Image

അംഗീകാരമുള്ള സംഘടന ഐ.എന്‍.ഒ.സി -ഐ മാത്രം: കൊടിക്കുന്നില്‍ സുരേഷ്‌

Published on 06 June, 2012
അംഗീകാരമുള്ള സംഘടന ഐ.എന്‍.ഒ.സി -ഐ മാത്രം: കൊടിക്കുന്നില്‍ സുരേഷ്‌
ന്യൂയോര്‍ക്ക്‌: അഖിലേന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ അംഗീകാരമുള്ള ഏക സംഘടന ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ (ഐ) ആണെന്ന്‌ കൊടിക്കുന്നില്‍ സുരേഷ്‌ എം.പി. ഐ.എന്‍.ഒ.സി- ഐ കേരള ചാപ്‌റ്ററിന്റെ ന്യൂയോര്‍ക്ക്‌ ഘടകം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നേതൃ മാറ്റത്തെ തുടര്‍ന്ന്‌ സംഘടനയിലുണ്ടായ സംഭവവികാസങ്ങളെപ്പറ്റി അദ്ദേഹം സംസാരിച്ചു. ഇവിടുത്തെ സംഘടനാ പ്രവര്‍ത്തനത്തെപ്പറ്റി അന്വേഷിക്കാനുള്ള ദൗത്യവുംകൊണ്ടാണ്‌ താന്‍ വരുന്നത്‌. സ്ഥിതിഗതികളെപ്പറ്റി കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയാ ഗാന്ധിക്കും, ഫോറിന്‍ അഫയേഴ്‌സ്‌ കമ്മിറ്റി ചെയര്‍മാന്‍ ഡോ. കരണ്‍സിംഗിനും റിപ്പോര്‍ട്ട്‌ നല്‍കും. കോണ്‍ഗ്രസിന്റെ ആശയങ്ങളില്‍ വിശ്വസിക്കുന്നവരൊക്കെ സംഘടനയ്‌ക്ക്‌ പിന്നില്‍ അണിനിരക്കണം.

പുതിയ പ്രസിഡന്റ്‌ ജോര്‍ജ്‌ ഏബ്രഹാമിന്റെ ദീര്‍ഘകാല പ്രവര്‍ത്തനങ്ങളെ അദ്ദേഹം അനുമോദിക്കുകയും പാര്‍ട്ടിയോടുള്ള അര്‍പ്പണബോധത്തെ അഭിനന്ദിക്കുകയും ചെയ്‌തു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്‌ പുതിയ സ്ഥാനലബ്‌ധി. തന്റെ പാര്‍ലമെന്റ്‌ മണ്‌ഡലത്തില്‍ നിന്നുവരുന്ന വ്യക്തയാണദ്ദേഹമെന്നതില്‍ തനിക്ക്‌ പ്രത്യേക സന്തോഷമുണ്ട്‌.

പഞ്ചാബിലെ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ സംഘടിപ്പിച്ച `ചലോ പഞ്ചാബ്‌' പരിപാടിയെ അദ്ദേഹം പ്രശംസിച്ചു. ഇത്‌ പാര്‍ട്ടിയും അമേരിക്കയിലെ സംഘടനയും തമ്മിലുള്ള ഉറ്റബന്ധത്തിന്റെ തെളിവാണ്‌. ഇന്ത്യയുടെ വികസനത്തിന്‌ വിദേശ ഇന്ത്യക്കാരുടെ സേവനം ഏറെ പ്രധാനമാണെന്നാണ്‌ പാര്‍ട്ടി വിശ്വസിക്കുന്നത്‌. വിദേശ ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റി അതത്‌ മന്ത്രാലയങ്ങളുമായി ബന്ധപ്പെടുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

ആദരസൂചകമായി ജോര്‍ജ്‌ ഏബ്രഹാമിനെ എം.പി ഷാള്‍ അണിയിച്ചു. തന്റെ പ്രസംഗത്തില്‍ ജോര്‍ജ്‌ ഏബ്രഹാം വൈസ്‌ പ്രസിഡന്റ്‌ ശുദ്ധ്‌ ജസൂജയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.

മലയാളി സമൂഹമാണ്‌ 1998-ല്‍ ഐഎന്‍ഒസിയ്‌ക്ക്‌ തുടക്കമിടുന്നത്‌. അന്നതിന്റെ പേര്‌ ഫ്രണ്ട്‌സ്‌ ഓഫ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ എന്നായിരുന്നു. മറ്റു വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി വികസിപ്പിച്ചപ്പോഴാണ്‌ സംഘടന ഐഎന്‍ഒസി ആയത്‌. വസ്‌തുതകളില്‍ നിന്ന്‌ ആര്‍ക്കും ഒളിച്ചോടാനാവില്ല.

ഐഎന്‍ഒസി-ഐ ഒരു വ്യക്തിയുടെ കുത്തകയായി മാറ്റുകയില്ല. ഇത്‌ ജനങ്ങളുടെ
സംഘടനയാണ്‌ . സംഘടനയ്‌ക്ക്‌ വ്യക്തമായ രൂപഭാവങ്ങള്‍ കൈവരുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്‌. ഭാവിയിലെങ്കിലും ആരും സംഘടനയുടെ ഉടമസ്ഥാവകാശം അവകാശപ്പെടുന്ന സ്ഥിതി ഉണ്ടാവരുത്‌.

കളത്തില്‍ വര്‍ഗീസ്‌, കൊടിക്കുന്നില്‍ സുരേഷ്‌ എംപിയെ സ്വാഗതം ചെയ്യുകയും കേരള ഘടകത്തിലെ ടെക്‌സസ്‌, ഫ്‌ളോറിഡ, പെന്‍സില്‍വേനിയ യൂണീറ്റുകള്‍ ഉദ്‌ഘാടനം ചെയ്യുന്നതില്‍ നന്ദി പറയുകയും ചെയ്‌തു.

ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രസിഡന്റായി നിയമിതനായ ഡോ. വര്‍ഗീസ്‌ ഏബ്രഹാമിനെ എം.പി ഷാള്‍ അണിയിച്ചു.

സംഘടനയുടെ സ്ഥാപക നേതാക്കളായ സാഖ്‌ തോമസ്‌, ആര്‍. ജയചന്ദ്രന്‍, സ്റ്റാന്‍ലി കളത്തറ എന്നിവരേയും ബാലചന്ദ്ര പണിക്കരേയും ചടങ്ങില്‍ ആദരിച്ചു.

സജി ഏബ്രഹാം, ജോസ്‌ ചുമ്മാര്‍, ടി.എസ്‌. ചാക്കോ, ജോസ്‌ ജോര്‍ജ്‌ ചാരുംമൂട്‌, ജയിംസ്‌ ജോസഫ്‌, ധാരാ സിംഗ്‌, എം.എ. നസീര്‍, വര്‍ഗീസ്‌ ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു.
അംഗീകാരമുള്ള സംഘടന ഐ.എന്‍.ഒ.സി -ഐ മാത്രം: കൊടിക്കുന്നില്‍ സുരേഷ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക