Image

സഖാവും പോത്തും (കഥ: ഉമ പട്ടേരി)

Published on 06 October, 2020
സഖാവും പോത്തും (കഥ: ഉമ പട്ടേരി)
അച്ഛൻ ഒരു കുഞ്ഞ് കർഷകനാണ് സഖാവിന്റെ... നാട്ടുകാർക്ക്‌ പ്രിയപ്പെട്ട കുമാരേട്ടൻ... ഏലവും  കുരുമുളകും കുറച്ചു  റബ്ബറും പിന്നെ അല്പം വീട്ടവശ്യത്തിനുള്ള പച്ചക്കറികളുമൊക്കെ  കൃഷി ചെയ്യുന്നുണ്ട്.... രണ്ടു മൂന്നു പശുക്കളും കൂടിയുണ്ട് സഖാവിന്റെ അച്ഛന് ... അതുകൊണ്ട് തന്നെ പുള്ളിക്കാരന് നിന്നു തിരിയാൻ സമയമില്ലെന്നു തന്നെ പറയാം...

രണ്ടു മക്കളിൽ ഇളയവളെ  കെട്ടിച്ചു വിട്ടു... മൂത്ത മകൻ ചെങ്കൊടിയും കൈയ്യിലെന്തി സഖാവ് എന്നു സ്വയം വിശേഷിപ്പിച്ചു നടക്കുന്നതിൽ കുമാരേട്ടന് വിഷമം ഇല്ലെന്നു പറയാനാവില്ല... മക്കളെ നന്നായി സ്നേഹിക്കുന്ന  കുമാരേട്ടന് നമ്മുടെ കുഞ്ഞ് സഖാവിനു   വീടിനടുത്തു  തന്നെയുള്ള ഒരു ഓഫീസിൽ തരക്കേടില്ലാത്തൊരു ജോലി സംഘടിപ്പിച്ചു കൊടുക്കാനും കഴിഞ്ഞു ...  പാന്റും സൂട്ടൊക്കെ ഇട്ടു  ജോലിക്ക് പോകുന്ന മകനെ കാണുമ്പോൾ സംതൃപ്തനാണ് ആ അച്ഛൻ...

വിവാഹപ്രായം  കഴിഞ്ഞിരിക്കുന്നു നമ്മുടെ സഖാവിനു... മോനെ പെണ്ണ് കെട്ടിക്കാനുള്ള തത്രപ്പാടിലാണ്  കുമാരേട്ടൻ...  ഓഫീസ് ജോലിയും രാഷ്ട്രീയവും കഴിഞ്ഞു വീട്ടിലെത്തി കിട്ടുന്ന സമയം മുഴുവൻ മൊബൈലിൽ കുത്തിക്കൊണ്ടിരിക്കുന്ന  തന്റെ ഒരേ ഒരു മകൻ ഇടയ്ക്കെങ്കിലും  തന്നെ കൃഷിപ്പണിയിൽ സഹായിച്ചിരുന്നെങ്കിലെന്നു കുമാരേട്ടൻ വ്യസനത്തോടെ ചിന്തിക്കാറുണ്ട്... പക്ഷെ മക്കളുടെ സുഖം മാത്രം  ആഗ്രഹിക്കുന്ന ആ പാവം കർഷകൻ ഒരിക്കൽ പോലും സഖാവിനോട് മുഷിഞ്ഞു സംസാരിച്ചിട്ടില്ല....

കല്യാണം വേണ്ടെന്നു പറയുന്ന  തന്റെ പുത്രന്റെ മനസ്സിലിരിപ്പെന്തെന്നു  അറിയാതെ   എന്നും വിഷമിച്ചിരിക്കുന്ന ആ അച്ഛനെ ഞെട്ടിച്ചു കൊണ്ടാണ്  സഖാവ് ഒരു പെണ്ണിന്റെ കൈപിടിച്ച് വീട്ടിലേക്കു കയറി വരുന്നത്...  ആരെന്നും എന്തെന്നും അറിയാതെ അന്തം വിട്ടുനിന്ന കുമാരേട്ടൻ ഇതുവരെ അരങ്ങത്തു വരാതിരുന്ന  തന്റെ സഹധർമ്മിണിയെ നീട്ടി വിളിച്ചു...  തന്റെ പതിയുടെ അങ്കലാപ്പിലുള്ള വിളിയിയിൽ പന്തികേട് തോന്നിയ കുമാറേട്ടന്റെ ഭാര്യ കാര്ത്ത്യായനി  ചേച്ചീ ഓടിപ്പാഞ്ഞു  ഉമ്മറത്തെത്തി...
 തന്റെ പുന്നാര മകന്റെ കയ്യിൽ പിടിച്ചു  നിൽക്കുന്ന പെൺ  താരം  ആരെന്നറിയാതെ  ആ അമ്മയുടെ നെറ്റി ചുളിഞ്ഞു... ചിന്തകൾ കാട് കയറുന്നതിനു മുന്നെ നമ്മുടെ സഖാവ് അമ്മയോട് നിലവിളക്കെടുക്കാൻ പറഞ്ഞു...
കാര്യം പിടി കിട്ടിയെങ്കിലും തങ്ങളുടെ സ്വപ്‌നങ്ങൾ തകർത്ത മകനോട് ആദ്യമായി ആ അച്ഛനും അമ്മയ്ക്കും നീരസം തോന്നി...
മനസ്സില്ലാ  മനസ്സോടെ  മകൻ കൈപിടിച്ച് കൊണ്ടു വന്ന പെണ്ണിനെ മരുമകളായി സ്വീകരിച്ചു അവർ....

കാര്യങ്ങൾ ഇത്രയൊക്കെ ആയെങ്കിലും ഒരു കുഞ്ഞ് ജനിച്ചെങ്കിലും സഖാവ് ഇന്നും പഴയ പടി തന്നെ...  മൊബൈലിൽ പെൺകിളികളോടുള്ള  ചാറ്റിംഗ് നാൾക്കുനാൾ വർധിച്ചു...  ചട്ടിയും കലവും  കൂട്ടിയിരുമ്മാൻ  തുടങ്ങി... പൊട്ടലും ചീറ്റലും   പതിവായി... (സഖാവും ഭാര്യയും ).  ഇതിങ്ങനെ വിട്ടാൽ പറ്റില്ലല്ലോ,  കുടുംബത്തിൽ മനസമാധാനം വേണമല്ലോ....  എന്താ ഒരു പോംവഴി ...  കുമാരേട്ടൻ തലപ്പുകഞ്ഞാലോചിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി...

അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച അറവുകാരൻ മൂസാക്ക അന്നത്തെ ദിവസത്തേക്കുള്ള  കാശാപ്പിനായി  രണ്ടു മൂന്നു പോത്തുകളെയും കൊണ്ടു അതു വഴി വന്നത്...ഞായർ ലീവ് ദിവസമായതിനാൽ  വീടിനു മുകളിലെ ടെറസിലിരുന്നു പതിവ് ചാറ്റിംഗിൽ മുഴുകിയിരുന്ന സഖാവ് ഈ കാഴ്ച  കണ്ടു  ആവേശത്തോടെ മൂസാക്കയേ വിളിച്ചു താഴോട്ട് വഴിയരികിലേക്ക് ഓടിച്ചെന്നു...  പോത്തുകളെ ഓമനത്തത്തോടെ തഴുകി... കാര്യം പിടി കിട്ടാതെ മൂക്കത്തു വിരൽ വെച്ചു നിന്ന മൂസ്സാക്കായോട് പോത്തുകളിൽ ഏറ്റവും പ്രായം കുറഞ്ഞതിനെ സഖാവ് വിലപറഞ്ഞുറപ്പിച്ചു....

 അരുമയോടെ വീടിനു മുൻവശത്തു തന്നെ സഖാവ് പോത്തിനെ കെട്ടിയിട്ടു... അതിനെ തഴുകുകയും തലോടുകയും ചെയ്തു.... ഇതൊക്കെ കണ്ട്  മകന്റെ ചെയ്തികളിൽ ഇനി വരാൻ പോകുന്ന ദുരന്തം എന്തെന്നറിയാതെ  കുമാരേട്ടൻ മുകളിലേക്കു നോക്കി കൈകൾ കൂപ്പി ആത്മാഗതം പോലെ എന്തോ പറഞ്ഞു...
കുമാരേട്ടന്റെ വീടിനു മുൻപിലുള്ള പുതിയ കാഴ്ച്ച  കണ്ട് നാട്ടുകാരും  മൂക്കത്തു വിരൽ  വെച്ചു... 

 ഇനി ഉണ്ടാവാൻ പോകുന്നതിനെ കുറിച്ച് എനിക്കു അറിയില്ല മൂസ്സാക്കയ്ക്കും അറിയില്ല.. കുമാരേട്ടനും കാര്ത്ത്യായനി ചേച്ചിക്കും അറിയില്ല... സഖാവിനു മാത്രമേ അറിയൂ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക