Image

നടൻ ഗോവിന്ദ് പദ്മസൂര്യയുമായുള്ള അഭിമുഖം

ആദർശ് ചന്ദ്രൻ Published on 09 October, 2020
നടൻ ഗോവിന്ദ് പദ്മസൂര്യയുമായുള്ള അഭിമുഖം
"എന്നെ  ജിപി  എന്ന് ആദ്യം വിളിക്കുന്നത് ഒരു കൊച്ചു പഞ്ചാബി കുട്ടിയാണ് , ടെലിവിഷനിലേക്ക് വന്നപ്പോൾ അതെന്റെ പേരായി. ഇപ്പോൾ ഞാൻ എല്ലാര്ക്കും ജിപി തന്നെ", നടൻ ഗോവിന്ദ് പദ്മസൂര്യയുമായുള്ള അഭിമുഖം.


ഒരിടവേളക്ക് ശേഷം മലയാളികളുടെ പ്രിയ നടൻ ഗോവിന്ദ് പദ്മസൂര്യ മിനി സ്‌ക്രീനിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. ഇക്കുറി, ജിപിയെന്ന് സ്നേഹത്തോടെ പ്രേക്ഷകർ വിളിക്കുന്ന ഗോവിന്ദ് പദ്മസൂര്യ എത്തുന്നത് സീ കേരളത്തിന്റെ  'മിസ്റ്റർ ആൻഡ് മിസ്സിസ്' എന്ന പുതിയ റിയാലിറ്റി ഷോയുടെ വിധികർത്താവായാണ്. ഇതാദ്യമായാണ് താരം ഒരു റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തുന്നത്. ഈ വർഷം അല്ലൂ അർജ്ജുൻ നായകനായ തെലുങ്ക് സിനിമയുടെ ഭാഗമായി വലിയ വിജയം സ്വന്തമാക്കിയിരുന്നു താരം. കോവിഡ് കാലത്തെ തൻ്റെ അനുഭവങ്ങൾ, വരാനിരിക്കുന്ന പുതിയ പ്രൊജെക്ടുകൾ തുടങ്ങിയവയെക്കുറിച്ചു ജിപി സംസാരിക്കുന്നു.


ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ജിപി  മിനി സ്‌ക്രീനിലേക്ക് മടങ്ങി വരുന്നത്. ഇത്തവണ ഒരു വിധികർത്താവായിട്ടാണ് എത്തുന്നത്. എങ്ങനെ കാണുന്നു പുതിയ പരിപാടി?

മിസ്റ്റർ ആൻഡ് മിസ്സിസ് ടെലിവിഷനിലേക്കുള്ള തിരിച്ചു വരവ് സാധ്യമാക്കിയ ഷോയാണ്. എന്നാൽ ഈ പുതിയ റോൾ എനിക്കങ്ങനെ വലിയ വ്യത്യാസം ഉള്ളതായി തോന്നിയില്ല. ഒരു അവതാരകൻ എന്ന നിലയിലുള്ള അതേ ഉണർവും ഉത്സാഹവും തന്നെയാണ് മിസ്റ്റർ ആൻഡ് മിസ്സിസ് ഫ്ലോറിൽ എനിക്ക് അനുഭവിക്കാൻ കഴിഞ്ഞത്. നമ്മൾ ചെയ്യുന്നത് ജനങ്ങൾക്ക് ഇഷ്ടപെടുന്നുവെന്നറിയുമ്പോഴാണ് ഒരു അവതാരകൻ, നടൻ എന്ന നിലയിൽ സംതൃപ്തി ഉണ്ടാവുന്നത്.  ഷോയുടെ ആദ്യ എപ്പിസോഡ് ഇഷ്ടപെട്ടതായി നിരവധി പേർ വിളിച്ചു പറഞ്ഞു.

നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണിത്. മിക്കവരും അവരുടെ വീടുകളിലാണ്. ഭാവിയെക്കുറിച്ചൊക്കെ വലിയ ആശങ്ക തോന്നുന്ന സമയമാണ് ഇത്. ഈ അവസരത്തിൽ അവർക്ക് ആ പിരിമുറുക്കത്തിൽ നിന്ന് ഒരു മാറ്റമുണ്ടാക്കാൻ ഇത്തരം വിനോദ പരിപാടികൾ സഹായിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ‘മിസ്റ്റർ ആന്റ് മിസ്സിസ്’, 'സീ കേരളം' എന്നിവയുടെ ഭാഗമായി അത്തരമൊരു സന്തോഷം അവർക്ക് കൊടുക്കാൻ പറ്റിയതിൽ ഞാൻ സന്തുഷ്ടനാണ്.


പുതിയ ഷോ ‘മിസ്റ്റർ ആന്റ് മിസ്സിസിനെ കുറിച്ച്?

ആദ്യ എപ്പിസോഡിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ‘മിസ്റ്റർ ആന്റ് മിസ്സിസ്' മികച്ചൊരു പരിപാടിയാകുമെന്ന് തീർച്ചയാണ്. ഷൂട്ടിംഗ് ഒക്കെ വളരെ രസകരമായിരുന്നു. ലോക്ക് ഡൗണിന് ശേഷം കർശനമായ ഷൂട്ടിംഗ് പ്രോട്ടോക്കോൾ പാലിച്ചാണ് ഷൂട്ടിംഗ് നടത്തുന്നത്. പക്ഷേ അതൊന്നും ഞങ്ങളുടെ പ്രകടനത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് ഈ സമ്മർദ്ദ കാലത്ത് ആസ്വദിക്കാൻ കഴിയുന്ന ഒരു ഷോ തന്നെയാണ് ‘മിസ്റ്റർ ആന്റ് മിസ്സിസ്'.

ജിപിയുടെ ടെലിവിഷനിൽ എത്തുമ്പോൾ വല്ലാത്ത ഒരു ഉത്സാഹത്തിലാകും. ഒരു കഥാകാരന്റെ വൈഭവത്തോടെയാകും പരിപാടികൾ അവതരിപ്പിക്കുകയും മത്സരാർത്തികളുമായും ഇടപ്പെടുകയും ചെയ്യുക. ഈ രസികത്തം നിറഞ്ഞ അവതരണ ശൈലി എവിടുന്ന് കിട്ടിയതാണ്?

ഇത് എന്റെ സുഹൃത്തുക്കൾ പല തവണ പറഞ്ഞിട്ടുണ്ട്. കോളേജിൽ ആയിരിക്കുമ്പോൾ ഞങ്ങളുടെ അനുഭവങ്ങൾ വിവരിക്കാൻ സുഹൃത്തുക്കൾ പലപ്പോഴും എന്നോട് പറയുമായിരുന്നു. അത് പറയാൻ അവർ എന്നോട് ആവശ്യപ്പെടുന്നതിന്റെ കാരണം, ആ സംഭവങ്ങളെ എന്റെ സ്വന്തം രീതിയിൽ വിവരിക്കാൻ പറ്റുമെന്ന് അവർക്കറിയാം. അത് കേൾക്കാനും അവർക്ക് ഇഷ്ടമാണ്. നമ്മൾ ഈ കഥകളൊക്കെ നന്നാക്കാൻ വേണ്ടി ചില രസികൻ പൊടിക്കൈകൾ ഒക്കെ ഇടും. അത് കൊണ്ട് അവരുടെ കൂട്ടത്തിൽ അവതാരകൻ ഞാൻ ആയിരുന്നു.  ഒരു ഷോ ഹോസ്റ്റുചെയ്യുമ്പോൾ ഞാൻ ഞാനായി തന്നെ പെരുമാറാനാണ് ശ്രമിക്കാറ്. നമ്മുടെ ഒരു രീതിയിൽ തന്നെയാണ് അവതരിപ്പിക്കുക. പക്ഷേ സിനിമയിൽ ഒരു വേഷം ചെയ്യുമ്പോൾ, അത് തികച്ചും വ്യത്യസ്തമാണ്. നമ്മൾ കഥാപാത്രം ആവശ്യപ്പെടുന്ന രീതിയിലേക്ക് മാറും.

സിനിമയിൽ നിന്ന് ടെലിവിഷനിലേക്ക് വന്നപ്പോൾ ഗോവിന്ദ് പദ്മസൂര്യ എന്നത് ജിപിയായി. പ്രേക്ഷകരുമായി പെട്ടെന്ന് കണക്ട് ചെയ്യാൻ പറ്റുന്ന ഒരു പേരായി അത്. ആ പേര് ആരാണ് ഇട്ടത്?

എൻ്റെ ഹയർ സെക്കണ്ടറി വിദ്യാഭ്യാസം ഞാൻ ഒരു ഇന്റർനാഷണൽ സ്കൂളിൽ ആയിരുന്നു. അവിടത്തെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ളവരാണ്. മലയാളികൾ വളരെ കുറവായിരുന്നു. ഒരു അഞ്ചാം ക്ലാസ്സുകാരനാണ് അവിടെ വെച്ച് ഒരിക്കൽ  എന്നോട് എന്റെ പേര് ചോദിച്ചു. ഞാൻ ഗോവിന്ദ് പദ്മസൂര്യ എന്ന മറുപടി പറഞ്ഞു. പഞ്ചാബിയായ അവന് പക്ഷെ  ഗോവിന്ദ് പദ്മസൂര്യ ഉച്ചരിക്കാൻ പാടായിരുന്നു. അവനാണ് പേര് ചുരുക്കി ആദ്യം അവന്റെ സൗകര്യത്തിൽ ജിപി എന്ന് വിളിക്കുന്നത്. കോളേജിൽ പഠിക്കുമ്പോൾ എൻറെ സുഹൃത്തുക്കൾ എന്നെ മുഴുവൻ പേരിലും വിളിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞിരുന്നു, അതിനാൽ അവർ അതിൽ നിന്ന് സൂര്യ എന്ന് മാത്രം എടുത്തു. ടെലിവിഷനിൽ വന്നപ്പോൾ നീണ്ട എൻ്റെ പേര് വിളിക്കുന്നത് അത്ര സുഖമാകില്ലന്ന് കണ്ടു വിളിക്കാൻ കൂടുതൽ സൗകര്യപ്രദമായ ജിപി തന്നെ ഉറപ്പിച്ചു. ആ അഞ്ചാം ക്ലാസ്സുകാരൻ വിളിച്ച പേരാണ് ജിപി. ഇപ്പോൾ എന്നെ എല്ലാവരും വിളിക്കുന്നത് ജിപി എന്ന് തന്നെയാണ്.

മൂന്നു ഭാഷകളിൽ അഭിനയിച്ചു കഴിഞ്ഞു. ഒരു നടനെന്ന നിലയിൽ നിങ്ങൾ എന്ത് മാറ്റങ്ങളാണ് കണ്ടത്?

 മലയാളം, തമിഴ്, തെലുങ്ക് എന്നീ മൂന്ന് വ്യവസായങ്ങൾക്ക് മൂന്ന് വ്യത്യസ്ത രീതിയിലുള്ള നിർമ്മാണ രീതികളുണ്ട്. പ്രേതം ചിത്രീകരിക്കാൻ 23 ദിവസമെടുത്തപ്പോൾ, തമിഴിൽ ‘കീ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒരു നീണ്ട പ്രക്രിയയായിരുന്നു. ‘അല വൈകുണ്ഠപുരമുലു’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ  നിരവധി മാസങ്ങളെടുത്തു. അവിടുത്തെ സിനിമ ഇൻഡസ്ടറി വലുതാണ്. ഞാൻ തെലുങ്ക് സിനിമയിൽ അഭിനയിക്കുമ്പോൾ തന്നെ അതിൽ  ജയറാം, സമുദ്രകനി, തബു തുടങ്ങി നിരവധി സീനിയർ താരങ്ങളും ഉണ്ടായിരുന്നു. അത് വലിയ രീതിയിൽ നമ്മളെ സഹായിച്ചിട്ടുണ്ട്. ഒരു വലിയ താരമായിട്ട് കൂടി അല്ലു അർജ്ജുൻ വളരെയധികം സഹായിച്ചിട്ടുണ്ട്. ഒരു നടനെന്ന നിലയിൽ എനിക്ക് നിരവധി പുതിയ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. .

പുതിയ ഓഫറുകൾ എന്തൊക്കെയാണ്?

മലയാളത്തിൽ നിന്ന് പുതിയ നല്ല കുറച്ച് ഓഫറുകൾ ലഭിക്കുന്നു. വല്ലാത്തൊരു കാലത്തിലൂടെയാണല്ലോ നമ്മളെല്ലാവരും നീങ്ങുന്നത്. വ്യവസായങ്ങൾ  എല്ലായിടത്തും സ്തംഭിച്ചിരിക്കുന്നു. കാര്യങ്ങൾ ഒരു പുതിയ  നിലയിലേക്ക് വരുന്നതിനായി കാത്തിരിക്കുകയാണ്. എല്ലാം ശരിയായി പഴയപ്പോലെ എല്ലാം വരാനാണ് ഇപ്പോൾ കാത്തിരിക്കുന്നത്. 
നടൻ ഗോവിന്ദ് പദ്മസൂര്യയുമായുള്ള അഭിമുഖംനടൻ ഗോവിന്ദ് പദ്മസൂര്യയുമായുള്ള അഭിമുഖംനടൻ ഗോവിന്ദ് പദ്മസൂര്യയുമായുള്ള അഭിമുഖംനടൻ ഗോവിന്ദ് പദ്മസൂര്യയുമായുള്ള അഭിമുഖം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക