Image

തെയ്യം കെട്ടിയാടുന്ന കഥകൾ ( ദിനസരി-20: ഡോ. സ്വപ്ന സി.കോമ്പാത്ത്‌)

Published on 13 October, 2020
തെയ്യം കെട്ടിയാടുന്ന കഥകൾ ( ദിനസരി-20: ഡോ. സ്വപ്ന സി.കോമ്പാത്ത്‌)
The sweetest smiles hold the  darkest secrets       
Sara Shepard

മനോഹരമായ മുഖംമൂടികൾ കൊണ്ട് മനുഷ്യനെ ദൈവമാക്കാനെളുപ്പമാണ്. പക്ഷേ ഏതു  മുഖംമൂടി കൊണ്ടും മറയ്ക്കാനാവാത്ത ദൈന്യതയും സമാസമം വന്യതയും മനുഷ്യഹൃദയത്തിൽ കുടിയിരിപ്പുണ്ടല്ലോ .പുഞ്ചിരി കൊണ്ട് മറച്ച നിഗൂഢരഹസ്യങ്ങളുടെ ക്രൗര്യമാണ് ഭൂരിഭാഗം  മനുഷ്യമനസ്സുകളുടെയും സ്ഥായീഭാവം. ഈ മറച്ചുപിടിക്കലുകളെ വാക്കുകൾ കൊണ്ട് കുത്തിയകറ്റി ,ക്രൗര്യത്തിന്റെ ലാവയൊഴുക്കി  വായനക്കാരുടെ മനസ്സു പൊള്ളിക്കുകയാണ് അഖിൽ കെ എന്ന എഴുത്തുകാരൻ.

വടക്കൻ പെരുമയുടെ കഥകൾ  എന്ന് വിശേഷിപ്പിക്കപ്പെടുന്നുവെങ്കിലും നേരും നെറിയുമുള്ള ജീവിതത്തിന്റെ കഥകൾ എന്ന്  അടയാളപ്പെടുത്തേണ്ട കഥാസമാഹാരമാണ്  നീലച്ചടയൻ. ജീവിതമെന്നാൽ നിറം പിടിപ്പിച്ച കാത്തിരിപ്പുകളുടെ  ഒരു മാറ്റപ്പേര്  മാത്രമാണെന്ന്  വിശ്വസിച്ചിരുന്ന ഒരു  എഴുത്തുകാരനിൽ നിന്ന്  ജീവിതമെന്നാൽ മറ്റുള്ളവർ വായിച്ചു രസിക്കുന്ന കഥകളാണെന്ന  തിരിച്ചറിവിലേക്ക് നടന്നടുത്തിരിക്കുന്നു ഈ  എഴുത്തുകാരൻ.

ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച നീല ച്ചടയൻ എന്ന പുസ്തകത്തിൽ എട്ട് കഥകളാണുള്ളത് .വിശ്വാസവും അവിശ്വാസവും  തമ്മിലുള്ള പിടിവലിയും ഒടുവിൽ  വിശ്വാസത്തിന്റെ  "തട്ടു വാങ്ങാൻ " അവിശ്വാസികൾ ആർത്തുവിളിച്ചു  ഓടുന്നതും ആണ് ചെക്കിപ്പൂത്തണ്ട എന്ന കഥയുടെ കാതൽ. പക്ഷേ  ഈ കാതലിലേക്ക് കഥയൊഴുകുന്ന വഴിയാണ്  അഖിൽ എന്ന ചെറുപ്പക്കാരൻ അത്ര നിസാരക്കാരനല്ല എന്ന ചിന്ത വായനക്കാരിലുണ്ടാക്കുന്നത്. തെയ്യം എന്ന കലാരൂപത്തിന്റെ പിന്നിലുള്ള   ദേശവിശ്വാസത്തെ ,മിത്ത് എന്നതിനേക്കാൾ ഉപരിയായുള്ള ദൈവികസങ്കല്പത്തെ നിരാകരിക്കാതെ തന്നെ ജാതീയത ,ദാരിദ്യം ,ആസക്തി എന്നീ നഗ്നയാഥാർഥ്യങ്ങളെ മറനീക്കി പുറത്തു കൊണ്ടുവരികയാണ് ചെക്കിപ്പൂത്തണ്ട .

പശ്ചാത്തലം വടക്കൻ കേരളമാണെങ്കിലും ഓരോ കഥയും  വ്യത്യസ്ത ജീവിതങ്ങളാണ്. ഇതു വരെ പരിചയിച്ച കഥകളിൽ നിന്നും വ്യത്യസ്തമായി നായകൻ എന്ന സങ്കല്പത്തിലെ അതിഭാവുകത്വവും അതിമാനുഷികതയും ഉളിക്കൊണ്ട്‌ കൊത്തിക്കളഞ്ഞ് , ഒട്ടും ഭാരമില്ലാത്ത, സാധാരണമനുഷ്യന്റെ രൂപത്തിലേക്ക് ചെത്തിയെടുക്കുന്ന മികവുറ്റ ശില്പിയായി അഖിൽ മാറുന്നുന്നുണ്ട്. നരനായാട്ടിലും നീലച്ചsയനിലും മൂങ്ങയിലും ആ പ്രാഗത്ഭ്യം വളരെ ഭംഗിയായി തന്നെ പ്രതിഫലിക്കുന്നുമുണ്ട്.

അമ്മപെങ്ങമ്മാരെ തിരിച്ചറിയാത്ത കാമത്തിന്റെ മേലേക്ക് പകർന്ന തീയായി മാറുന്ന ത്രയംബകനും അന്യരുടെ ഭാര്യമാരെ തേടിപ്പോകുന്ന സ്പൈഡർമാനും ഭാര്യയുടെ അവിഹിതമറിഞ്ഞ് തൂങ്ങി മരിച്ച ലാമ്പിയുമെല്ലാം അത്ര പെട്ടെന്നൊന്നും വായനക്കാരെ വിട്ടുപോകില്ല. സെക്സ് ലാബ് എന്ന കഥ ലൈംഗികത്തൊഴിലാളികളായി മാറുന്ന പെൺകുട്ടികളുടെ നിസ്സഹായതയിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിൽ മൂങ്ങ പ്രതികാരത്തിന്റെ ഇതുവരെയാരും പറയാത്ത മറ്റൊരു മുഖമാണ്.

ഭയം മനുഷ്യന്റെ ബുദ്ധിയെ ചോർത്തിക്കളയുന്ന ഒരു വികാരമാണെന്ന് കഥാകൃത്ത് അവകാശപ്പെടുന്നത് മൂങ്ങയിലാണ്. ഈ സമാഹാരത്തെ മൊത്തം ഭരിക്കുന്ന വികാരം ക്രൗര്യമായതുകൊണ്ടാവണം എല്ലാ കഥകളിലും ഭയത്തിന്റെ നിസ്സഹായത കൂടി നിഴലിക്കുന്നത്. മൂങ്ങയും, കാട്ടുപന്നിയും, പുലിയും എ ന്നു വേണ്ട എല്ലാ കഥകളിലും പ്രത്യക്ഷപ്പെടുന്ന മൃഗങ്ങളിലും ഓമനത്തത്തേക്കാൾ വന്യതയാണുള്ളത്. തെയ്യം പോലെ തന്നെ ആംബുലൻസുകളും ട്രാവലറുകളും പലകഥകളിലും പ്രമേയത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.

ആത്മഹത്യയും കൊലപാതകവും പീഡനങ്ങളും പ്രതികാരവും എല്ലാം ചേർന്ന  ക്രൗര്യത്തെ നിഗൂഢതയാണ് കഥകളെ ഭരിക്കുന്നത്. വന്യസൗന്ദര്യം നിറഞ്ഞ ഭാവനയും, കാവ്യാത്മകമായ ശൈലിയും, എഴുത്തിൽ പുലർത്തിയിരിക്കുന്ന കയ്യടക്കവും എടുത്തു പറയാതിരിക്കാനാവില്ല. ചോദ്യ ചിഹ്നം പോലെ മുഖത്തേക്കുയരുന്ന കഥകളുടെ ശില്പീ " Never lose holy curiosity"


തെയ്യം കെട്ടിയാടുന്ന കഥകൾ ( ദിനസരി-20: ഡോ. സ്വപ്ന സി.കോമ്പാത്ത്‌)തെയ്യം കെട്ടിയാടുന്ന കഥകൾ ( ദിനസരി-20: ഡോ. സ്വപ്ന സി.കോമ്പാത്ത്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക