Image

ഓര്‍ത്തഡോക്‌സ് സഭക്ക് ജര്‍മന്‍ ഭാഷയില്‍ വിശുദ്ധ കുര്‍ബാന ക്രമം

Published on 07 October, 2020
ഓര്‍ത്തഡോക്‌സ് സഭക്ക് ജര്‍മന്‍ ഭാഷയില്‍ വിശുദ്ധ കുര്‍ബാന ക്രമം



കോട്ടയം: ആരാധനാപരമായ കാര്യങ്ങളില്‍, ചരിത്രപരമായ തീരുമാനങ്ങളുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സമാപിച്ചു. സെപ്റ്റംബര്‍ അവസാനം കോട്ടയത്തുകൂടിയ പരി. എപ്പിസ്‌കോപ്പല്‍ സിനഡില്‍, ജര്‍മനി, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ ജനിച്ചു വളര്‍ന്ന, വിശുദ്ധ സഭയുടെ അംഗങ്ങളുടെ ഉപയോഗത്തിനായി, ജര്‍മന്‍ ഭാഷയില്‍ തയാറാക്കിയ വിശുദ്ധ കുര്‍ബാന ക്രമത്തിന് അംഗീകാരം നല്‍കി.

കാലം ചെയ്ത ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപോലീത്തായുടെ നിര്‍ദ്ദേശപ്രകാരം ഇതിന്റെ പ്രാരംഭ വിവര്‍ത്തനം നിര്‍വഹിച്ചത് ഫാ. റെജി മാത്യു, പ്രഫ. ജോസഫ് പി വര്‍ഗീസ് എന്നിവരാണ്. ജര്‍മനിയിലെ ഗൊട്ടിംഗെന്‍ സര്‍വകലാശാലയിലെ പ്രഫ. ഡോ. മാര്‍ട്ടിന്‍ ടാംകെ പരിഭാഷ പരിശോധിച്ച്, ഭാഷാപരമായ തിരുത്തലുകള്‍ വരുത്തി, ജര്‍മ്മന്‍ ഭാഷയിലുള്ള വിശുദ്ധ കുര്‍ബാനക്രമം ചിട്ടപ്പെടുത്തി.

സംഗീത നൊട്ടേഷനുകളുള്ള ഇംഗ്ലീഷ് ഗാനങ്ങളും വിശുദ്ധ കുര്‍ബാന ക്രമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് അച്ചടിക്കുവാനും പ്രസിദ്ധീകരിക്കുവാനും സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗത്തിന് പരിശുദ്ധ സുന്നഹദോസ് അനുവാദം നല്‍കി.

പരി. എപ്പിസ്‌കോപ്പല്‍ സിനഡിന്റെ അംഗീകാരത്തിനായി ജര്‍മന്‍ ഭാഷയില്‍ തക്‌സ (Liturgy) ആരാധനാക്രമങ്ങള്‍ തയാറാക്കുന്നതിന്റെ ഭാഗമായുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. സഭയുടെ ചരിത്രത്തില്‍ കാലാനുസ്രതമായ ഒരു ചുവടുവയ്പാണ് പരി. സിനഡിലെ തീരുമാനം വഴി നടപ്പിലാക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക