Image

കെ.എം. മാണിക്ക്‌ ഉഗ്മയുടെ മിനിസ്‌റ്റര്‍ ഓഫ്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌

ഏബ്രഹാം ജോണ്‍ Published on 07 June, 2012
കെ.എം. മാണിക്ക്‌ ഉഗ്മയുടെ മിനിസ്‌റ്റര്‍ ഓഫ്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌
ഫ്രാങ്ക്‌ഫര്‍ട്ട്‌: ജര്‍മന്‍ മലയാളി സംഘടനകളുടെ കേന്ദ്രസമിതിയായ യൂണിയന്‍ ഓഫ്‌ ജര്‍മന്‍ മലയാളി അസോസിയേഷന്‍സ്‌ (ഉഗ്മ) കേരളത്തിലെ ഏറ്റവും മികച്ച മന്ത്രിക്ക്‌ ഏര്‍പ്പെടുത്തിയ മിനിസ്‌റ്റര്‍ ഓഫ്‌ എക്‌സലന്‍സ്‌ അവാര്‍ഡിനായി ധനമന്ത്രി കെ.എം. മാണിയെ തിരഞ്ഞെടുത്തു. അന്‍പതിനായിരം രൂപയും പ്രശസ്‌തിപത്രവും ശില്‍പവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌.

ജൂണ്‍ 14ന്‌ വൈകുന്നേരം അഞ്ചിന്‌ തിരുവനന്തപുരം കനകക്കുന്നു കൊട്ടാരത്തില്‍ നടക്കുന്ന അവാര്‍ഡ്‌ദാന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം ചെയ്യും. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ്‌ അവാര്‍ഡ്‌ സമ്മാനിക്കും. വ്യവസായ വകുപ്പ്‌ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷനായിരിക്കും. കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍, മുന്‍ ചീഫ്‌ സെക്രട്ടറി സി.പി. നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

ലോകം മുഴുവനുള്ള മലയാളികള്‍ക്കു അഭിമാനം പകരുന്ന നിലയില്‍ ഒരു മാതൃകാഭരണാധികാരിയായി മാറാന്‍ ധനമന്ത്രി കെ.എം. മാണിക്ക്‌ കഴിഞ്ഞിട്ടുണ്ടെന്ന്‌ ജൂറി വിലയിരുത്തി. അദ്ദേഹത്തിന്റെ കാര്യക്ഷമതയും കഴിവും കാരുണ്യവും ആത്മാര്‍ഥയും കണക്കിലെടുത്താണ്‌ മന്ത്രി കെ.എം. മാണിയെ അവാര്‍ഡിനായി തിരഞ്ഞെടുത്തതെന്ന്‌ ഉഗ്മ കേന്ദ്രസമിതി പ്രസിഡന്റ്‌ ഏബ്രഹാം ജോണ്‍ നെടുംതുരുത്തിമ്യാലില്‍ അറിയിച്ചു.

കേരളത്തിന്റെ പുരോഗതിക്കുവേണ്ടി കെ.എം. മാണി സ്വീകരിച്ച ദിശാബോധത്തോടെയുള്ള നടപടികളും പ്രവര്‍ത്തനരംഗത്തു കാത്തു സൂക്ഷിച്ച സത്യസന്ധതയും ജനങ്ങളോടുള്ള പ്രതിജ്‌ഞാബദ്ധതയും സമയബന്ധിതമായ പ്രവര്‍ത്തനശൈലിയും എല്ലാവര്‍ക്കും മാതൃകയാണെന്ന്‌ സമിതി വിലയിരുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക