Image

അമേരിക്കക്കാരനല്ല, ഞാൻ തിരുവനന്തപുരത്തുകാരൻ (ഡോ: എസ്. എസ്. ലാൽ)

Published on 07 October, 2020
അമേരിക്കക്കാരനല്ല, ഞാൻ തിരുവനന്തപുരത്തുകാരൻ (ഡോ: എസ്. എസ്. ലാൽ)
സർക്കാരിൻറെ കൊവിഡ് നിയന്ത്രണത്തിലെ പരാജയങ്ങളെപ്പറ്റി വന്ന വിമർശനങ്ങളോട് പ്രതികരിക്കവേ ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും എന്നെയും പരാമർശിക്കുന്നുണ്ട്. ഇന്നലെ ആരോഗ്യമന്ത്രി പത്രക്കാരോട് എന്നെക്കുറിച്ച് പറഞ്ഞത് അമേരിക്കയിൽ നിന്ന് വന്ന ഡോക്ടറെന്നാണ്. മനോരമ ടെലിവിഷൻ ചാനൽ അത് വാർത്തയാക്കിയിട്ടുമുണ്ട്.

കേരളത്തിൽ ഒരു മരണം പോലും ഉണ്ടാകരുതെന്ന ആഗ്രഹം കൊണ്ടാണ് ഞങ്ങൾ സർക്കാരിനെ തിരുത്താൻ ശ്രമിക്കുന്നത്. ജനുവരി മുതൽ കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളെ പിന്തുണച്ച ഞങ്ങൾ മുഴുവൻപേരും ഇപ്പോൾ വിമർശിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണെന്ന് മന്ത്രിമാർ ശ്രദ്ധിക്കണം.

അമേരിക്കയിൽ രണ്ടുലക്ഷം മരണങ്ങൾ ഉണ്ടായിട്ടും അവിടെ നിന്ന് വന്ന വിദഗ്ദ്ധൻ കേരളത്തെ കുറ്റം പറയുന്നു എന്നാണ് എന്നെപ്പറ്റിയുള്ള ആരോഗ്യമന്ത്രിയുടെപരാമർശം. കൊവിഡ് നിയന്ത്രണത്തിൽ കേരളത്തെ അമേരിക്കയോടല്ല താരതമ്യം ചെയ്യേണ്ടത്. ചൈനയോടും തായ്‌വാനോടും വിയറ്റ്നാമിനോടും ശ്രീലങ്കയോടും ഒക്കെയാണ് നമ്മൾ മത്സരിക്കേണ്ടത്. കേരളത്തിലെ കൊവിഡ് വിഷയത്തിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങൾ നിരീക്ഷിക്കുന്നവരും നാടിനോട് സ്നേഹമുള്ളവരും സർക്കാരിൻറെ വീഴ്ചകൾ ചൂണ്ടിക്കാണിക്കും. വിമർശനം പറയുന്ന ആൾ ജോലി ചെയ്ത സ്ഥലമല്ല ആരോഗ്യമന്ത്രി അന്വേഷിക്കേണ്ടത്.

മന്ത്രി അമേരിക്കയെന്ന് പറഞ്ഞതുകൊണ്ട് ചിലത് പറയേണ്ടിവരും. ഞാൻ തിരുവനന്തപുരത്തുകാരനാണ്. നഗരത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിച്ചയാളാണ്. യൂണിവേഴ്സിറ്റി കോളേജ്, മെഡിക്കൽ കോളേജ്, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, ഇഗ്നു സർവകലാശാല, നെതർലാൻഡ്സിലെ ലെയ്ഡൻ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠിച്ചു. ആദ്യകാലത്ത് ആരോഗ്യവകുപ്പിൽ ജോലി ചെയ്തിട്ടുണ്ട്. അത് വിടേണ്ടി വന്ന കാര്യം ഇപ്പോൾ പറയുന്നില്ല. എല്ലാം കൂടി ഒരു ദിവസം വേണ്ട, ഇനിയൊരിക്കൽ പറയാം. ഞാൻ ജീവിതത്തിൽ കൈക്കൂലി വാങ്ങിയിട്ടില്ല. മെഡിക്കൽ സർട്ടിഫിക്കറ്റിന്  സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസ് പോലും ജീവിതത്തിൽ വാങ്ങിയിട്ടില്ല. 

അമേരിക്കയിൽ ഞാൻ ജോലി ചെയ്തത് രഹസ്യമായിട്ടല്ല. ലോകത്ത് ആർക്കും അപേക്ഷിക്കാവുന്ന രീതിയിൽ പരസ്യം ചെയ്ത ജോലികളായിരുന്നു അവ. ജനീവയിൽ നിന്ന് രാജിവച്ച് അമേരിക്കയിൽ പോയത് അന്തർദേശീയ  പ്രസ്ഥാനങ്ങളിൽ ആഗോള ഡയറക്ടർ ആയിട്ടായിരുന്നു. ഇരുപതാം വയസ്സിൽ ഏതെങ്കിലും മുതലാളിയുടെ വൈസ് പ്രസിഡന്റ് ആയിട്ടല്ല. നേർവഴിക്ക് ജോലിചെയ്തതിനാൽ വൈസ് പ്രസിഡന്റാകാൻ ഇനി സമയമാകുന്നതേയുള്ളൂ.

കള്ളക്കടത്തിനോ മയക്കുമരുന്ന് കച്ചവടത്തിനോ അല്ല ഞാൻ അമേരിക്കയിൽ പോയത് എന്ന് എടുത്തു പറയാൻ ആഗ്രഹിക്കുന്നു. മൂന്നുമാസം മുമ്പ് ഞാൻ തിരികെ വന്നതും പരസ്യമായിട്ടാണ്. എൻറെ ഇഷ്ടാനുസരണമാണ് തിരികെ വന്നത്. പണാപഹരണക്കേസിൽ ആരും നാടുകടത്തിയതല്ല. ഇപ്പോഴും ഞാൻ ജോലി ചെയ്ത് ജീവിക്കുന്നു. ബാക്കി സമയമാണ് സാമൂഹ്യ പ്രവർത്തനം. ജീവിക്കാൻ പാർട്ടി ഫണ്ടോ ബക്കറ്റ് പിരിവോ ഇല്ല. ഇപ്പോഴത്തെയും എൻറെ അദ്ധ്വാനത്തിൻറെ പങ്ക് എന്നെപ്പോലെ തൊഴിലാളികളായ സി.പി.എം. കാരിലും എത്തുന്നുണ്ട്. എനിക്കതിൽ സന്തോഷമേയുള്ളൂ. 

ഞാൻ അമേരിക്കയിൽ ചെയ്ത ജോലികൾ അമേരിക്കൻ ജനതയ്ക്ക് വേണ്ടിയായിരുന്നില്ല. ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങൾക്ക്  വേണ്ടിയായിരുന്നു. ഞാൻ ഇന്ത്യയിലേയ്ക്കും കേരളത്തിലേയ്ക്കും ആരോഗ്യ രംഗത്ത് നിരവധി കോടികളുടെ ധനസഹായം എത്തിച്ചിട്ടുണ്ട്. ഇപ്പോഴും ആ ധനം നാട്ടിലെ രോഗികൾക്ക്  ഉപയോഗപ്പെടുന്നുണ്ട്. മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് വലിയ ജോലികൾ കിട്ടാനും അത് കാരണമായിട്ടുണ്ട്. അവരൊക്കെ ആ ജോലികളിൽ  തുടരുന്നുണ്ട്. പലരും ഇടതുപക്ഷക്കാരാണ്.

മുഖ്യമന്ത്രിയും മറ്റു ചില മന്ത്രിമാരും അമേരിക്കയിൽ വരുന്നത് ഞാൻ അവിടെ വച്ച് കണ്ടിട്ടുണ്ട്. ചിലരെ അവിടെ നേരിട്ടും കണ്ടിട്ടുണ്ട്. അവർ മിക്കവരും അവിടെ വന്നത് ചികിത്സയ്‌ക്കോ അമേരിക്കൻ മലയാളികളിൽ നിന്ന് ഫണ്ട് പിരിക്കാനോ അതുമല്ലെങ്കിൽ ചില തട്ടിക്കൂട്ട് അവാർഡുകൾ വാങ്ങാനോ ആയിരുന്നു. 

ആരോഗ്യമന്ത്രി അമേരിക്കയിൽ ഉണ്ടായ കൊവിഡ് മരണങ്ങളെ കളിയാക്കിയതുപോലെ തോന്നി. ആ മരണങ്ങളിൽ എനിക്ക് വിഷമമുണ്ട്. കാരണം മരിച്ചവർ എല്ലാവരും മനുഷ്യരാണ്. മലയാളികളും അതിൽ പെടുന്നുണ്ട്. ആരോഗ്യമന്ത്രിയോട് ഒരു കാര്യം കൂടി പറയാനുണ്ട്. മുഖ്യമന്ത്രിയൊക്കെ  ചികിത്സയ്ക്ക് പോയ അമേരിക്കൻ ആരോഗ്യസംവിധാനം വളരെ മോശമാണെന്ന ധാരണയുണെങ്കിൽ അത് മുഖ്യമന്ത്രിയോട് തന്നെ പറയണം. അദ്ദേഹത്തെ ഇനിയും അവിടേയ്ക്ക് ചികിത്സക്കായി വിടരുത്. 

ആരോഗ്യവകുപ്പിനെ പുഴുവരിച്ചു എന്ന് ഏതാനും ദിവസങ്ങൾക്കു മുമ്പ് ഞാൻ പറഞ്ഞതാണ് മന്ത്രിമാരെ ചൊടിപ്പിച്ചത്. ഞാനത് ആവർത്തിക്കുന്നു. സർക്കാരിനകത്തെയും പുറത്തെയും സാങ്കേതിക വിദഗ്ദ്ധരെ മുഴുവൻ ഒഴിവാക്കി രാഷ്ട്രീയ ലാഭങ്ങൾക്കു വേണ്ടി ഓടിനടന്നതിൻറെ ഫലമാണ് നമ്മൾ ഇപ്പോൾ  ഒരുമിച്ചനുഭവിക്കുന്നത്. ആരോഗ്യവകുപ്പിനെ പുഴുവരിച്ചു എന്ന് പറഞ്ഞത് ആത്മാർത്ഥമായാണ്. മനുഷ്യരുടെ ദുരിതം കണ്ടിട്ടാണ്.  കുട്ടികളുടെ മരണങ്ങളും ഗർഭിണികളുടെ ദുരിതങ്ങളും കണ്ട  വേദനയോടെയാണ്. തെളിവുകളുടെ അടിസ്ഥാനത്തിലാണ്. സർക്കാർ തെറ്റുകൾ തിരുത്താത്തതു കൊണ്ടാണ്. അതിനാൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. കൂടുതൽ തെളിവുകൾ നിരത്താൻ ഞാൻ തയ്യാറാണ്. ഒരു തുറന്ന സംവാദത്തിന് ഞാൻ ആരോഗ്യ മന്ത്രിയെ വെല്ലുവിളിക്കുന്നു.
Join WhatsApp News
A.C.George 2020-10-07 15:34:50
Most appropriate and fitting reply to Kerala dictator Chief Minister Pinarai Vijayan & Health Minister Sailaja. For any kind of award, news mention, or any success they take full credits and at the same time for any failoure or corruption,these peopl put the blame on their officers or opposition parties. Shame on US Pravasi people they carry these type of Chief Minster and health Minister on their shoulders. Stop bringing these type of people as your guests in any meetings. Delhi PM Modi also same type.
CID Moosa 2020-10-09 12:41:10
If you are an American citizen say you’re a Malayalee American born in TVM. If you are an American citizen stay away from Indian politics without violating the oath you’re taken. There are so many FOAMA and FOKANA Malayalees are doing this. Trump administration is looking for reasons to kick immigrants out of this country.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക