Image

യോഗി ഭരണകൂടത്തിന്റെ ജന വിരുദ്ധ നടപടികൾക്കെതിരെ ഐഒസി(കേരള) ഹൂസ്റ്റൺ ചാപ്റ്റർ

ജീമോൻ റാന്നി Published on 08 October, 2020
യോഗി ഭരണകൂടത്തിന്റെ ജന വിരുദ്ധ നടപടികൾക്കെതിരെ ഐഒസി(കേരള) ഹൂസ്റ്റൺ ചാപ്റ്റർ
ഹൂസ്റ്റൺ: ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമാദരണീനായ നേതാവ് രാഹുൽഗാന്ധിയെ പിടിച്ചു തള്ളുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത പോലീസ് നടപടിയെ ശക്തമായി അപലപിക്കുകയും എല്ലാ പ്രതിസന്ധികളെയും മറികടന്നു കൊണ്ട് പെൺകുട്ടിയുടെ വീട് സന്ദര്ശിക്കുകയും ചെയ്ത കോൺഗ്രസ് നേതാക്കളായ രാഹുലിനെയും പ്രിയങ്കയെയും ഹൃദയത്തോട് ചേർത്ത് നിർത്തുന്നുവെന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഓസി) (കേരള) ഹൂസ്റ്റൺ ചാപ്റ്റർ.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 151 മത് ജന്മദിനത്തോടനുബന്ധിച്ചു ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഓസി) (കേരള) ഹൂസ്റ്റൺ ചാപ്റ്റർ.നടത്തിയ നേതൃസമ്മേളനത്തിൽ വിവിധ നേതാക്കൾ സംസാരിച്ചു. ഒക്ടോബർ 4 നു ഞായറാഴ്ച  വൈകുന്നേരം 5 മണിക്ക് സ്റ്റാഫ്‌ഫോർഡ് ക്രിസ്ത്യൻ സെന്ററിൽ വച്ച് കൂടിയ ഗാന്ധിജയന്തി സമ്മേളനത്തിൽ ലോകസമാധാനത്തിന് എന്നെന്നും മാർഗദർശിയായി തീർന്ന,അഹിംസയിൽ കൂടി ഇന്ത്യാ മഹാരാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജിയുടെ ആദർശങ്ങൾ നമ്മുടെ ജീവിത ശൈലിയായി തീരണമെന്നു പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. മോദിയുടെയും യോഗിയുടെയും ജനവിരുദ്ധ വർഗീയ  നിലപാടുകളും നയങ്ങളും ഇന്ത്യയെ പുറകോട്ടടിച്ചു കൊണ്ടിരിക്കയാണെന്നും സമ്മേളനം വിലയിരുത്തി.

വർഗീയ പ്രതിലോമ ശക്തികൾ ഇന്ത്യയിൽ വളർന്നു വരാൻ അനുവദിക്കരുതെന്നും ഗാന്ധി ദർശനങ്ങൾ ഉൾക്കൊണ്ടുകൊണ്ട്  പ്രവർത്തിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വളർച്ചയൊന്നു കൊണ്ട് മാത്രമേ രാജ്യത്തെ മതേതരത്വം സംരക്ഷിക്കപെടാൻ കഴിയുള്ളുവെന്നും സമ്മേളനം വിലയിരുത്തി.

വൈസ് പ്രസിഡണ്ട് പൊന്നു പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ഐഒസി (കേരള) ദേശീയ വൈസ് പ്രസിഡണ്ട് ബേബി മണക്കുന്നേൽ ഉത്ഘാടനം ചെയ്തു, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ടെക്സാസ് ചാപ്റ്റർ പ്രസിഡണ്ട് ജെയിംസ് കൂടൽ. ഐഒസി (കേരള) ഹൂസ്റ്റൺ ചാപ്റ്റർ ചെയർമാൻ  ജോസഫ് ഏബ്രഹാം,പ്രമുഖ മാധ്യമപ്രവർത്തകൻ എ.സി.ജോർജ്, കോൺഗ്രസ് നേതാവ് ജോർജ് ഏബ്രഹാം (രാജു), അലക്സ് ഡാനിയേൽ,യുവ നേതാക്കളായ എബി.കെ.ഐസക്, ബിനോയ് ലുക്കോസ് തത്തംകുളം, ആൻഡ്രൂസ് ജേക്കബ്  തുടങ്ങിയവർ സംസാരിച്ചു.

കൂടുതൽ അംഗങ്ങളെ ചേർത്തുകൊണ്ടും വിവിധ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ടും ഐഒസി ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിന് തീരുമാനിച്ചു.

ചാപ്റ്റർ ജനറൽ സെക്രട്ടറി വാവച്ചൻ മത്തായി സ്വാഗതവും ട്രഷറർ ഏബ്രഹാം തോമസ് നന്ദിയും പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക