന്നറിയിപ്പുണ്ട്. സിംഗപ്പൂരിലേതിന് സമാനമായ രീതിയിൽ മാസ്കിന്റെ ഉപയോഗം ജനങ്ങൾ ശീലമാക്കിയാൽ, ഇന്നുമുതൽ പറയപ്പെടുന്ന തീയതി വരെ 79,000 ജീവൻ രക്ഷിക്കാമെന്നും ഐ എച്ച് എം ഇ ഓർമപ്പെടുത്തുന്നു. 

നിലവിലെ രീതി തുടർന്നാൽ ഫെബ്രുവരിയിൽ രോഗബാധിതരെ ചികിത്സിക്കാൻ ആശുപത്രിയിലെ സൗകര്യങ്ങൾ പര്യാപ്തമായിരിക്കില്ലെന്നും 1,13,199 കിടക്കകൾ അധികമായി ഒരുക്കേണ്ടി വരുമെന്നും ഐ എച്ച് എം ഇ മോഡലിൽ വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബർ പകുതി മുതൽ യു എസിൽ ദിനംപ്രതി 40,000 പുതിയ കൊറോണകേസുകളാണ് റിപ്പോർട്ട് ചെയ്തുവരുന്നത്.  ശൈത്യകാലം വരുന്നതോടെ ഇതിനിയും ഉയരാം. പത്തുലക്ഷം പേരിൽ നാലുപേർ എന്ന തോതിലാണ് നോർത്ത് ഡകോട്ട , സൗത്ത് ഡകോട്ട , അർകാൻസസ്, മിസിസ്സിപ്പി ,ഫ്ലോറിഡ എന്നിവിടങ്ങളിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് മരണനിരക്ക്. 

ആന്റിബഡി  പരീക്ഷണം  നിർത്തി വച്ചു 

കോറോണവൈറസിൽ നിന്ന് മുക്തി നൽകുന്ന അത്ഭുതമരുന്നായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശ്വസിക്കുന്ന ആന്റിബോഡി ഗവേഷണം എലൈ ലില്ലി  നിർത്തിവച്ചു. പരീക്ഷണം നടത്തിയ ഒരു വ്യക്തിക്ക് ദോഷഫലം കണ്ടതിനെ തുടർന്നാണിത്. നേരത്തെ ജോൺസൺ ആൻഡ് ജോൺസണും വാക്സിൻ പരീക്ഷണം നിർത്തിവച്ചിരുന്നു.

അടിയന്തരഘട്ടത്തിൽ ആന്റിബഡി ഉപയോഗാനുമതി ഉടനെ തന്നെ നൽകുമെന്ന് ട്രാമ്പ്  ഞായറാഴ്ച വ്യക്തമാക്കിയിരുന്നു .

 'ആളുകൾ ഇതിനെ ഒരു ചികിത്സാ രീതിയായി മാത്രമാണ് കാണുന്നത്. എന്നാൽ എന്നെ സംബന്ധിച്ചിത് രോഗമുക്തി പ്രദാനം ചെയ്യുന്ന ഒന്നാണ്. ഇത് എല്ലാവർക്കും ലഭ്യമാകണം.' കോവിഡ് 19 ന്റെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ ട്രംപിന് പരീക്ഷണാർത്ഥം നൽകിയ മോനോക്ലോനാൽ ആന്റിബോഡികളെപ്പറ്റി അദ്ദേഹം ഫോക്സ് ന്യൂസിനോട് വാചാലനായി. 

'നമ്മൾ ആശുപത്രികളിൽ ശുദ്ധികലശം നടത്തും. രോഗത്തിൽ നിന്ന് മുക്തിനേടി എല്ലാവരും പുറത്തിറങ്ങട്ടെ.' സൺ‌ഡേ മോർണിംഗ് ഫ്യുച്ചഴ്സിന് വേണ്ടി മരിയ ബർട്ടിറോമോയ്ക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. 'ഈ മരുന്ന് ഉള്ളിൽ ചെന്നപ്പോൾ തന്നെ എനിക്ക് സുഖം തോന്നി. ' ട്രംപ് ആവർത്തിച്ചു. താൻ ആരോഗ്യവാനായതുകൊണ്ട് പകർച്ചവ്യാധിയെ വേഗം മറികടക്കാനായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ന്യൂയോർക്കിലെ ആശുപത്രികളിൽ രോഗികളുടെ എണ്ണം കൂടുന്നു

കോറോണവൈറസ് കേസുകൾ വീണ്ടും കൂടിയ പശ്ചാത്തലത്തിൽ ന്യൂയോർക്കിലെ ആശുപത്രികളിൽ രോഗികളുടെ എണ്ണം കൂടുന്നു. ക്ലസ്റ്റർ കണ്ടൈനമന്റ്‌ സോണായി തിരിച്ച് രോഗബാധിത മേഖലകളിലെ സ്‌കൂളുകൾ അടച്ചിടാൻ ഗവർണർ ആൻഡ്രൂ കവോമോ ഉത്തരവിട്ടു. തിങ്കളാഴ്ച മാത്രം 878 ആളുകളെയാണ് ന്യൂയോർക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ഞായറാഴ്ച ഇത് 820 ആയിരുന്നു. 60 രോഗികൾ വർദ്ധിച്ചു എന്നത് നിസാരമായി കാണാൻ കഴിയില്ല. 

കഴിഞ്ഞ ആഴ്ചയിൽ ബ്രുക്ലിനിലെയും ക്വീൻസ്സിലെയും പ്രദേശങ്ങൾ ഹോട് സ്പോട് ക്ലസ്റ്റർ സോണായി ഗവർണർ പ്രഖ്യാപിച്ചിരുന്നു. റോക്‌ലാൻഡ്, ഓറഞ്ച്, ബ്രൂം കൗണ്ടിയും ഇതിൽ ഉൾപ്പെട്ടിരുന്നു. ചുവപ്പ് ,ഓറഞ്ച്, മഞ്ഞ എന്നീ നിറങ്ങൾകൊണ്ട് വൈറസ് ബാധയുടെ തോത്  തരം തിരിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ രോഗബാധ ഒരു ശതമാനത്തിൽ താഴെ മാത്രം മാസങ്ങളായി നിലനിന്നതിലെ ആശ്വാസം ഇതോടെ ഇല്ലാതായി. 
നിയന്ത്രങ്ങൾ എന്നത് സ്‌കൂളും ഭക്ഷണശാലകളും ജിംനേഷ്യവും അടച്ചിടുന്നതിൽ കവിഞ്ഞ് കാര്യമായൊന്നും ഇതുവരെ ഇല്ല. കൂടുതൽ പരിശോധന നടത്തുന്നതുകൊണ്ടാണ് കൂടുതൽ ആളുകൾ ആശുപത്രിയിൽ എത്തുന്നത് എന്നാണ് ഗവർണർ നൽകിയ വിശദീകരണം. 

പരിശോധനയിലൂടെ രോഗികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിൽ നിന്ന് അവയിൽ ഗൗരവമേറിയ കേസുകളും കണ്ടെത്താമെന്ന് ആൻഡ്രൂ കവോമോ  പറഞ്ഞു.  'ന്യൂയോർക്കിലെ ഹോട് സ്പോട്ടുകൾ രാജ്യത്തെ മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്‌താൽ കൂൾ സ്പോട്ടുകളാണെന്നും എണ്ണം പിടിച്ചുനിർത്തുന്നതിൽ നമ്മുടെ പരിശ്രമം വിജയിച്ചെന്നും ' ഗവർണർ കൂട്ടിച്ചേർത്തു. അതേസമയം ന്യൂയോർക്ക് നിവാസികളായ  12 പേർ കോവിഡിനോട് മല്ലിട്ട് മരണം വരിക്കുകയും 185 പേരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരിക്കുകയാണ്. മാർച്ച്  മുതൽ 33,294 ആളുകൾ കോവിഡ് മൂലം മരണപ്പെട്ടിട്ടും ആരോഗ്യവകുപ്പിന്റെ കണക്കിൽ മരണനിരക്ക് 25,587 മാത്രമായാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. 

അമേരിക്കയുടെ പതനം ആഘോഷമാക്കുന്ന ചൈനയ്ക്ക് ദക്ഷിണേഷ്യൻ ഗവേഷകന്റെ വിമർശനം 

വാഷിംഗ്ടൺ: സൗത്ത് ഏഷ്യ ഹെറിറ്റേജ് ഫൗണ്ടേഷനിൽ ഗവേഷകനായ ജെഫ് എം സ്മിത്താണ് അമേരിക്കയുടെ പതനം ആഘോഷമാക്കുന്ന ചൈനയെ വിമർശിച്ചത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആഗോള തലത്തിൽ തന്നെ ചൈനയെക്കുറിച്ച് കഴിഞ്ഞ മാസങ്ങളിൽ വളരെ മോശം അഭിപ്രായമാണുള്ളത്. എല്ലാരീതിയിലും മുന്നിലെത്തിയതായി സ്വയം കരുതുന്ന ചൈന ലോകത്തിനു മുന്നിൽ ഭീഷണിയായി നിലകൊള്ളുന്ന കോറോണവൈറസിനെ തുരത്തുന്നതിന്റെ ഭാഗമായി ഒരാശയവും മുന്നോട്ടുവച്ചിട്ടില്ല. പതിനാല് രാജ്യങ്ങളിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ഫ്രാൻസ് ,ജപ്പാൻ ,ഇറ്റലി ഒഴികെയുള്ള രാജ്യങ്ങളിൽ ബെയ്‌ജിങ്ങിന്റെ സൽപ്പേര് ഏറ്റവും താഴ്ന്ന നിലയിലാണെന്ന് ഗവേഷണത്തിൽ പറയുന്നതായി സി എൻ എൻ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ചൈനീസ് ഗവൺമെന്റിനെക്കുറിച്ച് മോശം വാർത്തകളുടെ തരംഗമാണ് ഉയർന്നുകേൾക്കുന്നത്. ഹോങ്കോങ്ങിലെ പ്രതിഷേധക്കാർക്കു നേരെ ബെയ്‌ജിങ്‌ നടത്തിയ ആക്രമണങ്ങളും സിൻജിയാങ്ങിലെ മുസ്‌ലിം വിഭാഗത്തെ കൂട്ടത്തോടെ ഉപദ്രവിച്ചതുമെല്ലാം വാർത്തകളിൽ നിറഞ്ഞത് ലോകഭൂപടത്തിൽ ചൈനയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായും പഠനത്തിൽ പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക