Image

വി നെക്സ്റ്റ്; മലയാളത്തിന് മാത്രമായി ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ ആദ്യത്തെ ഒടിടി പ്ലാറ്റ്ഫോം

Published on 09 October, 2020
വി നെക്സ്റ്റ്; മലയാളത്തിന് മാത്രമായി ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ ആദ്യത്തെ ഒടിടി പ്ലാറ്റ്ഫോം


കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തില്‍ സിനിമ വ്യവസായത്തിന് താങ്ങായത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളായിരുന്നു. ഇപ്പോഴിതാ താരസംഘടനയായ എഎംഎംഎയുടെ ജനറല്‍ സെക്രട്ടറിയും നടനും ആയ ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ മലയാളത്തിന്റെ ആദ്യ ഒടിടി പ്ലാറ്റ്ഫോം പുറത്ത്. 'വി നെക്സ്റ്റ്' എന്നാണ് പുതിയ സംരഭത്തിന് പേര്.</p>
പുതിയ ഒടിടി പ്ലാറ്റ്ഫോമിന്റെ പേരും ലോഗോയും പ്രകാശനം ചെയ്തത് എറണാകുളം പ്രസ് ക്ലബ്ബില്‍ വച്ചായിരുന്നു. ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഈ പ്ലാറ്റ്ഫോം എന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത് .  പേര് പ്രഖ്യാപിച്ചതും ലോഗോ പ്രകാശനം ചെയ്തതും മലയാളത്തിന്റെ പ്രിയ നടന്‍ മധു ആയിരുന്നു. ഓണ്‍ലൈന്‍ ആയിട്ടായിരുന്നു അദ്ദേഹം ഇത് നിര്‍വ്വഹിച്ചത്.
റോഡ് ട്രിപ്പ് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ നേതൃത്വത്തിലാണ് ഇത്. ഒരു സ്റ്റാര്‍ട്ട് അപ്പ് സംരഭമാണിത് എന്ന് ഇടവേള ബാബു വ്യക്തമാക്കി. ഇടവേള ബാബുവാണ് റോഡ് ട്രിപ് ഇന്നൊവേഷന്‍സിന്റെ ചെയര്‍മാന്‍. ആമസോണ്‍ പ്രൈം, നെറ്റ് ഫ്ലിക്സ്, സോണി തുടങ്ങി ലോകത്ത് അസംഖ്യം ഒടിടി പ്ലാറ്റ്ഫോമുകള്‍ ഉണ്ട്. എന്നാല്‍ അവയില്‍ മലയാളത്തിന് കിട്ടുന്ന പ്രാതിനിധ്യം വളരെ കുറവാണ്. അത്തരമൊരു സാഹചര്യത്തിലാണ് മലയാളത്തിന് മാത്രമായി ഒരു ഒടിടി പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നത്.

സിനിമയ്ക്ക് മാത്രമുള്ള ഒരു പ്ലാറ്റ്ഫോം അല്ല 'വി നെക്സ്റ്റ്' എന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഇടവേള ബാബു വ്യക്തമാക്കി. സിനിമ കൂടാതെ നാടകം, കഥാപ്രസംഗം, മിമിക്രി തുടങ്ങി അമ്പതോളം കലാമേഖലകള്‍ വി നെക്സ്റ്റില്‍ ഉണ്ടാകും എന്നാണ് ഇടവേള ബാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.ഒടിടി പ്ലാറ്റ്ഫോമില്‍ നിന്നുള്ള വരുമാനത്തിന്റെ സിംഹഭാഗവും നിര്‍മാതാക്കള്‍ക്ക് തന്നെ നല്‍കുമെന്നാണ് ഇടവേള ബാബു പറഞ്ഞ മറ്റൊരു കാര്യം. ചെറിയൊരു ശതമാനം വരുമാനം മാത്രമേ തങ്ങള്‍ എടുക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
2021 ജനുവരി 1 മുതല്‍ വി നെക്സിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്. സബ്സ്‌ക്രൈബേഴ്സിനും ഒരുപാട് ഓഫറുകള്‍ ഉണ്ടാകും. അവ വഴിയെ പ്രഖ്യാപിക്കുമെന്ന് ഇടവേള ബാബു പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക