Image

പാട്ടിനപ്പുറം (കവിത:രാജന്‍ സി എച്ച്)

Published on 10 October, 2020
പാട്ടിനപ്പുറം (കവിത:രാജന്‍ സി എച്ച്)
ചിലപ്പോഴൊക്കെ
ഒറ്റയ്ക്കിരിക്കുമ്പോള്‍
എസ് പി ബി കൂടെ വന്നു.
അപ്പോള്‍ ഞാനിരിക്കുമിടം
ഞാനിരിക്കുമിടമല്ലാതായി.
ഒരിടത്തിനും പ്രസക്തിയില്ലാതായി.
അതുവരെ കണ്ട ആകാശം
അതുവരെയുള്ള ആകാശമല്ലാതായി.
അതുവരെയുണ്ടായിരുന്ന ഭൂമി
നക്ഷത്രങ്ങള്‍ രാവ്
ഞാന്‍
ഞാനല്ലാതായി.

ഇനിയും ഒറ്റയ്ക്കിരിക്കുമ്പോള്‍
എസ് പി ബി കൂടെ വരാതിരിക്കുമോ?
പഴയതു പോലെയൊക്കെയും
എന്നില്‍ സംഭവിക്കാതിരിക്കുമോ?
എന്നാലിനി
എസ് പി ബിയില്ലെന്നു
ഞാനുമുള്ളില്‍ വിങ്ങും.
അപ്പോഴെല്ലാം
പഴയതു പോലെയാവുമോ?
ഭൂമി ആകാശം നക്ഷത്രങ്ങള്‍
ആരോ പ്രകമ്പനം കൊള്ളുന്ന വായു
ഞാന്‍
ഞാനാകുമോ?
ഞാനല്ലാതാകുമോ?

മഴ ചാറുന്നുണ്ട്
പുറത്തുമുള്ളിലും.
കരയുകയില്ല
ഞാന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക