Image

ഗാന്ധി സ്റ്റഡിസര്‍ക്കിള്‍ അമേരിക്ക: എന്‍.കെ പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്തു

പി ഡി ജോര്‍ജ് നടവയല്‍ Published on 05 October, 2020
ഗാന്ധി സ്റ്റഡിസര്‍ക്കിള്‍ അമേരിക്ക: എന്‍.കെ പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്തു
ഫിലഡല്‍ഫിയ: ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ അമേരിക്ക എന്‍.കെ പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്തു. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ജോര്‍ജ് കള്ളിവയലില്‍ ലോഗോ പ്രകാശനം ചെയ്തു. ലെജിസ്ലേച്ചര്‍ ഡോ. ആനി പോള്‍ അദ്ധ്യക്ഷയായിരുന്നു.

അമേരിക്കന്‍ മലയാളി അംബ്രല്ലാ സംഘടനാ സാരഥികളായ അനിയന്‍ ജോര്‍ജ്, മാധവന്‍ നായര്‍, ജനനി മാസിക ചീഫ് എഡിറ്റര്‍ ജെ. മാത്യുസ്, നിരൂപകനും കവിയുമായ പ്രഫസര്‍ കോശി തലയ്ക്കല്‍, വിവിധ ഗ്രന്ഥങ്ങളുടെ രചയിതാവ് അശോകന്‍ വേങ്ങശ്ശേരി,  നാടക കലാകാരന്‍ ജോര്‍ജ് ഓലിക്കല്‍, ഫൊക്കാനാ മുന്‍ ജനറല്‍ സെക്രട്ടറി സുധാ കര്‍ത്താ, പ്രസ് ക്‌ളബ് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവേല്‍, ലീഡര്‍ ഫീലിപ്പോസ് ചെറിയാന്‍, ഓര്‍മാ മുന്‍ പ്രസിഡന്റ് ജോസ് ആറ്റുപുറം, സാമൂഹ്യ പ്രവര്‍ത്തകന്‍ സിബിച്ചന്‍ ചെമ്പ്‌ളായില്‍ എന്നിവര്‍ ആശംസകള്‍ പ്രസംഗിച്ചു.  ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ അഡ് ഹോക് ചെയര്‍മാന്‍ ജോര്‍ജ് നടവയല്‍ സ്വഗതവും റോഷന്‍ പ്‌ളാമൂട്ടില്‍ നന്ദിയും പ്രകാശിപ്പിച്ചു.

ഭാരതത്തെ വീണ്ടെടുക്കുവാനും ലോകത്തെ സമാധാനത്തിലേക്കു നയിക്കുവാനും ഗാന്ധിതത്വങ്ങള്‍ പ്രയോഗത്തിലാക്കുക എന്നത് മാത്രമേ മാര്‍ഗമായുള്ളൂ എന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എംപി പ്രസ്താവിച്ചു. മത നിരപേക്ഷ രാഷ്ട്രമെന്ന ഗാന്ധി സ്വപ്നം തകര്‍ക്കപ്പെടുന്ന ഇന്നത്തെ ദുരവസ്ഥയില്‍ ഗാന്ധി മൂല്യങ്ങളുടെ പ്രസക്തി വിവരണാതീതമാണ്. ഭാരതത്തില്‍ നടമാടുന്ന ജനവിരുദ്ധ-സ്ത്രീവിരുദ്ധ-ഗ്രാമീണ കര്‍ഷക വിരുദ്ധ ഭരണ നടപടികള്‍ക്കെതിരേ ഉയരുന്ന രോഷം വ്യക്തമാക്കുന്നത്,  ഗാന്ധി വിരുദ്ധത പുലര്‍ത്തുന്ന രാഷ്ട്രീയ കക്ഷികള്‍ക്കു പോലും ഗാന്ധി തത്വങ്ങളെ തമസ്കരിക്കുവാനാവുകയില്ല എന്നാണ്. അമേരിക്കയിലെ മലയാളികളും ഇന്ത്യക്കാരും ഗാന്ധി സ്റ്റഡിസര്‍ക്കിള്‍ അമേരിക്ക എന്ന സഹവര്‍ത്തിത്വ സംഘാടനം തേടുന്നത് മാര്‍ഗദീപമാകും.

അമേരിക്കന്‍ മലയാളികളുടെ ഗാന്ധി സ്റ്റഡി സര്‍ക്കിള്‍, ഇതുവരെയുള്ള അസോസിയേഷന്‍-ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തങ്ങളില്‍ നൂതനമായ കാഴ്ച്ചപ്പട് നിറയ്ക്കുവാന്‍ വഴിതെളിയ്ക്കുമെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ജോര്‍ജ് കള്ളിവയലില്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷനുകളുടെ സംഘടനാഭൂമികയായ അമേരിക്കന്‍ സാമൂഹ്യ വേദിയില്‍, "സ്റ്റഡി സര്‍ക്കിളിള്‍ ശൈലിയുടെ' നൂതന അദ്ധ്യായം കുറിക്കുകയാണ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തകര്‍. ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ അമേരിക്കയുടെ ലോഗോയില്‍ വ്യക്തമാക്കുന്ന മഹാത്മാക്കളുടെ ആദര്‍ശങ്ങളും ഗാന്ധി തത്ത്വങ്ങളും വരും തലമുറകളുടെ ശ്രദ്ധയില്‍ കെടാതെ നിറയ്ക്കുക എന്ന ദൗത്യം ഏറ്റെടുക്കുവാന്‍ കഴിയണണം.

എബ്രാഹം ലിങ്കന്റെയും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റേയും നാട്ടില്‍ മഹാത്മാഗാന്ധിയുടെ നാമഥേയത്തില്‍ സ്റ്റഡി സര്‍ക്കിള്‍ ഉണ്ടായിരിക്കുന്നത് പുതിയ ദിശാബോധത്തെയാണ് കുറിക്കുന്നതെന്ന് ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ സൂചിപ്പിച്ചു. ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ മറ്റ് അസോസിയേഷനുകളെ പോലെയുള്ള സംഘടനാ പ്രവര്‍ത്തനമല്ല,  മറിച്ച് കൂട്ടുപഠനത്തിലൂടെ ഗാന്ധി തത്വങ്ങളിലേക്കുള്ള കയ്യെത്തിപിടിക്കലാണ് ലക്ഷ്യമിടുന്നതെന്ന് മനസിലാക്കാന്‍ കഴിഞ്ഞൂ എന്ന് അനിയന്‍ ജോര്‍ജ് പറഞ്ഞു. ഗാന്ധിയുടെ നോണ്‍ വയലന്‍സ് എന്ന മാര്‍ഗം മനുഷ്യത്വത്തിന്റെ മകുടമാണെന്ന് മാധവന്‍ നായര്‍ പറഞ്ഞു. ഗാന്ധിയുടെ മാതൃക അല്പമെങ്കിലും അനുകരിക്കുവാന്‍ കഴിഞ്ഞാല്‍ തന്നെ ലോകത്തുള്ള കാലുഷ്യങ്ങള്‍ കുറയ്ക്കാനാവുമെന്ന് ജെ. മാത്യൂസ് പറഞ്ഞു. സ്വജീവിതത്തില്‍ പ്രയോഗിച്ച് വിജയിച്ച തത്വങ്ങള്‍ മാത്രമാണ് ഗാന്ധിമാര്‍ഗമായി അനുവര്‍ത്തിക്കുവാന്‍ മോഹന്‍ദാസ് മുന്നോട്ടു വച്ചിട്ടുള്ളൂ എന്നതാണ് ഗാന്ധ്ധിയെ മഹാത്മാവാക്കുന്നത്; പ്രഫസര്‍ കോശി തലയ്ക്കല്‍ ചൂണ്ടിക്കാണിച്ചു. ഡോ. അംബേദ്കറെപ്പോലുള്ളവര്‍ വിയോജിച്ച  മേഖലകളില്‍ പോലും സഹിഷ്ണുതയുടെ മാര്‍ഗംപുലര്‍ത്തി എന്നത് ഗാന്ധിയുടെ മഹാത്മാ പരിണാമത്തിന്റെ കനലായി പരിശോഭിക്കുന്നൂ എന്ന് അശോകന്‍ വേങ്ങശേരി നിരീക്ഷിച്ചു.

"മനുഷ്യത്വത്തിന്റെ മണിമുഴക്കം' എന്ന ലക്ഷ്യത്തോടെയാണ് ഗാന്ധി സ്റ്റഡിസര്‍ക്കിള്‍ അമേരിക്ക രൂപമാര്‍ജിച്ചിരിക്കുന്നത് എന്ന് ജോര്‍ജ് ഓലിക്കല്‍ നിരീക്ഷിച്ചു.മഹാത്മാഗാന്ധിയുടെ സത്യഗ്രഹ ആശയങ്ങള്‍ക്ക് മറ്റെന്നേക്കാളും പ്രസക്തിയുള്ള ഈ നൂറ്റാണ്ടില്‍, അമേരിക്കയിലെയും ഭാരതത്തിലെയും മഹാത്മാക്കളുടെ മഹദ്ദര്‍ശനങ്ങളെ കൂട്ടുചേര്‍ത്ത് ജീവിതപാഠമാക്കുന്നതിന്, ആധുനിക ആശയവിനിമയ മാധ്യമങ്ങളെ ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ അമേരിക്ക ഉപയുക്തമാക്കുമെന്ന് ഫിലിപ്പോസ് ചെറിയാന്‍ വ്യക്തമാക്കി.

ഗാന്ധി സ്റ്റഡിസര്‍ക്കിള്‍ അമേരിക്ക: എന്‍.കെ പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്തുഗാന്ധി സ്റ്റഡിസര്‍ക്കിള്‍ അമേരിക്ക: എന്‍.കെ പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക