Image

സിജെ എന്ന ജീനിയസ് (പി.ടി. പൗലോസ്)

Published on 07 October, 2020
സിജെ എന്ന ജീനിയസ് (പി.ടി. പൗലോസ്)
സി. ജെ. തോമസ്. ആരായിരുന്നു സി. ജെ. തോമസ്? എന്തായിരുന്നു സി. ജെ. തോമസ്?  എ.കെ.ജി. തന്റെ ആത്മകഥയിൽ 'രക്തസാക്ഷികളുടെ
നാട് '  എന്ന് വിശേഷിപ്പിച്ച കൂത്താട്ടുകുളത്തായിരുന്നു 1918 ല്‍  സി. ജെ. തോമസിന്റെ ജനനം. നാടകകൃത്ത്‌ , രാഷ്ട്രീയപ്രവർത്തകൻ, ചിന്തകൻ, ചിത്രകാരൻ, സംഘാടകൻ, അധ്യാപകൻ ,  വിമർശകൻ, വിവർത്തകൻ, പത്രപ്രവർത്തകൻ ഇതെല്ലാമായിരുന്നു സി. ജെ. തോമസ് എന്ന ജീനിയസ്. ഒരു പ്രത്യയശാസ്ത്രത്തിലും ഒതുങ്ങാതെ സ്വയം സൃഷ്‌ടിച്ച വിജനതയുടെ വേറിട്ട വഴികളിലൂടെ പുത്തൻ നീതിശാസ്ത്രത്തിന്റെ ചക്രവാളത്തിലേക്ക് കാലത്തിനുമുൻപേ നടന്നു നീങ്ങിയ കാതലുള്ള ധിക്കാരി.

യവനനാടകങ്ങളിലൂടെ നാടകസംസ്കാരം ഉൾക്കൊണ്ട്‌ മലയാളനാടക സങ്കൽപ്പത്തിനും നാടക സാഹിത്യത്തിനും ഒരു പുത്തൻ ദിശാബോധം നൽകി സി. ജെ. തോമസ്. ''കണ്ണുകൾ തുറക്കുവാൻ മാത്രമല്ല അടയ്‌ക്കുവാനും കൂടി ആണ് '' എന്ന് ദാവീദ് രാജാവിനെക്കൊണ്ട് പറയിപ്പിച്ച സിജെ സ്വന്തം കണ്ണുകൾ അടയ്ക്കാതിരുന്നതുകൊണ്ട് താനൊരിക്കൽ അണിയേണ്ടിവന്ന പുരോഹിതന്റെ ളോഹയിൽ ഒതുങ്ങിയില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രക്തപതാകയുടെ കീഴിൽ ഒതുങ്ങിയില്ല. ഒരു സങ്കുചിതചിന്തകളുടെ ചട്ടക്കൂടുകളിലും ഒതുങ്ങിയില്ല. അനുസരണക്കേടാണ് മനുഷ്യന്റെ ഏറ്റവും നല്ല സ്വഭാവം എന്ന് അടിവരയിട്ടുപറഞ്ഞ സിജെ ഒരിടത്തും ഒതുങ്ങാത്ത വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.

ബൈബിളിൻറെ അർത്ഥസാഗരങ്ങളിൽ മുങ്ങിനിവർന്ന് ആത്മീയതയുടെ അമൃതതീർത്ഥം നുണഞ്ഞും നുണയാതെയും ജീവിതത്തിന്റെ ഉൾക്കാമ്പ് തേടിയ
ധിക്കാരിയായ നാടകകൃത്ത്‌. ധാർമ്മികമൂല്യങ്ങൾ വെന്തെരിയുന്ന ശവഭൂമിയിൽ, മനസാക്ഷിക്ക് പുഴുക്കുത്തേറ്റ ഇരുകാലികളുടെ സംഘർഷഭൂമിയിൽ, മാറ്റപ്പെടേണ്ടതിനെ മാറോടണക്കുന്ന നീതിരാഹിത്യത്തിന്റെ കല്‍വിളക്കുകളെ ഊതിയണച്ച നവഭാവുകത്വം നിറഞ്ഞ നാടകങ്ങളെഴുതിയ നാടകക്കാരൻ. അല്പകാലം മാത്രം ഇവിടെ ജീവിച്ചുമരിച്ച പി. കൃഷ്ണപിള്ള, ഇടപ്പള്ളി, ആശാൻ, ചങ്ങമ്പുഴ എന്നിവരെപോലെ ഒരു പുരുഷായുസ്സിലെ ജോലി പൂർത്തിയാക്കി 1960 ല്‍  നാല്പത്തിരണ്ടാം വയസ്സിൽ സിജെയും ഈ പ്രപഞ്ചത്തോട് വിട പറഞ്ഞു. സ്വതന്ത്രനാടകങ്ങളും  വിവർത്തനങ്ങളും ലേഖനങ്ങളുമായി 23 കൃതികൾ സിജെ മലയാളത്തിന് സംഭാവന ചെയ്തിട്ടുണ്ട്. സിജെയുടെ ഒരു ദുര്യോഗം, അദ്ദേഹത്തിന്റെ നാടകങ്ങൾ രംഗത്തവതരിപ്പിച്ച് അതിനർഹമായ രീതിയിലുള്ള രംഗാവിഷ്‌ക്കാരം അദ്ദേഹത്തിന് കാണുവാൻ സാധിച്ചില്ല. അതിനു കാരണം നമ്മുടെ രംഗവേദി അന്ന് അത്രമാത്രം വളർന്നിട്ടില്ലായിരുന്നു എന്നതുതന്നെ.

സിജെ ഒരു ദുരന്തനായകനാണ്. ഇന്നലെയുടെ ഓർമ്മകളാണ് വർത്തമാനത്തെ സൃഷ്ടിക്കുന്നത്. സിജെ ഇന്നലെകളോടും വർത്തമാനത്തോടും കലഹിച്ചു ജീവിച്ചു. സിജെ ഇന്ന് ഒരോര്‍മ്മയാണ്.
നമ്മുടെ മറവികളോട് കലഹിക്കുന്ന ഒരോര്‍മ്മ. അദ്ദേഹത്തിന്റെ ജീവിതവും മരണവും ഒരു ദുരന്തനാടകമായിരുന്നു. സിജെ പറഞ്ഞു ''വലിയ മനുഷ്യരുടെ ആത്മാവിലെ ദുരന്തസംഘട്ടനമാണ് ട്രാജഡി''.

സിദ്ധാന്തങ്ങളോടുള്ള പോരാട്ടത്തിൽ അസ്വസ്ഥമായ ഒരു മനസ്സിന്റെ ഉടമയെ സിജെയിൽ നമുക്ക് കാണാൻ കഴിയും. പ്രത്യേകിച്ചും തന്റെ അവസാന നാളുകളിൽ. സ്വന്തമായൊരു ചിന്താപദ്ധതി സിജെക്കില്ലായിരുന്നു .  ശിഥിലമായ മിന്നൽ പിണരുകൾ പോലുള്ള ചിന്തകളായിരുന്നു തന്റേത് .  അത്തരം ചിന്തകൾ മലയാളത്തിന് മറ്റാരിൽ നിന്നും കിട്ടിയിട്ടില്ല. ശിഥിലമായിരുന്ന ആ ചിന്തകളിൽ മൗലികതയുടെ സൗരഭ്യവും നിസ്വാർത്ഥതയുടെ തിളക്കവും ഉണ്ടായിരുന്നു. വിചിത്ര സ്വഭാവങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആഴങ്ങളുള്ള മനസ്സിന്റെ ഉടമയായിരുന്നു. തികച്ചും വ്യത്യസ്തനായ ജീനിയസ് !  ഇതുപോലെ എന്ന് മറ്റൊരാളെ ചൂണ്ടിക്കാട്ടാനില്ലാത്ത അനന്യതയുടെ പ്രതീകം.

യുഗസൃഷ്ടാവായ നാടകകൃത്ത്‌ ആയിരുന്നു സി. ജെ. തോമസ്.  അദ്ദേഹം ഉയർത്തിയ വെല്ലുവിളി ഏറ്റെടുക്കാൻ പ്രേക്ഷകവൃന്ദം ഇന്നും കെൽപ്പുനേടിയിട്ടില്ല. കാലത്തിനുമുൻപേ നടന്ന സിജെയോടൊപ്പം ഓടിയെത്താനും നമുക്കാവുന്നില്ല. 42 കൊല്ലം കൊണ്ട് എല്ലാം ചെയ്തുതീർക്കാൻ തിടുക്കം കാട്ടിയ സിജെ താണ്ടിയ ദൂരം നോക്കി അത്ഭുതം കൂറുകയാണ് പ്രേക്ഷകരായ നാമിന്ന് .   കാലത്തെ അതിജീവിച്ച പ്രതിഭാധനനായ ആ സൂര്യതേജസ്സിന് സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ട് വ്യത്യസ്തമായ ചിന്തകളുടെ ആഴങ്ങൾ തേടുന്ന സഹൃദയർക്കുവേണ്ടി സിജെയുടെ സ്വതന്ത്രനാടകങ്ങള്‍ ചർച്ചക്കെടുക്കട്ടെ. (അടുത്തതിൽ ''ആ മനുഷ്യൻ നീ തന്നെ'')
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക