Image

ഹിമാനിയിലൂടെ നടക്കുമ്പോൾ (കൈലാസ യാത്ര -ഭാഗം 2 റാണി .ബി.മേനോൻ)

Published on 07 October, 2020
ഹിമാനിയിലൂടെ നടക്കുമ്പോൾ (കൈലാസ യാത്ര -ഭാഗം 2 റാണി .ബി.മേനോൻ)
കളിയല്ല, ഹൈ ആൾറ്റിറ്റ്യൂഡ്:
ഗുഞ്ചി കുറച്ചു കൂടി വലിയ ക്യാംപ് ആണ് സമുദ്രനിരപ്പിൽ നിന്ന് 10000 അടി ഉയരെ. വീണ്ടുമുള്ള കയറ്റത്തിന് മുൻപ് acclamatisation നും രണ്ടാം ലെവൽ മെഡിക്കൽ ചെക്കപ്പിനുമായി ഒരു ദിവസം വിശ്രമം. ചുരുണ്ടുകൂടിക്കിടക്കാൻ തോന്നുന്ന അന്തരീക്ഷം. എഴുന്നേറ്റ് നടക്കാനും, കളിയ്ക്കാനും നിർബ്ബന്ധിയ്ക്കുന്ന സംഘാടകർ. ചെറുപ്പത്തിലെന്നോ ഓടിത്താെട്ടുകളിച്ച പരിചയം മാത്രമുള്ള നമുക്ക് എന്തു കളി കുറച്ചു കറങ്ങി നടന്ന് വീണ്ടും രജായിക്കുള്ളിൽ ചുരുണ്ടു.
ITBP ഡോക്റ്റർ പറഞ്ഞ പോലെ ഗുഞ്ചിയിൽBP 122/80!
വെളുപ്പിനുണർന്നാൽ ദൂരെ അന്നപൂർണ്ണയുടെ ശിഖരങ്ങളിൽ സൂര്യൻ പൊന്നുരുക്കുന്നതു കാണാം!
അടുത്ത ക്യാംപ് കാലാപാനിയാണ്. താരതമ്യേന കുറഞ്ഞ സമയം മതി.
ഗുഞ്ചിയിൽ നിന്ന് കാലാപാനിയിലേയ്ക്കുള്ള യാത്രയിൽ പ്രകൃതിയുടെ മാറ്റം പ്രകടമാണ്. മരങ്ങൾ ഉയരം കുറഞ്ഞ് അപ്രത്യക്ഷമാകും. കുറ്റിച്ചെടികളുടെയും പുല്ലുകളുടെയും ആധിക്യം കാണാം. കാട്ടു റോസു പോലെ മുൾച്ചെടികൾ ഇളം ചുവപ്പും വെള്ളയും പൂക്കൾ സമൃദ്ധമായി വിരിയിച്ച് ശ്രദ്ധ ക്ഷണിയ്ക്കും. കാളിയുടെ കുതിപ്പില്ല, നീർച്ചോലയാണ്.
കാളിയുടെ മറുകരയിലുള്ള പരന്ന മൈതാനത്തിലാണ് ടെൻ്റുകൾ.
അവിടെ നിന്നാൽ വ്യാസ ഗുഹ കാണാം.

കാലാപാനിയിൽ നിന്ന് നാഭിധംഗ് ലേയ്ക്ക് നടക്കുമ്പോൾ എതിരെയൊഴുകുന്ന അരുവി തൂവെള്ളയാണ്!
നിർമ്മലമായ, മഞ്ഞുരുകിയ, ആ വെള്ളം വരുന്നത് ഓം പർവ്വതം ഉൾപ്പെടുന്ന പർവ്വതനിരകളിൽ നിന്നാണ്.

ഓം പർവ്വതം:
പലരും ചോദിയ്ക്കുന്ന ഒന്നാണ് ഓം പർവ്വതം "ശരിയ്ക്കും" ഉള്ളതാണോ എന്ന്!
അതേ, എന്നുത്തരം!
നമ്മുടെ "മകരജ്യോതി'' പോലെ മാൻ/(വുമൺ?) മെയ്ഡ് അല്ല! അങ്ങകലെ ഓം പർവ്വതം, ഓംകാരം ശിരസ്സിൽ പേറി നിൽപ്പുണ്ട്!
ഗാംഭീര്യമാർന്ന്!
ഉച്ചയ്ക്ക് മുൻപ് നാഭിധംഗ് ക്യാംപിലെത്തിയാൽ മാത്രമേ ഓംപർവ്വത ദർശനം കിട്ടൂ! അല്ലെങ്കിൽ മൂടൽമഞ്ഞിൽ മുഖമൊളിപ്പിച്ചു കളയും സുന്ദരി!

ഓം പർവ്വതത്തിൽ നിന്ന് ഓംകാരം വന്നാേ, അതോ, ഓംകാരത്തിൽ നിന്ന് ഓം പർവ്വതത്തിന് ആ പേര് സിദ്ധിച്ചോ എന്നൊന്നും പറയാൻ ഞാനാളല്ല! ആദ്യത്തെതാവാനാണ് സാദ്ധ്യത എന്ന തോന്നലുണ്ട്!
ഒരു മഹാ വിസ്ഫോടനത്തിൽ പ്രപഞ്ചം പിറന്നപ്പോൾ, ഓംകാരമുണർന്നു!
എന്നൊക്കെ പാണന്മാർ പാടി നടക്കുന്നുണ്ട്!
സിൻസ്യർലി സ്പീക്കിംഗ്, അന്ന് ഞാൻ ജനിച്ചിട്ടില്ലായിരുന്നു എന്ന് ഉത്തരം!
ഉണ്ടായിരുന്നേലൊരു കൈ നോക്കാമായിരുന്നു!

നാഭിധംഗ് എന്നാൽ പൊക്കിൾച്ചുഴി(കുഴി) മിക്കവാറും പർവ്വത ശ്രേണികളിൽ സുലഭമാണ് തുഞ്ചത്തെ, സാമാന്യേന പരപ്പുള്ള കുറച്ചു സ്ഥലം!
ഗിരി രാജൻമാർ കാവൽ നിൽക്കുന്നതിനാൽ രൂപം കൊള്ളുന്നവ!
തൂവെള്ള മഞ്ഞു നിറഞ്ഞ് കിടക്കുന്നവ!
പ്രകൃതി എഴുതിയ അക്ഷരങ്ങളെ, രൂപങ്ങളെ അനുകരിയ്ക്കുകയോ മിനുക്കുകയോ മാത്രമാണ് മനുഷ്യൻ ചെയ്തിട്ടുള്ളൂ എന്ന് തോന്നും ചിലതു കാണുമ്പോൾ!

ലിപുലേഖ്‌:
പിറ്റേന്ന് യാത്ര വെളുപ്പിന് 2.00 ന്! ഇരുളിലൂടെ കയ്യിലുള്ള റ്റോർച്ചടിച്ച് യാത്ര തുടങ്ങി. വലിയ ഹിമാനികളിലൂടെ നടന്നു വേണം അതിർത്തി കടക്കാൻ!
സൂര്യന് തണുപ്പാണിവിടെ, ടിയാൻ ഉദിച്ചാലും ഉച്ചസ്ഥനാവാതെ, മഞ്ഞിൻ്റെ മറപറ്റി വിറച്ചു നിൽക്കും! രാവിലെ, 8:00-8:30 യെങ്കിലും ആവുമ്പോഴേയ്ക്കും അതിർത്തി കടക്കണം.
പൊടുന്നനെ ഒരു അവലാഞ്ച്....
അല്ലെങ്കിൽ, പെട്ടെന്നൊരു മഞ്ഞുകട്ടയുരുകി നീർച്ചോലരൂപം കൊണ്ടാൽ പണി എട്ടിൻ്റേതാകും!
ന ഇധർ, ന ഉധർ!

ഹിമാനിയിലൂടെ നടക്കുമ്പോൾ പുതുവഴികളൊന്നും തിരയാൻ പോവരുത്!
പോയാൽ, കുഴിയിൽ ചാടാം!
മുൻപേ ഗമിച്ചീടിന ഗോവു തന്റെ പിൻപേ ഗമിച്ചോളണം!
ഹിമാനികൾ മനുഷ്യരെ പോലെയാണ്, ഘനഗംഭീരമെന്നും ഉറപ്പുള്ളതെന്നും തോന്നിയ്ക്കും ചിലപ്പോൾ!
വെറുതെയാണ്! ചിലയിടങ്ങളിൽ നേർത്തതാവും!
അറിയാതെങ്ങാനും കാൽ വച്ചാൽ മുളചീന്തും പോലെ കരഞ്ഞ് കാലിൽ വീണ്, നമ്മുടെ കാലകത്തേയ്ക്ക് വലിച്ചുകളയും!
താഴെ നീരാെഴുക്കുണ്ടാകാം, അതിൽ കാൽ പെട്ടാൽ പിന്നെ അതു കാെണ്ട് പിൽക്കാല ജീവിതത്തിൽ വലിയ പ്രയോജമുണ്ടായെന്നു വരില്ല!
ചിലപ്പോൾ പിൽക്കാല ജീവിതമേ ഉണ്ടായില്ലെന്നു വരാം, അതുകൊണ്ടാണ് ഗോക്കളേപ്പോൽ അനുസരണ വേണമെന്ന് പറയുന്നത്!
വേണമെങ്കിൽ മ്മ്മ്പേ... എന്ന് വിളിയ്ക്കുകയുമാവാം.

ലിപുലേഖ് എന്ന ഈ ചുരത്തിൽ നിന്ന് അപ്പുറത്തേയ്ക്ക് നോക്കിയാൽ ചൈനയാണ്, ശരിയ്ക്കും പറഞ്ഞാൽ തിബറ്റ്!
കൽക്കെട്ടുകളാണ് മുഴുവൻ!
ഉരുണ്ടും മറിഞ്ഞും തിരിഞ്ഞും ചരിഞ്ഞും നമ്മളെ വീഴിയ്ക്കാനും കാലൊടിയ്ക്കാനും കിടപ്പാണ്! ഏതാണ്ട് 50 - 60 ഡിഗ്രിയൊക്കെ ചരിഞ്ഞാണ് നടവഴികളുടെ കിടപ്പ്! ചരലാണ് മൊത്തം, തെന്നി വീണാൽ ഇപ്പറഞ്ഞ പോലെ നമുക്കും നാട്ടാർക്കും പണിയാവും!
ഇരുന്നും, നിരങ്ങിയുമൊക്കെ ഈ ഭാരിച്ച ശരീരം കേടുപാടൊന്നുമില്ലാതെ താഴെ എത്തിച്ചു!

ചീനി ഭായ്ടെ അതിഥി:
ഇനിയങ്ങോട്ട് നമ്മൾ ഗസ്റ്റാണ്,
ചീനൻ്റെ ഗസ്റ്റ്!
ഹോസ്റ്റ് ആയ ടൂർ ഓപ്പറേറ്റർ നമ്മളെ ഏറ്റുവാങ്ങും, അത്യാവശ്യം സഹായിക്കും. ഇപ്പുറം എല്ലായ്പോഴും കേട്ടിരുന്ന ഒന്ന്, അപ്പുറമുള്ളവർ
"മഹാസാധനങ്ങളാണ്"
"ഒരു സഹായവും ചെയ്യാത്തവരാണ്",
"നമ്മളെ പോലെ പത്തരമാറ്റല്ല"
"അവരെ തൂശിക്കണം",
എന്നൊക്കെ. അധികം Pampering ഒന്നുമില്ലെങ്കിലും അത്യാവശ്യം സഹായ മനസ്ഥിതിയുണ്ട്, അതിന് നമ്മൾ പണം കൊടുക്കുന്നുമുണ്ട്!
ഗുജ്ജുപ്പയ്യൻ പറയും പോലെ
"ബിജിനസ് ഇസ് ബിജിനസ്!" അത്രേള്ളൂ.
ഇന്ത്യക്കാരൻ്റെ സ്നേഹത്തിന് വേറൊരു തലം കൂടിയുണ്ട് കേട്ടോ! കൈലാസം ഹിന്ദുവിൻ്റെ(ശൈവൻ്റെ) ഭക്തിയുടെ പരമകാഷ്ഠയാണ്! കൈലാസയാത്ര, നമുക്ക് തീർത്ഥയാത്രയാണ്!
ഹിമാനിയിലൂടെ നടക്കുമ്പോൾ (കൈലാസ യാത്ര -ഭാഗം 2 റാണി .ബി.മേനോൻ)ഹിമാനിയിലൂടെ നടക്കുമ്പോൾ (കൈലാസ യാത്ര -ഭാഗം 2 റാണി .ബി.മേനോൻ)ഹിമാനിയിലൂടെ നടക്കുമ്പോൾ (കൈലാസ യാത്ര -ഭാഗം 2 റാണി .ബി.മേനോൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക