Image

ചാറ്റ് (കവിത-കൃപ അമ്പാടി)

Published on 10 October, 2020
ചാറ്റ് (കവിത-കൃപ അമ്പാടി)

ചിലരുടെ സംസാരങ്ങളിൽ
ഓളംതല്ലി കരയടുക്കാൻ
പാടുപെടാറില്ലേ ? 

ഹൃദയത്തിൽ നുള്ളുന്നവർ
ഹൃദയം തരുന്നവർ
ഹൃദയം കാത്തുകിടക്കുന്നവർ
ഹൃദയമേയില്ലാത്തവർ.

ദേഹിയെ തഴുകി
ആത്മീയമൂർച്ഛയേകുന്നവർ
ദേഹത്തെ ഉണർത്തി
രതിമൂർച്ഛയേകുന്നവർ
ചിലർ ദേഹവും ദേഹിയും 
തൊടാതെ
നേരെ വന്ന് വീണുപിടയുന്നോർ.

വായിക്കാൻ പറയുന്നോർ
എഴുതാൻ പറയുന്നോർ
ചർച്ചക്ക് വരുന്നവർ
ചിലർ ശാന്തിതേടി വരുന്നവർ.

വീഴ്ത്താൻ വരുന്നവർ
വീണെന്ന് കരുതുന്നവർ
വീണിടങ്ങൾ പറയുന്നോർ.

കവിതചൊല്ലാൻ വരുന്നവർ
കവിയെന്ന് ധരിക്കുന്നോർ
കവിതതോന്നിക്കാൻ വരുന്നോർ
ചിലർ 'കവി'യെത്തേടി വരുന്നോർ.

മുഖംനോക്കി പറയുന്നോർ
മുടിനോക്കി പറയുന്നോർ
മുലനോക്കി പറയുന്നോർ
ചിലർ ചിത്രം ചോദിക്കുന്നോർ.

തെറി പറയുന്നോർ
നാണം പഠിപ്പിക്കുന്നോർ
കൂടെ വരുന്നോ?,യെന്ന്
ചോദിക്കുന്നോർ
ചിലർ കച്ചവടം അറിയുന്നോർ.

ശബ്ദങ്ങളിൽ
ഗുരുവായി ചിലർ
സോദരരായി ചിലർ
അച്ഛനമ്മമാരായി ചിലർ.

മടുപ്പുമാറ്റുന്നവർ
കൂട്ടിരിക്കുന്നവർ
പകൽ വരുന്നവർ
സന്ധ്യക്കുപോകുന്നോർ
ചിലർ പാതിരാത്രിയും
പോകാത്തോർ.

പുരുഷനെ വെറുക്കുന്നവർ
സ്ത്രീകളെ വെറുക്കുന്നവർ
ചിലർ മൂന്നാംലിംഗക്കാർ.

സമയത്ത് വരുന്നോർ
നിത്യം വരുന്നോർ
ഒരിക്കൽമാത്രം വരുന്നോർ
ചിലർ ഒരിക്കലും വിട്ടുപോകാത്തോർ.

ശുഭദിനം നേരുന്നോർ
ശുഭരാത്രി പറയുന്നോർ
സ്റ്റിക്കർ പതിപ്പിക്കുന്നോർ
ചിലർ  കൈമാത്രം കാട്ടുന്നോർ.

ഒരൊറ്റവാക്കിനാൽ 
ഏറെ പറഞ്ഞുവയ്ക്കുന്നോർ
ഏറെ പറഞ്ഞിട്ടും
ഒരൊറ്റവാക്കിലും ഇല്ലാത്തോർ.

വിലക്കുവീണവർ
ഒഴിവാക്കിയവർ
വീണ്ടും അനുവദിക്കപ്പെടുന്നോർ
ചിലർ എന്നെയൊറ്റിക്കൊടുത്തവർ.

ഒന്നും പറയിപ്പിക്കാതെ
മറുപടിക്കുമുന്നെ 
വണ്ടിയിടിച്ചുമരിച്ചവന്റെ ചാറ്റ്.

ഇനിയും വരാത്തവരോട്,
ഒറ്റയ്ക്കു വരിക.
ചാറ്റ് (കവിത-കൃപ അമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക