Image

രാപ്പാതി (കവിത: ഷെറിൻ ജോർജ്. കെ)

Published on 10 October, 2020
രാപ്പാതി (കവിത: ഷെറിൻ ജോർജ്. കെ)
മെയ് അറുതിയി -
ലൊരുപൂവ്
ഒറ്റയ്ക്കു നിൽക്കുന്നു.

ഇടതൂർന്ന
കാടും കടന്ന്
ഇടവഴി താണ്ടി
പകലറുതിയിൽ
വിഷാദം പേറി
അരികുപറ്റി
ഓടിക്കിതച്ച്
ഉപ്പുതുള്ളികൾ
ഉറ്റിച്ചുറ്റിച്ചു വന്ന
കാറ്റു തൊട്ടു.

'തൊട്ടതു തൊട്ടു
ഇനി തൊടരുത് '.
വാക്കുകൾ
വിഷലിപ്ത സ്ഥൂല
സ്ഥലികളെ തേടി.
കണ്ണുകൾ എരിഞ്ഞെരിഞ്ഞ്
അന്തിച്ചുവപ്പോളമെത്തി.
ഇതളുകൾ പൊട്ടിയടർന്ന്
നീറ്റുമണ്ണിൽ പതിച്ചു.

കാറ്റു മിണ്ടിയില്ല
അരികുചാരി നിന്നു.
'പിറവികുഞ്ഞുങ്ങൾക്ക്
ഉറക്കുപാട്ടു പാടുവാൻ
നിനക്കാവുമോ?'
കാറ്റു മിണ്ടിയില്ല
തൊട്ടുനിന്ന ഇല തലയാട്ടി,
കാറ്റിനു സമ്മതം.

പൂവ്  കാറ്റിലലിഞ്ഞുയർന്നു.
കാറ്റ്, പാതിരാക്കാറ്റായി
പൂവ്, പാതിരാപ്പൂവായി

മിത്തായി
സത്യമായി

ഇന്നും ഉറക്കുപാട്ടുകൾക്ക്
അറുതിപ്പൂവിന്റെ ഗന്ധം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക