Image

പ്രസിഡന്റ് ട്രമ്പിൽ നിന്ന് ഇനി ആർക്കും രോഗം പകരില്ലെന്നു വിദഗ്ദർ (മീട്ടു)

Published on 11 October, 2020
പ്രസിഡന്റ് ട്രമ്പിൽ  നിന്ന് ഇനി ആർക്കും രോഗം പകരില്ലെന്നു വിദഗ്ദർ (മീട്ടു)
ട്രംപിലൂടെ ഇനിയാർക്കും കോവിഡ് പകരില്ല. കൊറോണ പോസിറ്റീവ് എന്ന് പരിശോധനാഫലം വരുന്ന നിമിഷം മുതൽ ഏതു വ്യക്തിയെയും വൈറസ് വാഹകനായാണ് കണക്കാക്കുക. അതോടെ അയാളുമായി സമ്പർക്കം ഉണ്ടായവർക്ക് രോഗസാധ്യതയും കല്പിക്കും. തുടർന്നുള്ള ദിവസങ്ങൾ ആരുമായും സമ്പർക്കമില്ലാതെ ഐസൊലേഷനിൽ കഴിയണമെന്നാണ് ആരോഗ്യ പ്രവർത്തകരും ഭരണകൂടങ്ങളും നിഷ്കർഷിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് രോഗം സ്ഥിരീകരിച്ചപ്പോഴും ഐസൊലേഷനിൽ കഴിയാൻ നിർദ്ദേശം നൽകിയതും വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ്. എന്നാൽ, ആശങ്കകൾക്ക് അന്ത്യംകുറിച്ചുകൊണ്ട് ട്രംപിന്റെ അനുയായികൾക്ക് സന്തോഷം പകരുന്ന വാർത്തയുമായാണ് ഡോ.സീൻ കോൺലി ശനിയാഴ്ച രാത്രി പ്രസ്താവന ഇറക്കിയത്. 

കോവിഡ് പി സി ആർ സാമ്പിൾ പരിശോധനയിൽ ട്രമ്പിലൂടെ വൈറസ് മറ്റൊരാളിലേക്ക് പകരുന്ന സാഹചര്യം ഇല്ലാതായെന്ന് തെളിഞ്ഞതായാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചത്. ഇനി ഐസൊലേഷനിൽ അദ്ദേഹം കഴിയേണ്ട കാര്യമില്ലെന്നും ക്യാമ്പെയ്‌നുകളിൽ പങ്കെടുക്കുന്നതിന് ഒരു തരത്തിലും തടസ്സമില്ലെന്നും ഇതോടെ വ്യക്തമായി. ട്രംപിൽ രോഗലക്ഷണം കണ്ട് പത്ത് ദിനങ്ങൾ പിന്നിടുമ്പോളാണ് ശുഭവാർത്ത എത്തുന്നത്. കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറുകൾക്കിടയിൽ ഒരിക്കൽ പോലും പനിക്കുകയോ മറ്റു ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയോ ചെയ്യാത്തതും രോഗമുക്തി നേടിയതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു. ട്രംപിലൂടെ വൈറസ് പകരില്ലെന്നല്ലാതെ  ഡോ. കോൺലി അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയെന്ന് പറഞ്ഞിട്ടില്ല.

പ്രസിഡന്റിന് രോഗ ലക്ഷണം കണ്ട് പത്തു ദിവസത്തിനുശേഷമാണ് വൈറ്റ് ഹവുസ് ഡോക്റ്റർ കോൺലി ഇക്കാര്യം അറിയിക്കുന്നത്.

ഭാരം കൂടിയാൽ ശ്രദ്ധിക്കുക 

ക്വാറന്റൈനിനിടയിൽ ഭാരം കൂടിയെങ്കിൽ ശ്രദ്ധിക്കുക. അമിതഭാരമുള്ളവർക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. നാല് ലക്ഷം പേരെ പഠന വിധേയമാക്കിയപ്പോൾ അമിതഭാരമുള്ള 113 ശതമാനം ആളുകൾ രോഗബാധിതരായി ആശുപത്രിയിൽ എത്തിയെന്നും 74 ശതമാനം ആളുകൾ തീവ്ര പരിചരണ വിഭാഗത്തിൽ ആണെന്നും 48 ശതമാനം പേർ മരണത്തോട് മല്ലടിക്കുന്നെന്നും കണ്ടെത്തി. 

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്കയിൽ കോവിഡ് രോഗബാധിതർ കൂടുന്നതിന്റെ കാരണവും ജനങ്ങളിൽ കണ്ടുവരുന്ന പൊണ്ണത്തടിയും അമിതഭാരവുമാണ്. മുതിർന്ന അമേരിക്കൻ പൗരന്മാരിൽ 40 ശതമാനം പേർക്ക് പൊണ്ണത്തടിയും 32 ശതമാനം പേർക്ക് അമിതഭാരവും ഉണ്ട്. 

ശരീരത്തിന്റെ ഭാരം കൂടുന്നതിനനുസരിച്ച് പ്രതിരോധശേഷി കുറയുകയും തന്മൂലം രോഗബാധ ഏൽക്കാനുള്ള സാധ്യത വർദ്ധിക്കുമെന്നുമാണ് ഇത് സംബന്ധിച്ച് ഗവേഷകർ നൽകുന്ന വിശദീകരണം. ഭാരംകൂടുന്നത് ശ്വാസകോശത്തെയും സാരമായി ബാധിക്കും. 

ക്വാറന്റൈനിൽ കഴിയുന്ന സമയം, ആളുകളിൽ ശരീരഭാരം വർദ്ധിച്ചതായി കാണുന്നു എന്ന ആശങ്ക ബോഡി ട്രൈനർമാരും പങ്കുവച്ചു. ഫിറ്റ്നസ്സിന് പ്രാധാന്യം നൽകണമെന്നും ഉയരത്തിനൊത്ത ശരീരഭാരം നിലനിർത്തണമെന്നുമാണ് വിദഗ്ദ്ധോപദേശം.

 ഭാരമുള്ള വ്യക്തികളിൽ കോവിഡ് ചികിത്സ ഫലപ്രദമാകാനുള്ള സാധ്യത മെലിഞ്ഞവരെ അപേക്ഷിച്ച് കുറവാണെന്നതും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഭാരം കുറയ്ക്കാൻ നിർദ്ദേശിക്കുന്നത്. 


ന്യു യോർക്കിലെ ഹോട്ട്സ്പോട്ടുകൾ 

ന്യൂയോർക്കിലെ യാഥാസ്ഥികരായ ജൂതമത വിശ്വാസികൾ താമസിക്കുന്നിടത്ത് നടത്തിയ വൈറസ് പരിശോധനയിൽ 15 ശതമാനം ആളുകളുടെയും ഫലം പോസിറ്റീവ്. ഇവരിൽ ബഹുഭൂരിപക്ഷവും മാസ്ക് ധരിക്കാത്തവരാണ്. 26000 ആളുകൾ താമസിക്കുന്ന ഈ പ്രദേശം  ഇരുന്നൂറിലധികം ആളുകൾ രോഗബാധിതരായതോടെ റെഡ് സോൺ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ന്യൂയോർക്കിലെ തന്നെ ഉയർന്ന രോഗബാധ നിരക്കുള്ള പ്രദേശമാണിത്. 

ബ്രൂക്‌ലിനിലും ക്വീൻസിലും റോക്‌ലാന്റിലും ഓറഞ്ച് കൗണ്ടിയിലും ഉള്ള യാഥാസ്ഥിതിക കേന്ദ്രങ്ങളിലാണ് ഹോട്ട്സ്പോട്ട്.. ന്യൂ ജേഴ്‍സിയിലെ ലേക്ക് വുഡിലേതും സമാന അവസ്ഥ തന്നെ. 

പ്രാർത്ഥനകൾക്കുൾപ്പെടെ പലപ്പോഴും ഒത്തുചേരലുകൾ സംഘടിപ്പിച്ചിരുന്ന ജൂതരുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നത് ശ്രമകരമാണ്. അതിനാൽ തന്നെ രോഗവ്യാപനം ഏറുമെന്ന് മുന്നിൽകണ്ട് കൂടുതൽ പരിശോധനകൾ നടത്തും. 

റെഡ് സോണിൽ പത്തിലധികം ആളുകൾ പ്രാർത്ഥനാലയത്തിൽ ഒത്തുചേരരുതെന്നും സ്‌കൂളുകൾ തുറക്കരുതെന്നുമുള്ള നിർദ്ദേശം മുറുമുറുപ്പുകൾ ഉണ്ടാക്കി. ബ്രൂക്‌ലിനിലെ ജനങ്ങൾ പ്രക്ഷോഭം വരെ നടത്തി. സാമുദായിക നേതാക്കൾ കാര്യത്തിൽ ഇടപെട്ടു. 

നേതാക്കളിൽ ഒരാളായ ആരോൺ.ബി.വിഡർ വിശ്വാസികളോട് മാസ്ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടു. 'ഗവർണർ നിർദ്ദേശിച്ചതുകൊണ്ടല്ല, എന്റെയും നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്കുവേണ്ടി അങ്ങനെ ചെയ്യണമെന്ന് 'അദ്ദേഹം കൂട്ടിച്ചേർത്തു. 

ട്രംപിന് ലഭിച്ച മരുന്നുകൾ 

ഏതു രോഗത്തിനായാലും ചികിത്സയിൽ കഴിയുന്ന സമയം നാലുവശത്തുനിന്നും മരുന്നിനൊപ്പം കഴിക്കേണ്ട സപ്പ്ളിമെന്റുകളെക്കുറിച്ചുള്ള ഉപദേശങ്ങൾ എത്തും. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ കാര്യത്തിലും ഇതാണ് അവസ്ഥ. 

മരുന്നുകളേക്കാൾ കൂടുതൽ സപ്പ്ളിമെന്റുകളാണ് അദ്ദേഹത്തിന് നൽകിയതെന്ന് കരുതുന്നു . ആന്റിബോഡി കുത്തിവയ്പ് വരെ നടത്തിയ ട്രംപിന്റെ ശരീരത്തിൽ സിങ്കും വിറ്റാമിൻ ഡി യും ഫാമോറ്റിഡിനും മെലാടോണിനും പോലുള്ളവയാണ് ഡോ.സീൻ കോൺലി നിർദ്ദേശിച്ചിരുന്നത്. ദിവസവും ആസ്പിരിൻ കഴിക്കാനും പറഞ്ഞിട്ടുണ്ട്. 

 ട്രംപിന് നൽകിവരുന്ന ചികിത്സാരീതി സാധാരണക്കാരനും പിന്തുടരാവുന്നതാണോ? 

എന്തിന് ആസ്പിരിൻ?

 വേദസംഹാരിയായ ഈ മരുന്ന് രക്തം, കട്ടിയാവുന്നത് തടയും. ഹൃദയാഘാതവും സ്‌ട്രോക്കും വന്നവർക്ക് കാലങ്ങളായി കൊടുത്തുവരുന്ന മരുന്നാണിത്. കോറോണ വൈറസ് രക്തം കട്ടപിടിക്കാൻ ഇടയാക്കുമെന്നതുകൊണ്ട് പരിഹാരമായാണ് ആസ്പിരിൻ നിർദ്ദേശിക്കുന്നത്. 

ഫാമോറ്റിഡിൻ

നെഞ്ചിന്റെ എരിച്ചിൽ ഇല്ലാതാക്കാൻ നിർദ്ദേശിക്കുന്ന ഈ മരുന്ന് ഉപയോഗിച്ച 45 ശതമാനം കോവിഡ് രോഗികളുടെയും ജീവൻ നിലനിർത്താനായി എന്നതും 48 ശതമാനം ആളുകൾക്ക് വെന്റിലേറ്ററിന്റെ സഹായം കൂടാതെ ശ്വസിക്കാൻ കഴിഞ്ഞു എന്നതുമാണ് പറയപ്പെടുന്ന പ്രത്യേകതകൾ. പ്രാഥമിക നിഗമനം മാത്രമാണിതെന്നും കൂടുതൽ പഠനം നടത്തേണ്ടിയിരിക്കുന്നു എന്നുമാണ് ഫാമോറ്റിഡിനെ കുറിച്ച് ഹൃദ്രോഗവിദഗ്ദ്ധൻ ഡോ.റെയ്മണ്ട് മക്കയ് അഭിപ്രായപ്പെട്ടത്. 

സിങ്ക് 

രോഗ പ്രതിരോധ വ്യവസ്ഥയെയും ദഹനത്തെയും നിയന്ത്രിക്കുന്ന ഒന്നാണ് ശരീരത്തിലെ സിങ്കിന്റെ അളവ്. സിങ്കിന്റെ അളവ് കുറഞ്ഞ കോവിഡ് രോഗികൾക്കിടയിൽ കൂടുതൽ മരണങ്ങൾ സംഭവിച്ചതായി ബാർസിലോണ ആശുപത്രിയിൽ നടത്തിയ പ്രാഥമിക ഗവേഷണത്തിൽ പറയുന്നുണ്ട്. പ്രായാധിക്യം ഉള്ളവരിലും കൊറോണ വരാൻ കൂടുതൽ സാധ്യത കല്പിക്കപ്പെടുന്ന ഹൃദ്രോഗവും പ്രമേഹവും പോലുള്ള രോഗങ്ങൾ ഉള്ളവരിലും സിങ്കിന്റെ അളവ് കുറവായിരിക്കും. അളവ് ഉയർന്നാൽ ഫ്ലൂവിന് സമാനമായ ഛർദ്ദി ,ശ്വാസംമുട്ട് ,  തലകറക്കം   എന്നീ ലക്ഷണങ്ങൾ  ഉണ്ടാകും. 

വിറ്റാമിൻ ഡി

 ഷിക്കാഗോ മെഡിസിൻ സർവകലാശാല നടത്തിയ പഠനത്തിൽ വിറ്റാമിൻ ഡി യുടെ കുറവുള്ള വ്യക്തികൾക്ക്   കോവിഡ്   പോസിറ്റീവ്  ആകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിലും ശ്വാസോഛ്വാസത്തിലും വിറ്റാമിൻ ഡി വഹിക്കുന്ന പങ്ക് കണക്കിലെടുത്ത് അതിന്റെ സപ്പ്ളിമെന്റുകൾ നിർദ്ദേശിക്കാറുണ്ടെന്ന് പഠനത്തിൽ ഡേവിഡ് മേല്സ്റ്റർ രേഖപ്പെടുത്തിയിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ്  ഡിസീസസിന്റെ ഡയറക്ടർ ഡോ. അന്റോണി ഫൗസിയും വിറ്റാമിൻ ഡി യുടെ ഉപയോഗം നിർദ്ദേശിക്കാറുണ്ട്. 

മെലാടോണിൻ

 സുഖനിദ്ര പ്രദാനം ചെയ്യുന്ന ഈ ഹോർമോൺ തലച്ചോറിലെ പീനിയൽ ഗ്രന്ഥിയാണ് ഉത്പാദിപ്പിക്കുന്നത്. ഇത് സപ്പ്ളിമെന്റായി കൊടുക്കുന്നത് ഉറക്കം കിട്ടാനും ഉറക്കമില്ലായ്മ മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കും. സ്‌റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക് ഓഫ് ബഫല്ലോയിലെ ഗവേഷകർ മെലാടോണിന്റെ ഉപയോഗം, ചെറിയ ലക്ഷണങ്ങൾ മാത്രമുള്ള കൊറോണ
രോഗികളിൽ രോഗം കുറയ്ക്കാൻ വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള പഠനം ഒരുവർഷമായി നടത്തിവരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക