Image

പ്രഭാതമേ, പ്രഭാതമേ (കവിത: മാര്‍ഗരറ്റ് ജോസഫ്)

Published on 07 October, 2020
പ്രഭാതമേ, പ്രഭാതമേ (കവിത: മാര്‍ഗരറ്റ് ജോസഫ്)
പ്രഭാതമേ, പ്രഭാതമേ,
പ്രകാശ വിസ്മയമേ;
പ്രഭാതമേ, പ്രഭാതമേ,
പ്രദോഷ സന്ദേശമേ;
പ്രപഞ്ചശില്പിയുതിര്‍ക്കും,
പ്രണവധ്വനിയൊത്ത്,
പ്രകൃതിക്ഷേത്ര നടയില്‍,
പ്രണമിക്കുവതാരെ?
അംബരഗിരിയിലതാ,
എന്തൊരു പരിവേഷം!
ഉഷസിന്‍ കിരീടമായ്,
മഹസ്സിന്‍ പ്രതിഭാസം,
ഊര്‍ജസമുച്ചയമാം,
ഉജ്വല ദീപശിഖ;
ഇരുട്ടറയില്‍ നിന്ന്-
എഴുന്നള്ളത്തായി.
കിളിതന്‍ "കലപില'കള്‍,
ജപമാലകളായി;
കുളിര്‍കാറ്റുകളിടയില്‍,
കുഴലൂതുകയായി;
ഹൃദയവിപഞ്ചികളില്‍,
ഉയിരിന്‍ ശ്രുതിമീട്ടി,
സമസ്ത ചരാചരവും,
സ്തുതിപാഠകരെന്നോ?
പുലരി രഥത്തിലഹോ!
പ്രഭതന്‍ കാരണവര്‍;
അനാദിമുതല്‍ ധരയെ,
പുണരാനണയുന്നോന്‍;
ചെങ്കതിരുകളേന്തും,
പൂങ്കുലയായ് നിത്യം
മിഴിവാതിലില്‍ മുട്ടുന്നോ?
നിദ്രയുണര്‍ത്തീടുവാന്‍.
നിരന്തരമെരിയുന്ന-
തിരിനാളങ്ങള്‍ പോല്‍,
ദിനകരകിരണങ്ങള്‍,
തോരണമാകുമ്പോള്‍;
പകലിന് ബാല്യവുമായ്,
കാലമളക്കുമ്പോള്‍;
തിരുനെറ്റിയില്‍ സിന്ദൂരം,
സുമംഗലി ഭൂമിക്ക്.
സമയനിയന്താവേ,
നിതാന്തസഞ്ചാരീ,
നിന്‍ കരചാതുരിയാല്‍,
അനാദി തേജസായ്,
ഉദയാസ്തമയ വഴി-
അലംകൃതമായ് നീണാള്‍;
ഉണര്‍ത്തുമന്ത്രങ്ങള്‍,
മുഖരിതമാകട്ടെ;
സ്വര്‍ണ്ണവെളിച്ചത്തില്‍,
ചാരുത പകരട്ടെ.

Join WhatsApp News
Sudhir Panikkaveetil 2020-10-07 15:01:56
ഉഷ സുഷമ പോലെ ഓളം വെട്ടുന്ന കാവ്യഭംഗി. വെളിച്ചം വിതറുന്ന പുലരിയുടെ ഭംഗി നുകരുമ്പോഴും അത് സന്ധ്യയുടെ സന്ദേശവും ആകുന്നു എന്ന് അറിയുന്ന കവയിത്രി രാത്രിയുടെ അറയിൽ നിന്നും ഒരു ദീപശിഖ പോലെ പ്രത്യക്ഷപ്പെടുന്ന പ്രഭാതത്തിന്റെ കാഴ്ചകളിൽ പ്രപഞ്ച ശില്പിയെ നമിക്കുന്നു. പ്രകൃതിക്ഷേത്രവും ജപമാലകളും കാറ്റിന്റെ കുഴലൂത്തുമായി പ്രണവമന്ത്രങ്ങളിൽ പ്രണമിച്ച് നിൽക്കുന്ന സമസ്തചരാചരങ്ങളും കവയിത്രിയെ വിസ്മയിപ്പിക്കുന്നു. വളരെ മനോഹരം.
Jyothylakshmy 2020-10-08 06:38:06
ശ്രീമതി മാർഗററ് ജോസഫിന്റെ കവിതകൾ വിടാതെ വായിക്കാറുണ്ട്. അവരെക്കുറിച്ച് സുധീർ പണിക്കവീട്ടിൽ എഴുതിയ നിരൂപണം വായിച്ചപ്പോൾ കവിതകൾ എല്ലാം തന്നെ ശ്രദ്ധയോടെ വായിക്കാൻ തുടങ്ങി. വളരെ ഹൃദ്യമായ ഭാഷയിൽ അവർ എഴുതുന്ന കവിതകൾ വായിക്കുമ്പോൾ കവിതാപാരായണത്തിന്റെ അനുഭൂതി അനുഭവപ്പെടുന്നു. സൂര്യരശ്മികളെ അനാദികാലം മുതൽ ഭൂമിയെ പ്രണയിക്കാൻ എത്തുന്ന കാമുകൻ (കാരണവർ) ആയി അവർ കാണുന്നു. പ്രഭാതരശ്മികൾ ചരാചരങ്ങളെ തൊട്ടുണർത്തുമ്പോൾ അവരെല്ലാം ആ വിസ്മയത്തിനു മുന്നിൽ നിന്ന് സ്തുതിപാടുകയും പ്രണവമന്ത്രങ്ങൾ ജപിക്കുകയും ചെയ്യുന്നു. ഭാവനസമ്പന്നയാണ് ശ്രീമതി മാർഗരറ്റ് ജോസഫ് എന്ന് അവരുടെ കവിതകൾ ശ്രദ്ധിച്ച് വായിക്കുന്നവർക്ക് മനസ്സിലാകും. ശ്രീമതി മാർഗരറ്റ് ജോസഫിന് പ്രണാമം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക